തൃശൂര്‍: ഇടതു മുന്നണി നേതൃത്വം നല്കുന്ന തൃശൂര്‍ കോര്‍പ്പറേഷനില്‍ വൈഫൈക്ക് റിലയന്‍സിനെ കൂട്ടുപിടിച്ചതില്‍ അഴിമതിയുണ്ടെന്ന് പ്രതിപക്ഷാരോപണം. ബിഎസ്എന്‍എല്ലിനെ ഒഴിവാക്കി റിലയന്‍സുമായി കരാറുണ്ടാക്കിയത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. ഇതില്‍ അഴിമതിയുണ്ടെന്ന് അവര്‍ ആരോപിച്ചു. അഴിമതിയുണ്ടെന്ന ആരോപണത്തിന് പിന്തുണയുമായി ഭരണകക്ഷിയിലെ ഒരംഗംതന്നെ എത്തിയതാണ് അവരെ ഇപ്പോള്‍ വെട്ടിലാക്കിയിരിക്കുന്നത്. വൈഫൈ ഉദ്ഘാടന ചടങ്ങിനുള്ള നോട്ടീസില്‍ ബിഎസ്എന്‍എല്‍ പ്രതിനിധിയുടെ പേര് വെക്കാതെ ജനങ്ങളെ കബളിപ്പിക്കുകയാണുണ്ടായതെന്ന് മുന്‍ മേയര്‍ രാജന് ജെ പല്ലന് കുറ്റപ്പെടുത്തി. ഇടതുപക്ഷത്തിന്റെ നയങ്ങള്‍ക്കെതിരായാണ് റിലയന്‍സിനെ കൊണ്ടുവന്നിരിക്കുന്നത്. കുത്തകക്കാര്‍ക്ക് ചുവപ്പ് പരവതാനി വിരിച്ചിരിക്കുകയാണ് സിപിഎം നേതൃത്വം നല്കുന്ന കൗണ്‍സില്‍ നല്‍കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ ഭരണകക്ഷിയില്‍ തന്നെ ഏകാഭിപ്രായമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. സിപിഐ അംഗങ്ങളും തീരുമാനത്തില്‍ വിയോജിച്ചിരുന്നുവെന്നാണ് ചര്‍ച്ചക്കിടയില്‍ ചില അംഗങ്ങള്‍ സൂചിപ്പിച്ചത്. മേയറെ മുന്‍നിര്‍ത്തി മറ്റുചിലര്‍ പിന്‍സീറ്റ് ഡ്രൈവിങ്ങ് നടത്തുകയാണെന്നാണ് ആരോപണം. ബിഎസ്എന്‍എല്ലിന് വൈദ്യുതി നിരക്ക് നല്‍കേണ്ടിവരുമെന്ന് ചൂണ്ടിക്കാട്ടിയാണത്രെ അവരെ ഒഴിവാക്കിയത്. എന്നാല്‍ ഇത് ജനങ്ങളെ കബളിപ്പിക്കുകയാണ്. ഡെപ്യൂട്ടിമേയറാണ് ബിഎസ്എന്‍എല്ലിനെ ഒഴിവാക്കി റിലയന്‍സിനെ കൂട്ടുപിടിച്ചതെന്നും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ നഗരാസൂത്രണസമിതി അറിയാതെ ഡെപ്യൂട്ടിമേയര്‍ ഫയല്‍ വിളിച്ചുവരുത്തുകയാണുണ്ടായതത്രെ. ഒരുഭാഗത്ത് വിദേശകുത്തകകളെ കുറ്റപ്പെടുത്തുകയും മറുഭാഗത്ത് അവരെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയാണ് കോര്‍പ്പറേഷനില്‍ ചെയ്യുന്നത്.പൊതുമേഖലാസ്ഥാപനമായ ബിഎസ്എന്‍എല്ലിനെ സഹായിക്കാതെ റിലയന്‍സിനെ ക്ഷണിച്ചത് അഴിമതിക്ക് ഇടയാക്കിയിരിക്കുകയാണ്. ഇതിനെല്ലാമുപരി ഭരണകക്ഷി അംഗം തന്നെ പ്രതിപക്ഷത്തെ പിന്തുണച്ചതാണ് അവരെ അലോസരപ്പെടുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: