പൊതുചര്‍ച്ച അനുവദിക്കാത്തതിനെത്തുടര്‍ന്ന് ബിജെപി കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ മേയറെ വളഞ്ഞപ്പോള്‍
തൃശൂര്‍: പൊതുചര്‍ച്ച അനുവദിക്കാത്തതിനെത്തുടര്‍ന്ന് ഇന്നലെ രാവിലെ നടന്ന കൗണ്‍സില്‍യോഗം തടസ്സപ്പെട്ടു. അജണ്ട പരിഗണിക്കുന്നതിന് മുമ്പ് പൊതുചര്‍ച്ച അനുവദിക്കണമെന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. ഇതേ ആവശ്യം കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും ഉന്നയിച്ചതോടെ യോഗത്തില്‍ പ്രശ്നമായി. പ്രതിപക്ഷാവശ്യം അംഗീകരിക്കാന്‍ തയ്യാറാകാതെ മേയര്‍ യോഗത്തിന്റെ അജണ്ടയടക്കമുള്ള നടപടിക്രമങ്ങളുമായി മുന്നോട്ട് നീങ്ങിയതോടെ ബിജെപിയുടെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാര്‍ മേയറെ വളഞ്ഞുവെച്ചു.
ബഹളമയമായ അന്തരീക്ഷത്തില്‍ യോഗം നടക്കില്ലെന്ന് ഉറപ്പായതോടെ കൗണ്‍സില്‍യോഗം നിര്‍ത്തിവെക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. ഇന്നലെ രാവിലെ 11 മണിക്ക് യോഗം ആരംഭിച്ചഉടന് പൊതുചര്‍ച്ച അനുവദിക്കണമെന്ന ആവശ്യവുമായി ബിജെപി കൗണ്‍സിലര്‍മാര്‍ രംഗത്തെത്തി. എം.എസ്.സംപൂര്‍ണ, കെ.മഹേഷ്, വി.രാവുണ്ണി, ഐ.ലളിതാംബിക, വിന്‍ഷി അരുണ്‍കുമാര്‍, പൂര്‍ണിമ സുരേഷ്, മുന്‍ മേയര്‍ രാജന് ജെ.പല്ലന്, പ്രതിപക്ഷമേതാവ് എം.കെ.മുകുന്ദന് എന്നിവര്‍ പ്രതിഷേധവുമായി രംഗത്തെത്തി.
എന്നാല്‍ പ്രതിപക്ഷ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന തീരുമാനത്തില്‍ മേയര്‍ അജിത ജയരാജനും ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തിയും വ്യക്തമാക്കിയതോടെ പ്രതിപക്ഷം സീറ്റുകളില്‍ നിന്നും എഴുന്നേറ്റു. ഒരുകാരണവശാലും നടപടികളുമായി മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് അവര്‍ വ്യക്തമാക്കി. എന്നാല്‍ ബഹളത്തിനിടെ അജണ്ട വായിച്ച് പാസ്സാക്കാനായിരുന്നു ഭരണകക്ഷിയുടെ ശ്രമം. പ്രതിപക്ഷ ബഹളത്തില്‍ ഇക്കാര്യത്തില്‍ ഭരണകക്ഷി മുട്ടുമടക്കി.
ഭരണകക്ഷിയുടെ നീക്കത്തിനെതിരെ ബിജെപിയുടേയും കോണ്‍ഗ്രസ്സിന്റെയും കൗണ്‍സിലര്‍മാര്‍ മുദ്രാവാക്യം വിളിക്കുകയും നടുത്തളത്തിലേക്കിറങ്ങി മേയറുടെ ഇരിപ്പിടം വളയുകയും ചെയ്തു. അജണ്ട വായിക്കാന്‍ പോലും അനുവദിക്കാത്ത അവസ്ഥ ഉണ്ടായതോടെയാണ് യോഗം പിരിച്ചുവിടാന്‍ മേയര്‍ നിര്‍ബന്ധിതയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: