തൃശൂര്‍ : നാലുപതിറ്റാണ്ടു പിന്നിലേക്കു പാഞ്ഞ ഓര്‍മ്മകളില്‍ പലരും പഴയ പോരാട്ടവീര്യം അനുസ്മരിച്ചു. ചിലര്‍ വികാരാധീനരായി. പുതിയ തലമുറ തങ്ങളെ മനസ്സിലാക്കുന്നില്ലെന്ന് ചിലര്‍ക്ക് പരിഭവം. പതിറ്റാണ്ടുകള്‍ക്കു ശേഷം തമ്മില്‍ക്കണ്ട പലരും വാക്കുകള്‍ക്കായി വിഷമിച്ചു. പുതിയ കാലത്തിന്റെ കെട്ടുപോകുന്ന നന്മകളെക്കുറിച്ച് ചിലര്‍ ആധി കൊണ്ടു.
അടിയന്തരാവസ്ഥ വിരുദ്ധ സമരത്തിന്റെ നാല്പ്പത്തൊന്നാം വാര്ഷികാചാരണവേദി ഓര്‍മ്മകളുടെ പിന്മടക്കം കൂടിയായി. കരളുറച്ച് പദമുറച്ച് സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടി നടത്തിയ ത്യാഗോജ്ജ്വലമായ പോരാട്ടത്തിന്റെ സ്മരണകള്‍ ജീവിത സായന്തനത്തിലും അവരുടെ കണ്ണുകളില്‍ മിന്നലുകളായി ജ്വലിക്കുന്നു.
വാക്കുകളില്‍ ഇടിമുഴക്കമായി പ്രതിധ്വനിക്കുന്നു. രാജ്യത്തിന് ആവശ്യമെങ്കില്‍ ഇനിയും ഒരു പോരാട്ടത്തിന് തയ്യാറാണവര്‍. ഒന്നും മോഹിച്ചായിരുന്നില്ല എല്ലാം ത്യജിച്ച് സമരരംഗത്തിറങ്ങിയത്. തിരിഞ്ഞു നോക്കുമ്പോള്ആവേശവും ആത്മസംതൃപ്തിയും മാത്രം. പക്ഷേ ഒന്നുമാത്രമുണ്ട് ഒരേസ്വരത്തില്‍ പറയാന്‍. തങ്ങളെ അവഗണിക്കരുത്. തമസ്കരിക്കരുത്. ആ സമരങ്ങള്‍ വലിയൊരു പാഠമാണ്. അത് യഥാര്‍ത്ഥമായ രീതിയില്‍ പുതുതലമുറയിലേക്ക് പകരണം. പാഠ്യപദ്ധതിയില്‍ ഉല്‍പ്പെടുത്തണം. ജീവിക്കാന്‍ കഷ്ടപ്പെടുന്ന സമരസേനാനികള്‍ക്ക് കൈത്താങ്ങ് നല്‍കണം. തങ്ങളുടെ പോരാട്ടം വൃഥാവിലായില്ലെന്ന് കാലം തെളിയിക്കുന്നു. ആ വലിയ , ചരിത്ര പാഠങ്ങള്‍ പുതുതലമുറക്ക് ഊര്‍ജ്ജദായകമാണ്.
അടിയന്തരാവസ്ഥ വിരുദ്ധ സമരം രണ്ടാം സ്വാതന്ത്ര്യസമരമായി പ്രഖ്യാപിക്കണമെന്നും സമരസേനാനികള്‍ക്ക് പെന്ഷന് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കണമെന്നും അസോസിയേഷന് ഓഫ് എമര്‍ജന്‍സി വിക്ടിംസ് ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. അടിയന്തരാവസ്ഥയുടെ 41-ാം വാര്‍ഷികത്തോടനുബന്ധിച്ച് സാഹിത്യ അക്കാദമി ഹാളില്‍ സംഘടിപ്പിച്ച സമ്മേളനം ആര്.എസ്.എസ് പ്രാന്ത കാര്യകാരിയംഗം വി.കെ.വിശ്വനാഥന് ഉദ്ഘാടനം ചെയ്തു. പ്രതിഫലം പ്രതീക്ഷിച്ചോ വ്യക്തിപരമായ നേട്ടങ്ങള്‍ക്കുവേണ്ടിയോ ആയിരുന്നില്ല സംഘ പ്രവര്‍ത്തകര്‍ അടിയന്തരാവസ്ഥക്കെതിരെ നടന്ന സമരത്തിന് നേതൃത്വം നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. സമരത്തില്‍ പങ്കെടുക്കുന്നത് സ്വന്തം കടമയായി ഏറ്റെടുത്താണ് അവര്‍ സമരമുഖത്തെത്തിയത്. ആ സമരസേനാനികളെ അറിയുകയും ആദരിക്കുകയും ചെയ്യേണ്ടത് പുതുതലമുറയുടെ കര്‍ത്തവ്യമാണെന്നും അദ്ദേഹം പറഞ്ഞു.
അടിയന്തരാവസ്ഥ വിരുദ്ധ സമരം കലാലയങ്ങളില്‍ പാഠ്യവിഷയമാക്കുക, പീഡനത്തിനിരയായി മരിച്ചവരുടെ കുടുംബങ്ങളെ സംരക്ഷിക്കുക,അടിയ്ന്തരാവസ്ഥക്കാലത്തെ അതിക്രമങ്ങള്‍ക്കിരയായവരുടെ സമഗ്ര ലിസ്റ്റ് തയ്യാറാക്കുന്നതിന് കമ്മീഷനെ നിയോഗിക്കുക,സമരത്തിന്റെ ആധികാരിക ചരിത്രം നിര്‍മ്മിക്കുക,തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ ഉന്നയിച്ചു. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള നിവേദനം പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കും. അസോസിയേഷന് സംസ്ഥാന സെക്രട്ടറി പി.ജയകുമാര്‍, സമരത്തില്‍ പങ്കെടുത്ത് ക്രൂര മര്‍ദ്ദനത്തിനിരയായ എ.പി. ഭരത്കുമാര്‍, ബിജെപി സംസ്ഥാന സെക്രട്ടറി ബി ഗോപാലകൃഷ്ണന്, ജില്ലാപ്രസിഡന്റ് എ.നാഗേഷ്, സംസ്ഥാന സമിതിയംഗം സി.നിവേദിത, വൈസ് പ്രസിഡന്റ്രവികുമാര് ഉപ്പത്ത്, പി.എസ്.അനന്തന് എന്നിവര്‍ പ്രസംഗിച്ചു. പി.എസ്. ശ്രീരാമന് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: