അമ്മയെന്‍ ശക്തിയും ബുദ്ധിയും സിദ്ധിയും
അമ്മയെന്നാത്മവിശുദ്ധിയും ദീപ്തിയും
അമ്മയെന്‍ ധര്‍മ്മവും സ്ഥൈര്യവും നന്മയും
അമ്മയെന്‍ കര്‍മ്മവും ജ്ഞാനവും ശാന്തിയും
എന്നുമിമ്മട്ടുള്ളൊരര്‍ത്ഥനയില്‍കുളിര്‍-
ത്തെന്മനം തേടുന്നു സത്യം സദാശിവം!
അമ്മയെന്‍ സ്‌നേഹ സുഗന്ധമായ്, ജീവന-
സംഗീതമായി പെയ്ത് നില്‍ക്കുന്ന ജന്മത്തി-
ലമ്മയെപറ്റിയെന്നല്ലാതെ മറ്റേതു
മംഗല ശക്തിയെപറ്റി വാഴ്‌ത്തീടുവാന്‍…
എന്നോ തുടങ്ങിയ യാത്രയില്‍പെട്ടിരുള്‍-
തിങ്ങുന്ന കാലമഹാരണ്യകങ്ങളില്‍
ജീവിതമെന്ന കടംകഥയ്‌ക്കുത്തരം
തേടുന്നൊരധ്വംഗസ്വപ്‌ന വിഭ്രാന്തിയില്‍,
ആരുടെ സ്‌നേഹമന്ത്രാമന്ത്രണത്തിലൂ-
ടാത്മബോധോദയം കൈവരിച്ചീടുവാന്‍,?
ആരുടെ തൃക്കരാശ്ലേഷസൗഭാഗ്യത്തി-
ലാജന്മസൗഖ്യവും ശാന്തിയും നേടുവാന്‍?
ആ മഹശ്ചൈതന്യമമ്മയല്ലാതെ മ-
റ്റാരമൃതേശ്വരി, അമ്മേ നമോസ്തുതേ…
















