കൊല്ലം: കല്യാണപാര്‍ട്ടികള്‍ക്ക് കര്‍ശന നിബന്ധനകള്‍ ഏര്‍പ്പെടുത്തി ആഡിറ്റോറിയ ഉടമകള്‍ രംഗത്ത്. സാധാരണക്കാരനെ വലയ്‌ക്കുന്ന നിബന്ധകളാണ് പുറത്തിറക്കിയിരിക്കുന്നത്.
വീഡിയോഗ്രാഫിക്കും ഫോട്ടോഗ്രാഫിക്കും ഇനി വൈദ്യുതി നല്‍കില്ല. അനിയന്ത്രിതമായ അളവില്‍ വൈദ്യുതിയെടുത്തത് കാരണം കുണ്ടറയിലെ ഒരു ആഡിറ്റോറിയത്തിലെ വയറിംഗ് മുഴുവന്‍ അടിച്ചുപോയ പശ്ചാത്തലത്തിലാണ് ഈ നിര്‍ദേശമെന്ന് ഓഡിറ്റോറിയം ഉടമകള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
കാറ്ററിംഗ്, സ്റ്റേജ് ഡെക്കറേഷന്‍, അഡീഷണല്‍ പന്തല്‍, ടേബിള്‍ സെറ്റിംഗ്, ഇലുമിനേഷന്‍ എന്നിവയ്‌ക്ക് നിശ്ചിതഫീസ് ഈടാക്കും. ആഡിറ്റോറിയം വാടക കല്യാണ തലേദിവസം അടയ്‌ക്കണം. ബുക്കിംഗ് റദ്ദാക്കിയാല്‍ അഡ്വാന്‍സ് തുക തിരികെ നല്‍കില്ല. ആഡിറ്റോറിയത്തില്‍ ഭക്ഷണം ഉണ്ടാക്കുന്നവര്‍ക്കും വിളമ്പുന്നവര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് ഉണ്ടായിരിക്കണം. പാചകത്തിന് ഉപയോഗിക്കുന്ന പാത്രങ്ങളും മറ്റും എണ്ണി തിട്ടപ്പെടുത്തി എടുക്കേണ്ടതും ഉപയോഗിച്ച ശേഷം എണ്ണി തിട്ടപ്പെടുത്തി തിരിച്ചേല്‍പ്പിക്കേണ്ടതുമാണ്. ഗ്യാസ് ഉപയോഗിക്കുന്നവര്‍ കൊമേഴ്‌സ്യല്‍ ഗ്യാസ് മാത്രമേ ഉപയോഗിക്കുവാന്‍ പാടുള്ളു. ജനറേറ്റിന്റെ അധിക ഉപയോഗത്തിന് ഇന്ധന ചാര്‍ജ്ജ് ഈടാക്കും. ഈ നിബന്ധകളെല്ലാം അംഗീകരിക്കുന്നുവെന്ന സാക്ഷ്യപത്രം ഒപ്പിട്ട് നല്‍കിയാല്‍ മാത്രമേ ഇനി കല്യാണആവശ്യത്തിന് ആഡിറ്റോറിയങ്ങള്‍ വിട്ടു നല്‍കുകയുള്ളു. മാലിന്യനിര്‍മാര്‍ജനം ഓഡിറ്റോറിയം ഉടമകള്‍ക്ക് സ്വന്തം നിലയില്‍ കൊണ്ടുപോകാനാവാത്ത സ്ഥിതിയാണെന്നും തദ്ദേശസ്ഥാപനങ്ങള്‍ ഇതിന് പരിഹാരം ഉണ്ടാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ജില്ലാ ഭാരവാഹികളായ വൈ.തോമസ്, ബി.വിജയന്‍പിള്ള, എം. അബുബേക്കര്‍, വി.എന്‍.ഹരിദാസ്, ജലാലുദ്ദീന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
















