വാളയാര്‍: സംസ്ഥാനത്തേക്ക് ഏറ്റവുമധികം കള്ളക്കടത്തും ലഹരികടത്തും നടന്നത് അഴിമതി രഹിത വാളയാര്‍ വഴിയാണ്. കഴിഞ്ഞ വര്‍ഷം പിടികൂടിയതിന്റെ ഇരട്ടിയിലധികം ഉരുപ്പടികളും പണവുമാണ് വാളയാര്‍ അതിര്‍ത്തി വഴി സംസ്ഥാനത്തിന്റെ മറ്റ് ജില്ലകളിലേക്കെത്തിയിട്ടുള്ളത്.
2015ല്‍ 15 കിലോ സ്വര്‍ണ്ണമാണ് കള്ളക്കടത്തായി പിടികൂടിയതെങ്കില്‍ ഈ വര്‍ഷം 24.5 കിലോ സ്വര്‍ണ്ണമാണ് പിടി കൂടിയത്. ഇതില്‍ രണ്ടു കോടി വില വരുന്ന 3.5കിലോ വജ്രം പതിപ്പിച്ച സ്വര്‍ണ്ണാഭരണവും ഉള്‍പ്പെടും. സംസ്ഥാനത്തുതന്നെ ആദ്യമായാണ് വജ്രം പതിച്ച സ്വര്ണ്ണാഭരണക്കടത്ത് പിടികൂടുന്നത്. കഴിഞ്ഞ വര്‍ഷം 70 കിലോ വെള്ളി പിടികൂടിയപ്പോള്‍ ഈ വര്‍ഷം ഇതുവരെ 142കിലോ വെള്ളിയാണ് പിടികൂടിയിട്ടുള്ളത്.
സംസ്ഥാനത്തേക്കുള്ള കള്ളക്കടത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുന്ന സ്വര്‍ണ്ണത്തിനും വെള്ളിക്കും പുറമെ അടുത്ത കാലത്തായി കുഴല്‍പ്പണക്കടത്തും സജീവമായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം 75ലക്ഷം രൂപയാണ് അതിര്‍ത്തി കടന്നെത്തിയതെന്നിരിക്കെ ഈ വര്‍ഷം ഇതുവരെ രണ്ട് കോടി 45ലക്ഷം രൂപയാണ് മതിയായ രേഖകളില്ലാതെ പിടികൂടിയിട്ടുള്ളത്.
ആഡംബരവാഹനങ്ങളിലും അന്തര്‍ സംസ്ഥാന പെര്‍മിറ്റുള്ള സ്വകാര്യ ബസ്സുകളിലുമായാണ് സംസ്ഥാനത്ത് ഇത്തരത്തില്‍ സ്വര്‍ണ-കുഴല്പ്പണക്കടത്തുകള് നടക്കുന്നത്. സര്‍ക്കാരിന് നല്‍കേണ്ട നികുതിവെട്ടിപ്പു ലക്ഷ്യമിട്ടുള്ള ഇത്തരം കള്ളക്കടത്ത് തുടരുന്നത് മിക്ക ചെക്പോസ്റ്റുകളിലും മതിയായ പരിശോധനാ സംവിധാനങ്ങളില്ലാത്തതുകൊണ്ടാണ്. ഇതിനെല്ലാം പുറമെ കഞ്ചാവ് കടത്തിലും വന്‍ വര്ദ്ദനവാണുണ്ടായിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം 80കിലോ കഞ്ചാവ് പിടികൂടിയപ്പോള്‍ ഈ വര്‍ഷം ഇതുവരെ 165കിലോ കഞ്ചാവാണ് പിടികൂടിയത്.
സ്പിരിറ്റും,സ്വര്‍ണ്ണവും പണവും കഞ്ചാവുംമാത്രമല്ല അന്താരാഷ്ട്ര വിപണിയില്‍ കോടിക്കണക്കിന് രൂപവിലമതിക്കുന്ന ഹാഷിഷും സംസ്ഥാനത്തേക്കൊഴുകുന്നുണ്ട്. ഈ വര്‍ഷം മാത്രം 27.5കിലോ ഹാഷിഷാണ് പിടികൂടിയത്. കഴിഞ്ഞ ഫെബ്രുവരിയില്‍ കൊച്ചിയില്‍ 6.5കിലോയും ഏപ്രിലില്‍ കുമളിയില്‍ 11കിലോയും കഴിഞ്ഞ ദിവസം അടിമാലിയില്‍ 11 കിലോ ഹാഷിഷുമാണ് പിടിച്ചത്. മൂന്നു കേസുകളിലായി ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
സംസ്ഥാനത്ത് വില്പന നിരോധിച്ച രണ്ടേകാല്‍ ലക്ഷം പാക്കറ്റ് നിരോധിതപുകയിലയുല്പന്നങ്ങളും ട്രെയിനിലും ബസ്സുകളിലുമായി പിടികൂടിയിട്ടുണ്ട്. സംസ്ഥാനത്ത് നാമമാത്രമായ പരിശോധനയില്‍ മാത്രമാണ് ഇത്രയും കള്ളക്കടത്ത് പിടികൂടിയിരിക്കുന്നത്. വകുപ്പുകളില്‍ ഉദ്യോഗസ്ഥരുടെ അഭാവവും പരിശോധനാ സംവിധാനങ്ങളുടെ പോരായ്മയും സംസ്ഥാനത്തെ കള്ളക്കടത്തു വര്‍ദ്ധിക്കാന്‍ ഇടയാക്കി. സംസ്ഥാനത്തെ എക്സൈസ് വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ പേരായ്മകളും ചെക്പോസ്റ്റുകളിലെ പരിശോധനാ സംവിധാനങ്ങളുടെ അഭാവമാണ് സംസ്ഥാനത്തേക്കുള്ള സ്വര്‍ണ്ണം ഉള്‍പ്പെടെയുള്ള കള്ളക്കടത്തിന്റെയും സ്പിരിറ്റൊഴുക്കിന്റെയും കാരണം.
മഞ്ചേശ്വരം,മുത്തങ്ങ,അമരവിള,വാളയാര്‍ എന്നീ സംസ്ഥാനത്തെ പ്രധാന ചെക്പോസ്റ്റുകളില്‍ സ്കാനര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ നടപ്പിലാക്കാന്‍ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ചെക്പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കിയതോടെ സംസ്ഥാനത്തേക്കുള്ള സ്പിരിറ്റ് ഉള്‍പ്പെടെയുള്ള കള്ളക്കടത്തുകള്‍ക്ക് പിടിവീഴുമെന്ന ഭീതിയിലാണ് കള്ളക്കടത്ത് മാഫിയകളും വകുപ്പ് ഉദ്യോഗസ്ഥരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: