പത്തനംതിട്ട: ജില്ലയില്‍ പകര്‍ച്ചപ്പനിയും വയറിളക്ക രോഗവും പടരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാകുന്നില്ലെന്ന് ആക്ഷേപവും ഉയരുന്നു. പകര്‍ച്ചപ്പനി ബാധിതരായി ദിനംപ്രതി ജില്ലയിലെ വിവിധ ആശുപത്രികളിലെത്തുന്നത് ആയിരക്കണക്കിന് ആളുകളാണ്. സര്‍ക്കാര്‍ ആശുപത്രികളിലെ കണക്കുകള്‍ മാത്രം പരിശോധിച്ചാല്‍ ശരാശരി 400 ലേറെപ്പേര്‍ ഇന്നലെവരെയുള്ള കണക്കുകള്‍ അനുസരിച്ച് പനിക്ക് ചികിത്സ തേടിയെത്തിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലേയും ആയൂര്‍വേദ ഹോമിയോ ആശുപത്രികളിലും ചികിത്സ തേടിയെത്തിയവരുടെ എണ്ണംകൂടി കൂട്ടുമ്പോള്‍ സര്‍ക്കാര്‍ പുറത്തുവിടുന്ന കണക്കുകളുടെ ഇരട്ടിയിലധികം ആളുകള്‍ ചികിത്സ തേടുന്നുണ്ട്. പനിക്ക് പുറമേ മലേരിയ അടക്കമുള്ള രോഗങ്ങളും ജില്ലയില്‍ കണ്ടു തുടങ്ങിയിട്ടുണ്ട്. പകര്‍ച്ചപ്പനി ബാധിച്ച് ഇന്നലെ സര്‍ക്കാര്‍ ആശുപത്രികളില്‍ 465 ഓളം പേരാണ് ചികിത്സ തേടിയെത്തിയത്. ബുധനാഴ്ച 571 പേരും 21 ാം തീയതി 417 പേരും 20 ാം തീയതി 545 പേരും സര്‍ക്കാര്‍ ആശുപത്രികളില്‍ പനിക്ക് ചികിത്സ തേടിയെത്തിയതായാണ് കണക്കുകള്‍ കാണിക്കുന്നത്. ഈ 23 ദിവസത്തെ സര്‍ക്കാര്‍ കണക്ക് അനുസരിച്ച് തന്നെ എണ്ണായിരത്തിലേറെപേര്‍ പനിബാധിതരായി ചികിത്സ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയിട്ടുണ്ട്. പകര്‍ച്ചപനിക്ക് പുറമേ ഡെങ്കിപ്പനി , എലിപ്പനി എന്നീരോഗങ്ങള്‍ ബാധിച്ചും നിരവധി ആളുകള്‍ ചികിത്സ തേടിയെത്തുന്നുണ്ട്. ഇതിന് പുറമേ ഹെപ്പറ്റൈറ്റിസ് ബി, ചിക്കന്‍പോക്സ് തുടങ്ങിയ രോഗങ്ങളും വിവിധ ഇടങ്ങളില്‍ കണ്ടു തുടങ്ങിയിട്ടുണ്ട്. വയറിളക്ക രോഗങ്ങള്‍ ബാധിച്ചും നൂറുകണക്കിന് ആളുകളാണ് ദിനംപ്രതി സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്നത്. സര്‍ക്കാര്‍ കണക്ക് അനുസരിച്ച് കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ അഞ്ഞൂറിലേറെപ്പേര്‍ വയറിളക്ക രോഗ ബാധിതരായി സര്‍ക്കാര്‍ ആശുപത്രിയില്‍ മാത്രം ചികിത്സ തേടിയെത്തിയിട്ടുണ്ട്.
മാലിന്യങ്ങള്‍ ദിനംപ്രതി കുമിഞ്ഞു കൂടുകയും മഴക്കാവം ആരംഭിക്കുകയും ചെയ്തതോടെ മലിനജലം കെട്ടിക്കിടന്ന് കൊതുകുകളും വര്‍ദ്ധിച്ചു. ഇതും രോഗങ്ങള്‍ പടരുന്നതിന് ഇടിയാക്കിയിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികള്‍ ഏറെയുള്ള ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലാതായതോടെ രോഗങ്ങള്‍ പടരാനുള്ള സാധ്യതയും വര്‍ദ്ധിച്ചിട്ടുണ്ട്.
ഷിഗല്ല ബാക്ടീരിയ പരത്തുന്ന വയറിളക്ക രോഗം മൂലം സംസ്ഥാനത്ത് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതിനാല്‍ വയറിളക്ക രോഗങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ഡി.എം.ഒ ഡോ.ഗ്രേസി ഇത്താക്ക് അറിയിച്ചു. കുടല് കരണ്ടുതിന്നുന്ന ഷിഗല്ല ബാക്ടീരിയ മൂലമുണ്ടാകുന്ന വയറിളക്കം കുട്ടികളെയാണ് കൂടുതലായി ബാധിക്കുന്നത്. മലത്തിനോടൊപ്പം രക്തവും കഫവും കാണുന്ന വയറിളക്കം, വയറുവേദന, ഛര്‍ദി, ചൂട് ഇവയാണ് രോഗലക്ഷണങ്ങള്‍. ആന്റിബയോട്ടിക് നല്കി ചികിത്സ ഉടന്‍ ലഭ്യമാക്കണം. വയറിളക്ക രോഗം ഉണ്ടായാല്‍ ഉടന്‍തന്നെ തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സതേടണമെന്നും ഡി.എം.ഒ അറിയിച്ചു.
വ്യക്തിശുചിത്വവും പരിസര ശുചിത്വവും ഭക്ഷണ ശുചിത്വവും പാലിക്കണം. പൊതുസ്ഥലത്ത് മലമൂത്ര വിസര്‍ജനം ഒഴിവാക്കണം. മലമൂത്ര വിസര്‍ജനത്തിനു ശേഷം കൈകള്‍ സോപ്പിട്ട് കഴുകണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. അടുക്കള മാലിന്യവും ഭക്ഷണാവശിഷ്ടങ്ങളും ശരിയായ രീതിയില്‍ സംസ്കരിക്കണം. ഭക്ഷണ പദാര്‍ഥങ്ങള്‍ അടച്ചു സൂക്ഷിക്കണം. പഴകിയ ഭക്ഷണം ഒഴിവാക്കണം. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി മാത്രം ഉപയോഗിക്കണം. ഫ്രിഡ്ജില്‍ ഭക്ഷണം തുറന്നുവയ്ക്കരുത്. ഫ്രിഡ്ജില്‍ കൂടുതല്‍ ദിവസം സൂക്ഷിച്ച ഭക്ഷണം ഉപയോഗിക്കരുത്. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂ. ഹോട്ടലുകളില്‍ കുടിക്കാനായി ലഭിക്കുന്ന വെള്ളം തിളപ്പിച്ചതാണെന്ന് ഉറപ്പുവരുത്തണം. ഹോട്ടലുകളിലും ഭക്ഷണശാലകളിലും പാത്രങ്ങളും ഗ്ലാസുകളും ശരിയായി കഴുകി വൃത്തിയാക്കണമെന്ന് ഡി.എം.ഒ അറിയിച്ചു. ജില്ലയില്‍ വൈറല്‍പ്പനി ബാധിച്ച് 465 പേര് ഇന്നലെ വിവിധ ആശുപത്രികളില്‍ ചികിത്സതേടിയതായി ഡി.എം.ഒ അറിയിച്ചു. മല്ലപ്പള്ളി, മലയാലപ്പുഴ എന്നിവിടങ്ങളില്‍ രണ്ടു പേര് വീതവും വടശേരിക്കരയില്‍ ഒരാളും ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സതേടി. റാന്നി പഴവങ്ങാടിയില്‍ ഒരാള്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ചിക്കന്‍പോക്സിന് ഒരാളും വയറിളക്ക രോഗങ്ങള്‍ക്ക് 71 പേരും ചികിത്സതേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: