സങ്കല്‍പ്പം, കാമം, യത്‌നം എന്ന മൂന്നിന്റേയും നാഥന്‍ ഇന്ദ്രിയഗ്രാമനാഥനായ മനസ്സുതന്നെ. അതിനാല്‍ ഈ മനസിനെ തടയുന്നത് കൊണ്ടുവേണം ഈ മൂന്നും തടയാന്‍. മനസ് ചഞ്ചല സ്വഭാവമുള്ളതാണ്. ഒരിടത്തും അത് സ്ഥിരമായി ഉറച്ചുനില്‍ക്കുന്നില്ല. അതിന് വല്ലതുമൊന്നില്‍ ആശ്രയിച്ചല്ലാതെ കഴിയാനും വയ്യ. പുറമേയുള്ള കാര്യങ്ങളെയെല്ലാം തടയുമ്പോള്‍ പിന്നെയും മനസ് പൂര്‍വ സ്മൃതിയെ ആശ്രയിച്ച് ചലിച്ചുതുടങ്ങും.
നല്ല ധൈര്യം- ഉറപ്പ്-ഉള്ളതുകൊണ്ട് മനസിന്റെ പൂര്‍വ സ്മൃതിയുമായി ബന്ധിച്ചു കിടന്ന് കളിക്കാനിടവരാതെ അന്തര്‍മുഖമാക്കി ആത്മപരമാക്കി വയ്‌ക്കണം. ആത്മാവ് ഗുണ ഹീനമായതിനാല്‍ മനസിന് അതിനെ അറിയാനോ ആശ്രയിക്കാനോ കഴിയില്ല. യഥാര്‍ത്ഥത്തില്‍ അന്തര്‍മുഖമായ മനസിന്റെ അവസ്ഥ സുഷുപ്തി തുല്ല്യമായ ഒരു ലയം തന്നെ. മനസിനെ ഇങ്ങനെ പിടിച്ച് ലയാവസ്ഥയില്‍ വച്ചിരിക്കുന്നത് ബുദ്ധിയാണ്. ബുദ്ധി മനസിന്റെ ഈ നില നല്ലവണ്ണമുറയ്‌ക്കുന്നത് വരെ അതിജാഗ്രതയായിരിക്കണം.
ജാഗ്രത ഇളകാനിടവന്നാല്‍ മനസ് ഉണര്‍ന്ന് വിഷയാദികളില്‍ പതിയ്‌ക്കും. ഇതുകഴിയാതിരിക്കാന്‍ ബുദ്ധിവേണ്ടവിധത്തില്‍ പ്രയോഗിക്കണം. വളരെ സാവധാനത്തില്‍ അല്‍പ്പാല്‍പമായിട്ടുവേണം മനസിനെ പിടിച്ചുനിര്‍ത്തുന്ന ജോലിയില്‍ നിന്നും ബുദ്ധി പിന്മാറാന്‍. അല്‍പം കൈയൊന്നയയ്‌ക്കുമ്പോള്‍ മനസ് വിഷയാഭിമുഖമായി ചലിക്കുന്നവെന്ന് കണ്ടാല്‍ ഉടന്‍ ബുദ്ധി ജാഗ്രത കൂട്ടിക്കൊള്ളണം.
ഈ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ബുദ്ധിക്ക് മറ്റൊന്നും ചിന്തിക്കാന്‍കൂടി ഇപ്പോള്‍ തരമില്ല. ഈ അഭ്യാസംകൊണ്ട് മനസ്സിളകാതെ ലയിച്ചു കഴിയുമ്പോള്‍ ബുദ്ധിക്കു വിരമിക്കാം. ഈസമയത്ത് ബുദ്ധിസ്വതന്ത്രമായി. ഇനി ഇത് ആത്മ സാക്ഷാത്ക്കാരംചെയ്യുന്നു. ഈ അവസ്ഥയില്‍ ‘അഹമസ്മി’ എന്ന ബോധം മാത്രമായിട്ട് ശേഷിക്കുന്നു. ‘ ഏഷ യോഗസ്യ പരമോള വിധി’ ഇപ്പോള്‍ യോഗിക്ക് ആസ്തിത്വ മാത്രബോധമല്ലാതെ ഒരുവികാരവുമില്ല.ഇതാണ് നിര്‍വികല്‍പ സമാധി.
















