ലെന്‍സ്: ലോക ഫുട്ബോളിലെ മിന്നും താരങ്ങള്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊയുടെ പോര്‍ച്ചുഗലും, ഗരത് ബെയ്ലിന്റെ വെയ്ല്‍സും യുറോ കപ്പ് ഫുട്ബോളിന്റെ ക്വാര്‍ട്ടറില്‍. സൂപ്പര്‍ താരങ്ങള്‍ക്ക് വല ചലിപ്പിക്കാനായില്ലെങ്കിലും നിര്‍ണായക പ്രകടനത്തോടെ ടീമിനെ ഉത്തേജിപ്പിക്കാനായി. പോര്‍ച്ചുഗല്‍ ഏകപക്ഷീയമായ ഒരു ഗോളിന് ക്രൊയേഷ്യയെ മറികടന്നപ്പോള്‍, വെയ്ല്‍സ് ഇതേ സ്കോറിന് വടക്കന്‍ അയര്‍ലന്‍ഡിനെ വീഴ്ത്തി.
അധിക സമയത്ത് പറങ്കികള്‍
ഇഞ്ചുറി ടൈമില്‍ റിക്കാര്‍ഡൊ ക്വറെസമ നേടിയ ഗോളിലാണ് പോര്‍ച്ചുഗല്‍ യൂറോയുടെ അവസാന എട്ടിലിടം പിടിച്ചത്. രണ്ടാം പകുതിയില്‍ പകരക്കാരനായിറങ്ങിയ ക്വറെസമയുടെ ഹെഡ്ഡര്‍ ടീമിന് ജീവവായുവായി. റെനാറ്റൊ നീട്ടി നല്കിയ പന്ത് സ്വീകരിച്ച നാനി അത് ക്രിസ്റ്റ്യാനൊയ്ക്ക് കൈമാറി. താരത്തിന്റെ ഷോട്ട് ഗോളി തടുത്തിട്ടു. റീബൗണ്ട് ചെയ്തു വന്ന പന്ത് ലഭിച്ച ക്വറെസമ തകര്‍പ്പനൊരു ഹെഡ്ഡറിലൂടെ ഒഴിഞ്ഞ വലയില്‍ നിക്ഷേപിച്ചു. സ്വിറ്റ്സര്‍ലന്‍ഡിനെ തോല്‍പ്പിച്ച പോളണ്ട് ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിന്റെ എതിരാളി.
സെല്‍ഫ് ഗോളില്‍ വെയ്ല്‍സ്
പാരീസ്: ഗരത് ബെയ്ലിന്റെ ചിറകിലേറി നോക്കൗട്ടിലേക്കു കുതിച്ചെത്തിയ വെയ്ല്‍സിന് പ്രീ ക്വാര്‍ട്ടറില്‍ തുണയായത് ഐറിഷ് താരം ഗരത് മക്ഔലേയുടെ സെല്‍ഫ് ഗോള്‍. 75ാം മിനിറ്റിലാണ് വെയ്ല്‍സിന് ആശയും അയര്‍ലന്‍ഡിന് നിരാശയും സമ്മാനിച്ച ഗോളെത്തിയത്. ഗോളിലേക്കു വഴിതുറന്നത് ബെയ്ലിന്റെ പാസ്.
ഇടതു പാര്‍ശ്വത്തിലൂടെ പന്തുമായി അതിവേഗം മുന്നേറിയ ബെയ്ല് ഐറിഷ് പെനല്‍റ്റി ഏരിയയിലുണ്ടായിരുന്ന റോബ്സണ് കാനുവിന് ലാക്കാക്കി നല്കി. എന്നാല്‍, അദ്ദേഹത്തെ മാര്‍ക്ക് ചെയ്ത് നിന്നിരുന്ന മക്ഔലേയുടെ കാലില്‍ തട്ടിയ പന്ത് ഗോളി മക്ഗവേണിനെ കീഴടക്കി സ്വന്തം വലയില്‍ തന്നെ പതിച്ചു.
ആദ്യമായി യൂറോ കപ്പിനെത്തിയ വെയ്ല്‍സ് അങ്ങനെ അവസാന എട്ടിലേക്കും മുന്നേറി. ഹംഗറി-ബെല്‍ജിയം മത്സര വിജയികള്‍ ക്വാര്‍ട്ടറില്‍ വെയ്ല്‍സിന്റെ എതിരാളികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: