തൃശൂര്‍: പെരുവനം മഹാദേവക്ഷേത്രത്തിലെ 41 ദിവസം നീണ്ടുനില്‍ക്കുന്ന അംഗുലീയാങ്കംമന്ത്രാങ്കം കൂത്ത് 21 വര്‍ഷത്തിന് ശേഷം പുനരാരംഭിക്കുന്നു.കേരളത്തില്‍ തളിപറമ്പ്, അവിട്ടത്തൂര്‍, അന്നമനട എന്നീ ക്ഷേത്രങ്ങളില്‍ മാത്രമായിരുന്നു മന്ത്രാങ്കം കൂത്ത് നടന്നിരുന്നത്.
ഇപ്പോള്‍ കേരളത്തില്‍ ഒരിടത്തും ഇത് നിലവിലില്ലെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പണ്ടുകാലത്ത് പെരുവനം ക്ഷേത്രത്തില്‍ മന്ത്രാങ്കം കൂത്ത് നടന്നുവന്നുവെങ്കിലും ഇടക്ക് നിലച്ചു. പിന്നീട് പുനരാരംഭിച്ചെങ്കിലും മൂന്ന് വര്‍ഷം മാത്രമേ നീണ്ടുള്ളൂ. അന്യം നിന്നുപോകുന്ന അത്യപൂര്‍വ്വമായ ഈ സംസ്കൃത നാടകത്തിന്റെ അവതരണം പൂര്‍ണരൂപത്തില്‍ ജൂലൈ ആറ് മുതലാണ് പെരുവനം ക്ഷേത്രത്തില്‍ ആരംഭിക്കുന്നത്.
തിരുവനന്തപുരത്തെ കൂടിയാട്ട കലാകേന്ദ്രമാണ് ചിലവ് വഹിക്കുന്നത്. കലാമണ്ഡലം രാമചാക്യാരുടെ നേതൃത്വത്തില്‍ ക്ഷേത്രത്തില്‍ കൂത്ത് പറയാന്‍ പാരമ്പര്യ അവകാശമുള്ള കുട്ടഞ്ചേരി ചാക്യാര്‍ കുടുംബത്തിലെ അംഗം കലാമണ്ഡലം സംഗീതുമാണ് കൂത്ത് അവതരിപ്പിക്കുന്നത്. കൂത്ത് ആഗസ്ത് 17 വരെ നീണ്ടുനില്‍ക്കും. ആറിന് രാവിലെ ഏഴിന് അംഗുലീയാങ്കം കൂത്ത് പുറപ്പാട് നടക്കും.
പത്ത് ദിവസമാണ് അംഗുലിയാങ്കം അവതരിപ്പിക്കുന്നത്. തുടര്‍ന്ന് കര്‍ക്കടകം ഒന്നിന് സംക്രമ സമയത്ത് മന്ത്രാങ്കം കൂത്ത് പുറപ്പാട് നടത്തി ചിങ്ങം ഒന്നിന് വലിയ കൂടിയാട്ടത്തോടെ അവസാനിക്കും. ജൂലൈ 16 ന് സംക്രമസമയം രാവിലെ പത്തരക്ക് മഹാകവി ഭാസന്റെ പ്രതിജ്ഞായൗഗന്ധരായണം സംസ്കൃത നാടകത്തിന്റെ മൂന്നാമങ്കത്തിന്റെ അവതരണവുമായാണ് മന്ത്രാങ്കം കൂത്ത് ആരംഭിക്കും.
സംഘാടകരായ പെരുവനം കുട്ടന്മാരാര് ,എം.എന്‍. ജയകുമാര്‍, വി. അച്ചുതന്‍കുട്ടി, കെ. അരവിന്ദാക്ഷന്, പി.എന്‍. ഗണേഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: