തിരുവല്ല: പൈപ്പ് പൊട്ടല്‍ മൂലം തകര്‍ന്ന് തരിപ്പണമായ കാവുംഭാഗം-മുത്തൂര്‍ റോഡില്‍ വന്‍ ഗതാഗതകുരുക്കും അപകടങ്ങളും പതിവാകുന്നു. മുത്തൂര്‍ ജംഗ്ഷന് സമീപവും, മുത്തൂര്‍ പാലത്തിന്റെ അപ്രോച്ച് റോഡിലും, മന്നംകരച്ചിറ കലുങ്കിനോട് ചേര്‍ന്നുളള ഭാഗത്തും പൈപ്പ് പൊട്ടല്‍ മൂലം റോഡില്‍ ഉടലെടുത്ത വെളളക്കെട്ടാണ് റോഡിന്റെ തകര്‍ച്ചയ്ക്കും ഗതാഗത പ്രശ്നങ്ങള്‍ക്കും ഇടയാക്കിയിരിക്കുന്നത്. പൊട്ടിയൊഴുകുന്ന പൈപ്പില്‍ നിന്നും പ്രതിദിനം ആയിരക്കണക്കിന് ലിറ്റര്‍ കുടിവെളളമാണ് പാഴായി പോകുന്നത്. മുത്തൂര്‍ ജംഗഷന് സമീപം വെളളയാമ്പളളി പടിയിലാണ് പൈപ്പ് പൊട്ടല്‍ മൂലം ഏറെ രൂക്ഷമായ വെളളക്കെട്ട് അനുഭവപ്പെടുന്നത്.
സമീപത്തെ ക്രൈസ്റ്റ് റോഡില്‍ പൊന്മലത്ത് പടിയില്‍ കഴിഞ്ഞ ദിവസം പൊട്ടിയ പൈപ്പില്‍ നിന്നുളള വെളളവും ഒഴുകിയെത്തുന്നത് മുത്തൂര്‍ റോഡിലെ വെളളയാമ്പളളി പടിയിലേക്കാണ്. ഇതുകൂടിയയപ്പോള് ഈ ഭാഗത്ത് കൂടി കടന്നുപോകുന്ന കാല്‍നട യാത്രികര്‍ മുട്ടോളം വെളളത്തില്‍ നീന്തേണ്ട അവസ്ഥയിലാണ്. ഏതാണ്ട് ഒരുവര്‍ഷക്കാലം മുമ്പ് പൊട്ടിയ പൈപ്പില്‍ നിന്നും പുറത്തേക്കൊഴുകുന്ന വെളളം കെട്ടിക്കിടന്ന് റോഡിന്റെ നൂറ് മീറ്ററോളം ഭാഗം ഏതാണ്ട് പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. വെളളം കെട്ടിക്കിടന്ന് റോഡിലെ ടാറിംഗ് പൂര്‍ണ്ണമായും ഇളകി മാറി നിരവധി വന്‍ ഗര്‍ത്തങ്ങളാണ് ഈ ഭാഗത്ത് രൂപപ്പെട്ടിരിക്കുന്നത്. ഈ കുഴികളില്‍ പതിച്ച് നിയന്ത്രണം നഷ്ടപ്പെട്ട് നിരവധി ഇരുചക്ര വാഹന യാത്രികര്‍ ദിവസേന അപകടത്തില്‍ പെടുന്നുണ്ട്.
വന്‍ ഗര്‍ത്തങ്ങളില്‍ പതിച്ച് ഓട്ടോറിക്ഷ അടക്കമുളള ചെറു വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിക്കുന്നതായും പരാതിയുണ്ട്. ഏതാണ് ആയിരത്തില്‍ അധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ക്രൈസ്റ്റ് സെന്‍ട്രല്‍ സ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ അടക്കം നിരവധി യാത്രക്കാരാണ് റോഡിലെ വെളളക്കെട്ട് മൂലം ദുരിതം അനുഭവിക്കുന്നത്. പൈപ്പിന്റെ അറ്റകുറ്റപണിക്ക് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വാര്‍ഡ് കൗണ്‍സിലര്‍ സുരേഷ് കുമാര്‍ നിരവധി പരാതികള്‍ ജലവിതരണ വകുപ്പ് അധികൃതര്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ ഇവയൊന്നും മുഖവിലയ്ക്കെടുക്കാന്‍ അധികൃതര്‍ ഇതുവരെ തയാറായിട്ടില്ല. പൈപ്പുകള്‍ പൊട്ടിയൊഴുകുന്ന വിവരം അറിയിച്ചാല്‍ വേണ്ട നടപടി സ്വീകരിക്കുന്നതില്‍ അധികൃതര്‍ മനപ്പൂര്‍വമായ അലംഭാവം കാട്ടുകയാണെന്നും വാര്‍ഡ് കൗണ്‍സിലര്‍ പരാതി പറയുന്നു.
അറ്റകുറ്റപ്പണിക്ക് ആവശ്യമായ തുക നല്കാന് ജലവിതര വകുപ്പ് തയാറാകത്തതാണ് കരാറുകാരന് പണി വൈകിപ്പിക്കുന്നതിന് കാരണമെന്നാണ് അറിയാന്‍ കഴിയുന്നത്. ജലവിഭവ വകുപ്പ് മന്ത്രിയുടെ സ്വന്തം നാട്ടില്‍ പൊട്ടിയൊഴുകുന്ന പൈപ്പ് മൂലം അനുഭവിക്കുന്ന ദുരിതത്തിന് അറുതി വരുത്താന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെയും പ്രദേശത്തുകൂടി സ്ഥിരം യാത്രചെയ്യുന്നവരുടെയും ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: