പന്തളം : വയോധികനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പോലീസ് പിടിയില്‍.പന്തളം തെക്കേക്കര മാമൂട്ടില്‍ ചരുവിളപ്പടി ദീപാ സദനത്തില്‍ വാസുദേവക്കുറുപ്പ്(62) നെ കൊലപ്പെടുത്തിയ സംഭവത്തില്‍ സുഹൃത്തും അകന്ന ബന്ധുവുമായ പൊങ്ങലടി മാമൂട് വാഴക്കൂട്ടത്തില്‍ വീട്ടില്‍ മോഹനക്കുറുപ്പ്(48) ആണ് പോലീസ് വലയിലായത്.സംഭവത്തെസംബന്ധിച്ച് പോലീസ് വിശദീകരണം ഇങ്ങനെ.വാസുദേവക്കുറുപ്പും അകന്ന ബന്ധുക്കളും അടുത്ത സുഹൃത്തുക്കളാണ്.ഹോട്ടല്‍ തൊഴിലാളിയായ പ്രതി മോഹനക്കുറുപ്പ് ഓമല്ലൂരിലെ ഹോട്ടല്‍ ജീവനക്കാരനാണ്.മെയ് 30 ന് പ്രതി രാത്രി ഒന്‍പതോടെ മദ്യവും വാങ്ങി വാസുദേവക്കുറുപ്പിന്റെ വീട്ടിലെത്തി.ഇരുവരും ചേര്‍ന്ന് ഒരു ലിറ്റര്‍ മദ്യം കഴിച്ചു.തുടര്‍ന്ന് കഴിഞ്ഞ ദിവസം വാങ്ങി വച്ചിരുന്ന മദ്യം വാസുദേവക്കുറുപ്പ് മറ്റുള്ളവര്‍ക്ക് വിറ്റതു സംബന്ധിച്ച് സംസാരമുണ്ടായി.രൂക്ഷമായ സംസാരം കയ്യേറ്റത്തിലെത്തുകയായിരുന്നു.തുടര്‍ന്ന് മോഹനക്കുറുപ്പ് വാസുദേവക്കുറുപ്പിനെ മര്‍ദ്ധിച്ചവശനാക്കി എടുത്ത് വീടിന്റെ സമീപത്തുള്ള വാഴത്തോട്ടത്തില്‍ കൊണ്ടിട്ടു.തിരികെ മാമൂട് ജംഗ്ഷനിലെത്തിയ പ്രതി ജംഗ്ഷനിലെ ബസ്സ് കാത്തിരിപ്പുകേന്ദ്രത്തിലിരുന്ന് ഉറങ്ങിയശേഷം രാവിലെ വീട്ടിലെത്തി പതിവുപോലെ ഹോട്ടല്‍ ജോലിക്ക് പോകാനായി മാമൂട് ജംഗ്ഷനില്‍ തിരികെ വന്നു.സ്ഥിരമായി രാവിലെ സുഹൃത്തുക്കള്‍ ഇവിടെ ഒത്തുകൂടാറുണ്ടായിരുന്നു.വാസുദേവക്കുറുപ്പിനെ കാണാത്തതിനാല്‍ സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോഴാണ് വാസുദേവക്കുറുപ്പ് മരിച്ച വിവരം അറിയുന്നത്.ഈ സമയം വീടിന്റെ വരാന്തയില്‍ കിടന്ന രക്തം പ്രതി കാലുകൊണ്ട് ചവിട്ടി തേച്ചു.തിരികെ ഹോട്ടലില്‍ ജോലിക്കായി പോയി.
വാസുദേവക്കുറുപ്പിന്റെ മകന് പ്രദീഷ്കുമാര്‍ അച്ഛന്റെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് കാണിച്ച് പത്തനംതിട്ട എസ്.പിയ്ക്ക് പരാതി നല്കി.എസ്.പി.ഹരിശങ്കറിന്റെ നിര്‍ദ്ധേശാനുസരണം അടൂര്‍ ഡി.വൈ.എസ്.പി എസ്.റഫീക്കിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
വാസുദേവക്കുറുപ്പിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വാരിയെല്ലുകള്‍ തകര്‍ന്നതായി കാണിച്ചിരുന്നു.ഇതാണ് അന്വേഷണത്തിന് വഴിത്തിരുവായത്.വാസുദേവക്കുറുപ്പ് 20 വര്‍ഷമായി കുടുംബാഗംഗങ്ങളുമായി പിരിഞ്ഞ് ഒറ്റയ്ക്ക് താമസിക്കുകയായിരുന്നുവെന്ന് പറയുന്നു.അതിനാല്‍ സംഭവ സമയം മറ്റാരും വീട്ടില്‍ ഉണ്ടായിരുന്നില്ല.മെയ് 30 ന് നടന്ന സംഭവം ജൂണ്‍ 2 നാണ് പുറം ലോകം അറിയുന്നത്.വാസുദേവക്കുറുപ്പിന്റെ വീടിന് സമീപം രൂക്ഷഗന്ധം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഗ്രാമപഞ്ചായത്തംഗവും നാട്ടുകാരും ചേര്‍ന്നാണ് കൊടുമണ്‍ പോലീസില്‍ വിവരം നല്‍കിയത്.സംഭവുമായി ബന്ധപ്പെട്ട് 30 ഓളം പേരെ പോലീസ് ചോദ്യം ചെയ്തു.ശനിയാഴ്ച രാവിലെ ചോദ്യം ചെയ്യാനായി പന്തളം സ്റ്റേഷനില്‍ വിളിച്ചുവരുത്തിയ മോഹനക്കുറുപ്പ് കുറ്റസമ്മതം നടത്തിയതിനെത്തുടര്‍ന്ന് സി.ഐ.എ.സുരേഷ് കുമാറിന്റെ നേതൃത്തിലുള്ള പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.സി.ഐ.എ.സുരേഷ്കുമാറിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണ സംഘത്തില്‍ അഡീഷണല്‍ എസ്.ഐ മാരായ രമേശ്,പ്രതാപന് കൊടുമണ്‍ എസ്.ഐ യുടെ ചുമതലയുണ്ടായിരുന്ന രാധാകൃഷ്ണന്,എസ്.ഐ.റബുഷാന് സിവില്‍ പോലീസ് ഓഫീസറന്മാരായ ശിവപ്രസാദ് ,ജയന് എന്നിവര്‍ അംഗങ്ങളായിരുന്നു.പ്രതിയെ അടൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു.കൂടുതല്‍ തെളിവെടുപ്പിനായി വരും ദിവസങ്ങളില്‍ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: