ഒറ്റപ്പാലം: രാജ്യത്തെ പ്രഥമ പ്രതിരോധ പാര്‍ക്കിന്റെ നിര്‍മാണത്തിനും ടെക്സ്റ്റയില്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനത്തിനും ഒറ്റപ്പാലം കിന്‍ഫ്ര പാര്‍ക്കില്‍ നടപടി ആരംഭിച്ചു. 60 ഏക്കര്‍ സ്ഥലമാണ് കിന്‍ഫ്ര പാര്‍ക്ക് പ്രദേശത്ത് പ്രതിരോധ പാര്ക്കിന് നീക്കിവച്ചിട്ടുള്ളത്. പ്രതിരോധ ആവശ്യങ്ങള്‍ക്കുള്ള ലാബ്, പാരച്യൂട്ട്, റഡാര്‍, ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍, യൂണിഫോം തുടങ്ങിയവയുടെ നിര്‍മാണ യൂണിറ്റുകളാണ് ഈ പാര്‍ക്കിലുണ്ടാവുക.
കിന്‍ഫ്രക്കാണ് നിര്‍മാണച്ചുമതല. ഇതിന്റെ പ്ളാനും എസ്റ്റിമേറ്റും രൂപരേഖയും തയ്യാറാക്കാന്‍ ചുമതലപ്പെട്ട പ്രോജക്ട് മാനേജ്മെന്റ് കണ്‍സള്‍ട്ടന്റ് നിയമനത്തിന്റെ നടപടി പുരോഗമിക്കുകയാണ്. അടിസ്ഥാന സൗകര്യങ്ങളായി ലാബ്,പെയിന്റ് ബൂത്ത്,ക്യാന്റീന്, ജിം, രണ്ടേമുക്കാല്‍ ലക്ഷം ചതുരശ്രയടി വിസ്തൃതിയില്‍ മൂന്ന് കെട്ടിടങ്ങള്‍ അടങ്ങിയ സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി എന്നിവ വ്യവസായ വകുപ്പിന് കീഴില്‍ കിന്‍ഫ്ര നിര്‍മിച്ച് നല്‍കും.
കണ്‍സള്‍ട്ടന്റ് മാസ്റ്റര്‍ പ്ളാന്‍ മൂന്നുമാസത്തിനകം തയ്യാറാക്കി സമര്‍പ്പിക്കും. ഇതോടെ പണി ടെണ്ടര്‍ ചെയ്യും. ഇതിന് പുറമെ വളപ്പില്‍ ഒരു ലക്ഷം ചതുരശ്രയടിയില്‍ നിര്‍മിച്ചിരുന്ന സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി കെട്ടിടത്തില്‍ ആരംഭിക്കുന്ന ടെക്സ്റ്റയില്‍ പാര്‍ക്കിലേക്ക് തൊഴിലാളികളെ നിയമിക്കാനുള്ള ഇന്റര്‍വ്യു പൂര്‍ത്തിയായി. 2,500 ഓളം വനിതകള്‍ ഇതില്‍ പങ്കെടുത്തു. ആകെ 1500 പേര്‍ക്കാണ് നിയമനം. ഇവരെ വിവിധ ഘട്ടങ്ങളായാവും നിയമിക്കുക. ഒന്നര വര്‍ഷം കൊണ്ട് ഇത് പൂര്‍ത്തിയാക്കും. സ്വകാര്യ സംരംഭകരായ ബ്ളിസ്ഫുള് അപ്പാരല്‍സാണ് വിദേശങ്ങളിലേക്ക് റെഡിമെയ്ഡ് തുണിത്തരങ്ങള്‍ ഇവിടെനിന്ന് കയറ്റുമതി ചെയ്യുക. ഇനി തൊഴിലാളികളുടെ ആദ്യ ബാച്ചിന് രണ്ടാഴ്ചത്തെ പരിശീലനം നല്‍കും.
കിന്‍ഫ്ര പാര്‍ക്കില്‍ പൊതുവ്യവസായങ്ങള്ക്കുള്ള പത്തേക്കറില്‍ ഭൂമി അനുവദിക്കുന്ന നടപടിയും തുടരുന്നു. ഒറ്റപ്പാലം നഗരസഭയിലും ലക്കിടി പേരൂര്‍ പഞ്ചായത്തിലുമായി ലക്കിടി കൂട്ടുപാതയ്ക്ക് സമീപത്തെ 82.05 ഏക്കറിലാണ് പാര്‍ക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: