ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയിലെ ഡോക്ടര്‍മാരുടെയും ആശുപത്രി അധികൃതരുടെയും അനാസ്ഥമൂലമാണ് പ്രസവത്തെത്തുടര്‍ന്ന് അമ്മയും രണ്ടുകുട്ടികളും മരിക്കാന്‍ ഇടയായതെന്ന് ആക്ഷേപം. ചങ്ങനാശേരി മാമ്മൂട് പള്ളിക്കുന്ന ജേക്കബ് ജോണിന്റെ ഭാര്യ ജ്യോതി(36)യാണ് ആശുപത്രിയില്‍ വച്ച് മരിച്ചത്. ജൂണ്‍7നാണ് ഗര്‍ഭിണിയായ ജ്യോതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത രക്തസമ്മര്‍ദ്ദവും പനിയും മൂലം വിഷമിച്ചിരുന്ന രോഗിക്ക് വേണ്ട പരിചരണം നല്‍കുവാന്‍ അധികൃതര്‍ തയ്യാറായില്ല. 13ന് പനികൂടുകയും മരുന്ന് നല്‍കുവാന്‍ കയ്യില്‍ സൂചിഘടിപ്പിച്ചിരുന്ന ഭാഗം പഴുക്കുവാന്‍ തുടങ്ങുകയും ചെയ്തു.
ഇത് അണുബാധയുണ്ടാകുവാന്‍ സാധ്യതയുണ്ടെന്ന് ഡോക്ടറെ ധരിപ്പിച്ചെങ്കിലും ഒരു നടപടിയും സ്വീകരിക്കുവാന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്ന് ജേക്കബ് ജോണ്‍ പറഞ്ഞു. തിങ്കളാഴ്ചയോടെ പനികൂടിയെങ്കിലും അടുത്തദിവസം വരെ മരുന്നുകള്‍ ഒന്നും നല്‍കിയില്ല. പിന്നീട് ഡോക്ടറുമായി സംസാരിച്ചപ്പോള്‍ പ്രസവത്തിനായി ഓപ്പറേഷന്‍ വേണ്ടി വരുമെന്നും അണുബാധയുണ്ടാവാന്‍ സാധ്യതയുണ്ടെന്നും അതുകൊണ്ട് ഗര്‍ഭാശയം നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടു. അതിനുള്ള സമ്മതപത്രവും ഒപ്പിട്ടുനല്‍കിയിരുന്നതായി അദ്ദേഹം പറഞ്ഞു. ഓപ്പറേഷനില്‍ മൂന്ന് കുട്ടികളെ പുറത്തെടുത്തുവെങ്കിലും ഗര്‍ഭപാത്രം നീക്കം ചെയ്തിരുന്നില്ല.
















