പത്തനാപുരം: നഴ്‌സിംഗ് വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ മാനേജ്‌മെന്റ് പുറത്താക്കിയ അധ്യാപകരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തു വന്നു. അടൂര്‍ ചായലോട് മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളേജിലെ മൂന്നാം വര്‍ഷ ഴ്‌സിംഗ് വിദ്യാര്‍ത്ഥിനികളാണ് കോളേജിനു മുന്നില്‍ ഉപരോധം സംഘടിപ്പിച്ചത്. പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെല്ലാം തന്നെ ആത്മഹത്യയ്‌ക്ക് ശ്രമിച്ച പട്ടാഴി ചെളിക്കുഴി സ്വദേശി സുപ്രിയ സുശീലന്റെ സഹപാഠികളാണ്. അധ്യാപകരായ രാജി, ശാലിനി, സീതാലക്ഷ്മി എന്നിവരെയാണ് കോളേജ് മാനേജ്‌മെന്റ് അന്വേഷണം നടത്താതെ സസ്‌പെന്റ് ചെയ്തത്. കഴിഞ്ഞ ഞായറയാഴ്ചയാണ് മൂന്നാംവര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയായ പട്ടാഴി ചെളിക്കുഴി നാരായണ വിലാസത്തില്‍ സുപ്രിയ (18) ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. അധ്യാപകരുടെ മാനസിക പീഡനത്തില്‍ മനംനൊന്താണ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചതെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്. എന്നാല്‍ സംഭവത്തില്‍ ഒരു അന്വേഷണവും നടത്താതെ അധ്യാപകര്‍ക്കെതിരെ മാനേജ്‌മെന്റ് നടപടിയെടുക്കുകയായിരുന്നു. സംഭവത്തില്‍ തങ്ങള്‍ നിരപരാധികളാണന്നും പഠനത്തില്‍ എല്ലാ വിദ്യാര്‍ത്ഥികളെയും ശ്വാസിക്കാറുളളതു പോലെ മാത്രമേ ഈ കുട്ടിയോടും പറഞ്ഞിട്ടുളളൂ എന്നും ആത്മഹത്യയ്‌ക്ക് ശ്രമിക്കാനുളള കാരണം എന്താണന്ന് മനസിലാകുന്നില്ലന്നും അധ്യാപകര്‍ കഴിഞ്ഞ ദിവസം ജന്മഭൂമിയോട് പറഞ്ഞിരുന്നു. കേസ് അന്വേഷിക്കുന്ന പത്തനാപുരം എസ്‌ഐ രാഹുല്‍ രവീന്ദ്രന്റെ നേതൃത്വത്തിലുളള പോലീസ് സംഘം കോളേജിലെത്തി വിവരങ്ങള്‍ ശേഖരിച്ചു.
















