കുമരകം: സിപിഎം പ്രവര്‍ത്തകരുടെ അപവാദ പ്രചരണത്തില്‍ മനംനൊന്ത് വീട്ടമ്മ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. കുമരകം വേരണംവാക്കല്‍ സന്തോഷിന്റെ ഭാര്യ കുമരകം ഗ്രാമപഞ്ചായത്ത് പടിക്കല്‍ ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്നലെ രാവിലെ 11മണിയോടെ ഭര്‍ത്താവുമൊത്ത് പഞ്ചായത്തിലെത്തിയ വീട്ടമ്മ പഞ്ചായത്തു പ്രസിഡന്റിനെക്കണ്ട് സംസാരിച്ചതിന് ശേഷം ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്‌ക്ക് ശ്രമിക്കുകയായിരുന്നു.
തന്നെയും നാട്ടിലെ മറ്റൊരു യുവാവിനെയും ചേര്‍ത്ത് സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ അഭിലാഷ്, മാത്യു, ഷാലു, അമ്പിളി എന്നിവര്‍ ചേര്‍ന്ന് നോട്ടീസ് അച്ചടിച്ച് അപവാദപ്രചരണം നടത്തിയിരുന്നു. ഇതേക്കുറിച്ച് കുമരകം പോലീസില്‍ പരാതിപ്പെടുകയും പോലീസ് പ്രതികളെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രതികള്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുന്നു എന്ന പരാതിയാണ് വീട്ടമ്മ പഞ്ചായത്തിലെത്തി പ്രസിഡന്‍രിനെ ധരിപ്പിച്ചത്. പഞ്ചായത്തു പ്രസിഡന്റിന്റെ ഭാഗത്തുനിന്ന് നിഷേധാത്മകമായ നിലപാടാണ് ഉണ്ടായത്.
ഇതിനെത്തുടര്‍ന്ന് വീട്ടമ്മ പഞ്ചായത്ത് ഓഫീസില്‍നിന്നും ഇറങ്ങി പടിക്കലെത്തി മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്താന്‍ ശ്രമിക്കുകയായിരുന്നു. ഇതുകണ്ട പ്രസിഡന്റ് തന്നെ ഓടിയെത്തി തീകെടുത്തുകയും ചെയ്തു. ഉടന്‍തന്നെ പോലീസെത്തി വീട്ടമ്മയെ സ്‌റ്റേഷനിലെത്തിക്കുകയും അവിടെനിന്ന് കുമരകം സാമൂഹ്യ ആരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
















