പത്തനംതിട്ട: കേരളത്തിലെ ഏറ്റവും വലിയ കേന്ദ്രീയ വിദ്യാലയത്തിന്റെ നിര്‍മ്മാണ ജോലികള്‍ ചെന്നീര്‍ക്കരയില്‍ പുരോഗമിക്കുന്നു. ചെന്നീര്‍ക്കര പഞ്ചായത്തിലെ മുറിപ്പാറയിലാണ് 29 കോടി രൂപയുടെ ചെലവില്‍ 28000 ചതുരശ്രഅടി വിസ്തീര്‍ണ്ണത്തില്‍ കേന്ദ്രീയ വിദ്യാലയം ഉയരുന്നത്. മൂന്ന് നിലകളിലായി നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ 36 ക്ലാസ് റൂമുകളടക്കം 48 റൂമുകളുണ്ട്. ആറര ഏക്കര്‍ സ്ഥലത്ത് നിര് മ്മാണം പുരോഗമിക്കുന്ന കേന്ദ്രീയ വിദ്യാലയത്തില്‍ 4500 വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളാനാകും. നിലവില്‍ പന്ന്യാലി ഗവ.സ്കൂളില്‍ താല്‍ക്കാലികമായി പ്രവര്‍ത്തിക്കുന്ന കേന്ദ്രീയ വിദ്യാലയം നവംബറോടെ മുറിപ്പാറയിലെ പുതിയ കെട്ടിടത്തിലേക്ക്മാറ്റി സ്ഥാപിക്കാനാകും എന്നാണ് പ്രതീക്ഷ. ഇപ്പോള്‍ ഒന്നുമുതല്‍ 10 വരെ ക്ലാസുകളിലായി 368 കുട്ടികളാണ് പന്ന്യാലിയിലെ കേന്ദ്രീയ വിദ്യാലയത്തില്‍ പഠിക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ ശ്രീഗോവിന്ദ് ദുബൈയും സീനിയര്‍ അദ്ധ്യാപകന് റോയി ഉമ്മനും പറഞ്ഞു. ചെന്നീര്‍ക്കരയിലെ പുതിയ സ്കൂള്‍ കെട്ടിടം പ്രവര്‍ത്തനസജ്ജമാകുന്നതോടെ ഒരു ക്ലാസില്‍ മൂന്നു ഡിവിഷന് വീതം പ്രവര്‍ത്തിപ്പിക്കാനാകും. ഒന്നാം ക്ലാസ് മുതല്‍ പ്ലസ് ടൂ വരെ പഠിപ്പിക്കാനുമാകും. ആവശ്യമായി വന്നാല്‍ നാലു ഡിവിഷനുകള്‍ വരെ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിപ്പിക്കാനാകും.
കെട്ടിട നിര്‍മ്മാണത്തിന് കേന്ദ്രത്തിന്റെ ഫണ്ട് ലോഭമില്ലാതെ ലഭിക്കുന്നുണ്ടെന്ന് അന്റോ ആന്റണി എംപി പറഞ്ഞു.നിര്‍മ്മാണ പ്രവര്‍ത്തികള്‍ വീക്ഷിക്കാനെത്തിയതായിരുന്നു എം.പി. 2014 സെപ്തബറില്‍ കെട്ടിടനിര്‍മ്മാണത്തിനുള്ള പൈലിങ് ജോലികള്‍ ആരംഭിച്ചെങ്കിലും തറ മണ്ണിട്ട് നികത്തുന്നതടക്കമുള്ള അനുമതികള്‍ ലഭിച്ചിരുന്നില്ല. ഇതിനാവശ്യമായ അനുമതികളും മറ്റും ലഭിച്ചതും കെട്ടട നിര്‍മ്മാണം ത്വരിതപ്പെടുത്തിയതും കഴിഞ്ഞ ഒരുവര്ഷത്തിനിടെയിലാണ്. ഇതിനോടകം 55 ശതമാനത്തിലേറെ ജോലികള്‍ പൂര്‍ത്തിയാക്കാനായെന്നും കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്‍ജിനീയര്‍മാര്‍ പറഞ്ഞു. സ്കൂള്‍ കെട്ടിടം പൂര്‍ത്തിയാകുന്നതോടൊപ്പം അദ്ധ്യാപകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും താമസിക്കുന്നതിനാവശ്യമായ ക്വാര്‍ട്ടേഴ്സുകളും നിര്‍മ്മിക്കുന്നുണ്ട്. സ്കൂള്‍ കെട്ടടം പൂര്‍ണ്ണമാകുന്നതോടെ നടുമുറ്റം ഇന്‍ഡോര്‍ സ്റ്റേഡിയമായി ഉപയോഗിക്കാകുംവിധംമാണ് ഇതിന്റെ രൂപകല്‍പ്പന.
ആന്റോ ആന്റണി എംപിയ്ക്കൊപ്പം ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ബി.സത്യന്, ജില്ലാ പഞ്ചായത്ത് അംഗം ലീലാമോഹന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കലാ അജിത്ത് തുടങ്ങിയവര്‍ സ്കൂള്‍ കെട്ടിട നിര്‍മ്മാണ സ്ഥലത്ത് എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: