മക്കളില്ലാതെ വിഷമിച്ച ദശരഥന്‍ പുത്രജനനത്തിന്‌വേണ്ടി പുത്രകാമേഷ്ടി യാഗം നടത്തി. യാഗത്തില്‍ നിന്നും ലഭിച്ച പായസം ഋശ്യശൃംഗന്‍ ദശരഥനെ ഏല്‍പ്പിച്ചു. ദശരഥനാകട്ടെ ഈ പായസത്തിന്റെ പകുതി കൗസല്യയ്‌ക്കും അടുത്ത ഭാഗം കൈകേയിക്കും നല്‍കി. ദശരഥന്റെ മറ്റൊരു ഭാര്യയായ സുമിത്ര അന്നേരം ഉദാസീനയായിരിക്കുന്നത് കണ്ട് കൗസല്യ തന്റെ കൈയിലുള്ള പായസത്തിന്റെ പകുതി ഭാഗം സുമിത്രയ്‌ക്കു കൊടുത്തുകൊണ്ടു പറഞ്ഞു:
‘സുമിത്രേ, നിനക്ക് പുത്രനുണ്ടാവുകയാണെങ്കില്‍ അവന്‍ എന്റെ പുത്രനോടൊപ്പം വേര്‍പിരിയാതെ ജീവിക്കട്ടെ.’
കൗസല്യയില്‍ നിന്ന് പായസം സ്വീകരിച്ചുകൊണ്ട് സുമിത്ര പറഞ്ഞു:
‘അങ്ങനെ സംഭവിക്കുമെങ്കില്‍ എന്റെ പുത്രന്‍ നിന്റെ പുത്രന്റെ ദാസനായിരിക്കും!’
അപ്പോള്‍ കൈകേയിയും തനിക്ക് ലഭിച്ച പായസത്തിന്റെ പകുതി ഭാഗം സുമിത്രക്ക് കൊടുത്തുകൊണ്ട്പറഞ്ഞു:
‘ഈ പായസം കഴിച്ച് നിനക്ക് പുത്രനുണ്ടാവുകയാണെങ്കില്‍ അവന്‍ എന്റെ പുത്രനോടൊപ്പവും വേര്‍പിരിയാതെ ജീവിക്കണം.’
കൈകേയിയുടെ വാക്കുകേട്ട് സുമിത്ര പറഞ്ഞു:
‘അങ്ങനെ സംഭവിക്കുകയാണെങ്കില്‍ ആ പുത്രനും നിന്റെ പുത്രനെ വേര്‍പിരിയില്ല.’
രണ്ടുപേരും നല്‍കിയ പായസം കഴിച്ച സുമിത്ര രണ്ടു കുഞ്ഞുങ്ങള്‍ക്കാണ് ജന്മം നല്‍കിയത്. ലക്ഷ്മണന്‍, ശത്രുഘ്‌നന്‍ എന്നിങ്ങനെയായിരുന്നു അവരുടെ പേരുകള്‍. ലക്ഷ്മണന്‍ കൗസല്യയുടെ പുത്രനായ ശ്രീരാമചന്ദ്രനോടൊപ്പവും ശത്രുഘ്‌നന്‍ കൈകേയിയുടെ പുത്രനായ ഭരതനോടൊപ്പവും വേര്‍പിരിയാത്ത സഖ്യത്തിലേര്‍പ്പെട്ടത് ഈ വിധമൊരു ഉടമ്പടി മാതാക്കള്‍ ചെയ്തതിനാലാണത്രെ.
(തുടരും)
















