തിരുവല്ല: പെരുന്തുരുത്തി പുതുപ്പള്ളി ഏറ്റുമാനൂര്‍ ബൈപാസിലെ പെരുന്തുരുത്തി ലെവല്‍ ക്രോസില്‍ മേല്‍പ്പാലം നിര്‍മ്മിക്കാന്‍ റെയില്‍വേ നടപടി തുടങ്ങി. എം.സി. റോഡിന് സമാന്തരമായി പത്തനംതിട്ട കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന ബൈപ്പാസിലാണ് മേല്‍പ്പാലം നിര്‍മ്മിക്കാന്‍ തീരുമാനമായത്. തിരുവല്ല ചങ്ങനാശ്ശേരി റെയില്‍പാത കടന്നുപോകുന്ന പെരുന്തുരുത്തി ലെവല്‍ ക്രോസിലാണ് മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം. കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ ശക്തമായ സമ്മര്‍ദ്ദത്തെതുടര്‍ന്നാണ് മേല്‍പ്പാലം നിര്‍മ്മിക്കാന്‍ അന്തിമ തീരുമാനമായത്. പുതിയ മേല്‍പ്പാലം നിര്‍മ്മിക്കാന്‍ 25കോടി രൂപ അനുവദിച്ചതായും എം.പി അറിയിച്ചു. റെയില്‍വേയുടെ മേല്‍നോട്ടത്തിലായിരിക്കും മേല്‍പ്പാലത്തിന്റെ നിര്‍മാണം. ഒരു വര്‍ഷം 1,28,000 വാഹനങ്ങള്‍ ഇതുവഴി കടന്നുപോകുന്നതായാണ് റെയില്‍വേയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒരു ലക്ഷത്തിലധികം വാഹനങ്ങള്‍ കടന്നുപോകുന്ന സ്ഥലങ്ങളില്‍ മേല്‍പ്പാലം നിര്‍മ്മിക്കാമെന്ന റെയില്‍വേയുടെ നിര്‍ദേശം ചൂണ്ടിക്കാട്ടിയായിരുന്നു എം.പി സമ്മര്‍ദ്ദം ചെലുത്തിയത്. ഈ സാഹചര്യത്തിലാണ് പുതിയ പാലത്തിനുള്ള അനുമതിക്ക് വഴിതെളിഞ്ഞത്. മേല്‍പ്പാല നിര്‍മ്മാണം വലിയ പ്രതീക്ഷയോടെയാണ് യാത്രക്കാര്‍ കാണുന്നത്. തിരുവല്ല, ആലപ്പുഴ എന്നിവിടങ്ങളില്‍ നിന്നും എം.സി.റോഡിലൂടെ വരുന്ന ആയിരക്കണക്കിനു യാത്രക്കാര്‍ക്ക് കോട്ടയം, ചങ്ങനാശേരി നഗരങ്ങളിലെ ഗതാഗതക്കുരുക്കില്‍പ്പെടാതെ പെരുന്തുരുത്തി, തെങ്ങണ, പുതുപ്പള്ളി, കോട്ടയം മെഡിക്കല്‍ കോളേജ്, ഏറ്റുമാനൂര്‍, മണര്‍കാട് എന്നിവിടങ്ങളിലേക്ക് സഞ്ചരിക്കാവുന്ന പ്രധാന ബൈപാസാണിത്. എം.സി റോഡിന്റെ നിര്‍മ്മാണം നടക്കുന്നതിനാല്‍ നൂറുകണക്കിന് യാത്രക്കാരാണ് ഇപ്പോള്‍ ദിവസവും ഈ ബൈപ്പാസിനെ ഇപ്പോള്‍ ആശ്രയിക്കുന്നത്. എന്നാല്‍ ലെവല്‍ ക്രോസില്‍ ട്രെയിന്‍ കടന്നുപോകുന്നത് കാത്ത് കിടക്കുന്നത് യാത്രക്കാര്‍ക്ക് ദുരിതമായിരുന്നു.പ്രദേശത്ത് മേല്‍പാലം വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.ബിജെപി അടക്കമുള്ള രാഷ്ട്രീയ സംഘടനകളും നാട്ടുകാരും നിരവധി തവണ അധികൃതര്‍ക്ക് നിവേദനം നല്‍കിയിരുന്നെങ്കിലും അധികൃതര്‍ മൗനം പാലിക്കുകയായിരുന്നു.
എന്നാല്‍ കാലങ്ങളായി മുടങ്ങികിടന്ന ഈ പദ്ധതി കേന്ദ്ര റെയി മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ബിജെപി നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് മേല്‍പാലം എന്ന നാട്ടുകാരുടെ സ്വപ്നം വേഗത്തില്‍ നടപ്പായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: