കാസര്‍കോട്: ജനകീയ ഇടപെടലിലൂടെ മാത്രമെ ലഹരി വിമുക്തസമൂഹം സാധ്യമാക്കാനാവുകയുളളുവെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന് പറഞ്ഞു. അന്താരാഷ്ട്ര മയക്കുമരുന്ന് ദിനത്തോടനുബ്നധിച്ച് എക്സൈസ് വകുപ്പ് കാസര്‍കോട് ഗവ. കോളേജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരി വസ്തുക്കളുടെ ഉപയോഗം സമൂഹത്തില്‍ കൂടി വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മയക്കുമരുന്ന് മാഫിയകള്‍ പുതു തലമുറയെയാണ് ലക്ഷ്യം വെയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സെമിനാര്‍, ചിത്രപ്രദര്‍ശനം, ഏകപാത്രനാടകം തുടങ്ങിയ പരിപാടികളാണ് മയക്കുമരുന്ന് വിരുദ്ധദിനത്തോടനുബന്ധിച്ച് എക്സൈസ് വകുപ്പ് സംഘടിപ്പിച്ചത്. ചടങ്ങില്‍ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കാസര്‍കോട് നഗരസഭ ചെയര്‍പേഴ്സണ്‍ ബീഫാത്തിമ ഇബ്രാഹിം, കാസര്‍കോട് ഗവ. കോളേജ് പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ്ജ് കെ കെ മുഹമ്മദാലി, കാസര്‍കോട് പ്രസ് ക്ലബ് പ്രസിഡണ്ട് സണ്ണി ജോസഫ്, റെഡ് ക്രോസ് ജില്ലാ ചെയര്മാന് ഇ ചന്ദ്രശേഖരന് നായര്‍, കെഎസ്ഇഎസ്എ സെക്രട്ടറി എം വി ബാബുരാജ്, കാസര്‍കോട് ഗവ. കോളേജ് എന്‍ എസ് എസ് കോര്‍ഡിനേറ്റര്‍ എം സി രാജു, എക്സൈസ് ബോധവല്‍ക്കരണ വിഭാഗം അസി. ലെയ്സണ്‍ ഓഫീസര്‍ എന്‍ ജി രഘുനാഥന് എന്നിവര്‍ സംസാരിച്ചു. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ മുഹമ്മദ് റഷീദ് സ്വാഗതവും അസി. എക്സൈസ് കമ്മീഷണര്‍ മാത്യു കുര്യന് നന്ദിയും പറഞ്ഞു.
ലോക ലഹരി വിരുദ്ധ ദിനത്തില്‍ ജില്ലാ എക്സൈസ് വകുപ്പ് കാസര്‍കോട് ഗവണ്മെന്റ് കോളേജില്‍ സംഘടിപ്പിച്ച ഫോട്ടോ പ്രദര്‍ശനത്തില്‍ നിന്ന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: