പനമരം : കാലവര്‍ഷം കനത്തതോടെ ജില്ലയിലെ പുഴകളും തോടുകളും ഡാമുകളും കേന്ദ്രീകരിച്ച് മീന്‍പിടുത്തവും സജീവമായി. തദ്ദേശീയമായി നിര്‍മ്മിക്കുന്ന വീശുവല, കുത്തുവല, തണ്ടാടി, തെരിവല, കൂട, എന്നിവയാണ് കൂടുതല്‍ ഉപയോഗിക്കുന്നത്. കുറേയേറെ ആള്‍ക്കാരുടെ വരുമാനമാര്‍ഗ്ഗം കൂടിയാണിത്.
നൂറ്റാണ്ടുകള്‍ക്ക്മുന്‍പേ വയനാട് ശുദ്ധജല മത്സ്യങ്ങളാല്‍ സമൃദ്ധമായിരുന്നു. വാള, ആരല്‍, കല്ലേ മുട്ടി, ചക്ക മുള്ളന്‍, മുഷി, കുറുവപരല്, മത്തിപരല്‍, ചേറുമീന്‍, തോടന്, കുരല്, മ്ലാവല്, ചെത്തിള്, കൊഴുവ, കടു, കൈച്ചില്‍, പുല്ല്വാള, നെറ്റിപ്പൊട്ടന്‍, തോട്ടുമുള്ളന്, തോട്ടുകൊഞ്ച്, വിവിധ തരം പര ളുകള്‍ തുടങ്ങിയ അനേകം തദ്ദേശ ശുദ്ധജല മത്സ്യങ്ങളുടെ അക്ഷയഖനിയായിരുന്നു വയനാട്. എന്നാല്‍ രാസകീടനാശിനികളുടെ അമിതോപയോഗം മൂലം ഇതില്‍ കുറേയേറെ ഇനങ്ങള്‍ വംശനാശം വന്നിരിക്കുന്നു .ഒരു കാലത്ത് വയനാട്ടില്‍ സമൃദ്ധമായി കാണപ്പെട്ടിരുന്ന വാള വയനാടന്‍ ജലാശയങ്ങളില്‍ കാണാനില്ല. ഉള്‍നാടന്‍ മത്സ്യസമ്പത്ത് കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ നാല്‍പ്പത് ശതമാനം കുറഞ്ഞതായാണ് കണക്കാക്കുന്നത്. വയനാട്ടില്‍ വാഴ, തേയില തുടങ്ങിയ കൃഷികളിലാണ് ഏറ്റവും കൂടുതല്‍ രാസ കിടനാശിനികള്‍ ഉപയോഗിക്കുന്നത്. മഴ പെയ്യുന്നതോടെ ഇത് ജലാശയങ്ങളില്‍ കലരുകയും മത്സ്യങ്ങളും ഞണ്ടുകളുമടക്കം സൂക്ഷ്മജീവികളുടെ പ്രജനനത്തെയും നിലനില്‍പ്പിനെതന്നെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. അനിയന്ത്രിതമായ മണല്‍ വാരലാണ് മറ്റൊരു ഭീഷണി. മിക്ക മത്സ്യങ്ങളും പുഴയുടെ അടിത്തട്ടിലാണ് മുട്ടയിടുക. എന്നാല്‍ അനിയന്ത്രിതമായി മണല്‍ വാരിയപ്പോള്‍ ജലാശയങ്ങളുടെ അടിതട്ടുകള്‍ ചളി പുതഞ്ഞു. ഇവിടങ്ങളില്‍ നിക്ഷേപിക്കപ്പെടുന്ന മുട്ടകളില്‍ നല്ലൊരു ശതമാനവും നശിച്ചുപോവുകയാണ്. മുന്‍ കാലങ്ങളില്‍ നെല്‍പ്പാടങ്ങള്‍ക്ക് സമീപമുണ്ടായിരുന്ന ചെറുതോടുകളിലും നീര്‍ചാലുകളിലും വര്‍ഷം മുഴുവന്‍ ജലസാനിധ്യമുണ്ടായിരുന്നു. ഇതില്‍ ചെറുമത്സ്യങ്ങള്‍ നീന്തിത്തുടിക്കുന്നത് കാണാമായിരുന്നു. ഇതിനെ ആശ്രയിച്ച് പല ജനുസില്‍പെട്ട പക്ഷി വര്‍ഗ്ഗങ്ങളും സജീവമായിരുന്നു. ഇവക്ക് ആവാസവ്യവസ്ഥ ഒരുക്കി മുളം കൂട്ടങ്ങളും കൈതക്കാടുകളും, ഞാറ പൊന്തകളുമുണ്ടായിരുന്നു. എന്നാല്‍ പുരോഗതിയെന്നത് വെട്ടിത്തെളിക്കലാണ് എന്ന് ധരിച്ചുവച്ച ഒരുകൂട്ടം മനുഷ്യര്‍ക്ക് മുന്പില് എല്ലാം തിരിച്ചുപിടിക്കാന്‍ പറ്റാത്ത വിധം നഷ്ടപ്പെട്ടു. ഇപ്പോള്‍ വയനാടന്‍ ജലാശയങ്ങളെ കീഴടക്കിയിരിക്കുന്നത് വളര്‍ത്ത് മത്സ്യങ്ങളാണ്. റോഗ്, കട്ട്ല, മൃഗാല്‍, ആസ്സാം വാള, തിലോപ്പി തുടങ്ങി ശുദ്ധജല ജീവികള്‍ക്ക് വന്‍ ഭീഷണിയായി മാറിയ ആഫ്രിക്കന്‍ മുഷു തുടങ്ങിയ മത്സ്യങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: