കുന്നത്തൂര്‍: വീണ്ടും പ്രഹസന്നപരിപാടിയുമായി സിപിഎം രംഗത്ത് എത്തിയതില്‍ ശാസ്താംകോട്ടയില്‍ വിമര്‍ശനമുയരുന്നു. ശാസ്താംകോട്ട തടാകസംരക്ഷണത്തിന്റെ പേരില്‍ സിപിഎം രംഗത്ത് എത്തിയിരിക്കുന്നത് ചര്‍ച്ചയ്‌ക്ക് കാരണമായിരിക്കുകയാണ്.
സിപിഎം കുന്നത്തൂര്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തടാകത്തെ ഹരിതമാക്കുമെന്ന പ്രഖ്യാപനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. പ്രഖ്യാപനം സിപിഎം തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെയായതാണ് ഇപ്പോള്‍ നാട്ടുകാരില്‍ പുതുമ ഒന്നും ഉണ്ടാക്കാത്തത്. ഇന്ന് നട്ട മരം നാളെ ഉണ്ടാകുമോ എന്ന് പോലും തിരക്കാത്തവരാണ് തടാക സംരക്ഷണത്തിന് ഇറങ്ങിയിരിക്കുന്നതെന്ന ആരോപണവും കവലകളില്‍ ശക്തമാണ്.
അഞ്ചുവര്‍ഷം തുടര്‍ച്ചയായി നീണ്ട് നില്‍ക്കുന്ന സൗഹൃദപരിപാടി എന്ന നിലയ്‌ക്കാണ് കഴിഞ്ഞവര്‍ഷം സിപിഎം പരിപാടി ആരംഭിച്ചത്. സിപിഎം ബാനറില്‍ തടാകസംരക്ഷണത്തില്‍ രാഷ്‌ട്രീയം കലര്‍ത്തിയതോടെ സംരക്ഷണ സമരങ്ങളുടെ മുനയൊടിഞ്ഞു. അതുമൂലം ഇത്തവണ വേനല്‍ക്കാലത്ത് തടാകസംരക്ഷണത്തിനായി ഒറ്റപ്പെട്ട ശബ്ദങ്ങള്‍ മാത്രമാണ് ഉയര്‍ന്നുകേട്ടത്. സിപിഎമ്മിന്റെ തടാകസമിതിയുടെ നേതൃത്വത്തില്‍ തടാകതീരത്ത് വൃക്ഷങ്ങള്‍ നടാനുള്ള പരിപാടി സംഘടിപ്പിച്ച് സുഗതകുമാരിയെ ക്ഷണിച്ചെങ്കിലും അവര്‍ എത്തിയില്ല. കഴിഞ്ഞ തവണ തീരമിടിച്ച് വൃക്ഷതൈകള്‍ നട്ടത്ത് വിവാദമായിരുന്നു. അന്ന് മരം നട്ടിട്ട് പോയവര്‍ പിന്നീട് ആ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കിയില്ല. പരിപാലനമില്ലായ്‌മ മൂലം അന്നു നട്ട മരങ്ങള്‍ മുഴുവന്‍ നശിച്ച് പോയിരുന്നു. ഇപ്പോള്‍ വീണ്ടും പ്രഹസന്നവുമായി അവര്‍ രംഗത്ത് ഇറങ്ങിയിരിക്കുകയാണ്.
ശാസ്താംകോട്ട ഫില്‍ടര്‍ ഹൗസിന് സമീപമാണ് ഇന്നലെ സിപിഎം മരം നടീല്‍ യജ്ഞം സംഘടിപ്പിച്ചിരുന്നത്. പരിസ്ഥിതി സ്‌നേഹികള്‍ ഒന്നും പങ്കെടുക്കാതിരുന്നതിനാല്‍ ഏരിയാ സെക്രട്ടറി തന്നെ ഉദ്ഘാടകനായി. പ്രഹസമമെന്ന് മനസിലാക്കിയ സിപിഎം പ്രവര്‍ത്തകരും പരിപാടിയോട് അകലം പാലിച്ചു. കൂലിക്ക് ആളിനെ വച്ച് മരംനടീല്‍ പരിപാടിയാണ് ഇവിടെ നടന്നത്. ഒറ്റ ദിവസം കൊണ്ട തീരുന്ന സിപിഎമ്മിന്റെ തടാകസംരക്ഷണം എന്ന തട്ടിപ്പ് പദ്ധതി തികഞ്ഞ അവജ്ഞയോടെയാണ് പൊതുജനം കണ്ടത്.
















