അഗളി: റോഡിന്റെ നിര്‍മ്മാണോദ്ഘാടനം നടത്തി നാലുമാസമായിട്ടും പണി തുടങ്ങാത്തതിനാല്‍ യാത്ര ദുഷ്കരമായി വനവാസികള്‍. ഷോളയൂര്‍ പഞ്ചായത്തിലെ മൂച്ചിക്കടവ്, ചുണ്ടക്കുളം, പെട്ടിക്കല്‍ ,മിനര്‍വ്വ, വയലൂര്, മേലേകുറവന്പാടി, അഗളി പഞ്ചായത്തിലെ പുട്ടുമല,ചിറ്റൂര്‍, പോത്തുപ്പാടി, പുലിയറ തുടങ്ങിയ ഗ്രാമങ്ങളിലേക്കുള്ള യാത്രക്കാര്‍ക്കാണ് ദുരിതം.
ഒരുഡസനിലധികം പട്ടികവര്‍ഗ്ഗ സങ്കേതങ്ങളും ആയിരക്കണക്കിന് കുടിയേറ്റ കര്‍ഷകരും ഉപയോഗിക്കുന്ന ഗൂളിക്കടവ് ,ചിറ്റൂര്‍ റോഡാണ് കാല്‍നടയാത്രക്കുപോലും കഴിയാത്തതരത്തില്‍ തകര്‍ന്നു കിടക്കുന്നത്.
മുടങ്ങിക്കിടക്കുന്ന എവിഐപി പദ്ധതിയുടെ അധീനതയിലുള്ള ഏഴുകിലോമീറ്റര്‍ റോഡ് പതിറ്റാണ്ടുകളായി അറ്റകുറ്റപ്പണികള്‍പോലും നടത്താതെ കിടക്കുകയാണ്, റോഡിന്റെ പുനരുദ്ധാരണം ആവശ്യപ്പെട്ട് ഗ്രാമവാസികള്‍ ഇറിഗേഷന്‍ ഓഫീസിനു മുമ്പില്‍ കുത്തിയിരിപ്പ് സത്യഗ്രഹവും റോഡില്‍ വാഴനട്ടും വള്ളംകളി നടത്തിയും പലവിധ സമരങ്ങളും നടത്തി.
ഇതിനിടെ ചിറ്റൂര്‍ നിവാസി തോമസ്അങ്കമാലി റോഡ് പുനരുദ്ധാരണത്തിന് ഹൈക്കോടതിയില്‍ നിന്നും ഒരു കൊല്ലം മുമ്പ് അനുകൂലവിധി നേടിയെടുത്തെങ്കിലും കഴിഞ്ഞ ഫെബ്രുവരി 28നാണ് റോഡിന്റെ നിര്‍മാണോദ്ഘാടനം നടത്താനായത്. നാലുമാസത്തിനകം റോഡ് നിര്‍മാണം പൂര്‍ത്തീകരിക്കുമെന്ന് സൂപ്രണ്ടിങ്ങ് എന്‍ജിനീയര്‍ ബീനഗോപാല് വേദിയില്‍ ഉറപ്പു നല്‍കിയിരുന്നെങ്കിലും ഇതുവരെ പണികള്‍ ആരംഭിച്ചിട്ടില്ല. ഇറിഗേഷന്‍ വകുപ്പിന്റെ റോഡ് പൊട്ടിപൊളിഞ്ഞതിനാല്‍ മൂച്ചിക്കടവില്‍ നിന്നും തിരിഞ്ഞ് ചുണ്ടകുളംവഴി ചുറ്റിതിരിഞ്ഞാണ് ഇപ്പോഴത്തെ ജനസഞ്ചാരം. ഈ പ്രദേശങ്ങളില്‍ പകല്‍സമയങ്ങളില്‍പോലും കാട്ടാനകളുടെ വിഹാരകേന്ദ്രമാണ്. സ്കൂള്‍—വിദ്യാര്‍ഥികളാണ് ഇതോടെ ഏറെ ദുരിതമനുഭവിക്കുന്നത് കൃത്യസമയത്ത് സ്കൂളിലെത്താനും തിരിച്ച് വീട്ടിലെത്താനും സാധിക്കുന്നില്ല. രോഗികളെയും ഗര്‍ഭിണികളേയും ആശുപത്രിയിലെത്തിക്കാനും യഥാസമയം ചികിത്സ ലഭ്യമാക്കാനും ബുദ്ധിമുട്ടുകയാണ്. റോഡുനിര്‍മാണം ആവശ്യപ്പെട്ട് പ്രദേശവാസികള്‍ നിരവധി സമരപരമ്പരകള്‍തന്നെ നടത്തിയിരുന്നു. ഇതിനൊടുവിലാണ് റോഡ് നിര്‍മാണത്തിന് ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: