തദാകര്‍ണ്ണ്യ വചോ ദുഷ്ടം ജാനകീ ഭയവിഹ്വലാ
വേപമാനാ സ്ഥിരം കൃത്വാ മനോ വാചമുവാച ഹ
പൗലസ്ത്യ കിമസദ്വാക്യം ത്വമാത്ഥ സ്മരമോഹിത:
നാഹം വൈ സസൈ്വരിണീ കിന്തു ജനകസ്യ കുലോദ് ഭവാ
വ്യാസന്‍ പറഞ്ഞു: രാവണന്റെ വാക്കുകള്‍ കേട്ട് ഭയത്തോടെയാണെങ്കിലും സ്വയം നിയന്ത്രിച്ചുകൊണ്ട് ജാനകി പറഞ്ഞു: ‘പൗലസ്ത്യനായ അങ്ങ് വെറും കാമപീഡിതനായി ഇങ്ങനെ സംസാരിക്കുന്നതെന്ത്? നിങ്ങളുടെ ഇംഗിതത്തിന് വഴങ്ങാന്‍ ഞാനൊരു വേശ്യയല്ല. വിദേഹപുത്രിയായ രാജ്ഞിയോടാണ് സംസാരിക്കുന്നതെന്ന് അറിഞ്ഞാലും.
പെട്ടെന്ന് ലങ്കയിലേയ്‌ക്ക് മടങ്ങി പോയ്‌ക്കൊള്ളുക. രാമന്‍ വന്നാല്‍ നിന്നെ കൊല്ലും എന്ന് നിശ്ചയം. ഞാന്‍ മൂലമായിരിക്കും നിന്റെ അന്ത്യം.’ ദാശാനനോട് പോകാന്‍ പറഞ്ഞുകൊണ്ട് സീത തന്റെ കുടിലില്‍ എരിയുന്ന അഗ്‌നിയുടെ സമീപത്തേയ്‌ക്ക് നടന്നു. എന്നാല്‍ രാവണന്‍ പെട്ടെന്ന് തന്റെ സ്വരൂപം ധരിച്ചുകൊണ്ട് പേടിച്ചരണ്ട സീതയെ വാരിയെടുത്ത് ആകാശരഥത്തില്‍ കയറ്റിയിരുത്തി. ‘രാമാ, ലക്ഷ്മണാ’ എന്നവള്‍ കരഞ്ഞുകൊണ്ട് ആ തേരില്‍ ഇരുന്നു.
പോകും വഴിയില്‍ ജഡായു എന്ന് പേരായ പക്ഷിരാജന്‍ ആ രഥത്തെ തടഞ്ഞുനിര്‍ത്തി രാവണനുമായി മല്ലിട്ടു. എന്നാല്‍ രാവണന്‍ ജഡായുവിന്റെ ചിറകുകള്‍ അരിഞ്ഞുകളഞ്ഞതിനാല്‍ പരാജിതനായി മണ്ണില്‍ വീണു. രാവണന്‍ സീതയേയും കൊണ്ട് ലങ്കയിലെത്തി. അവളെ അശോകവനത്തില്‍ കൊണ്ടുപോയി അനുനയിപ്പിച്ചു സ്വന്തമാക്കാന്‍ രാവണന്‍ പല രീതിയിലും ശ്രമിച്ചു.
അതിനായി രാത്രിഞ്ചരിമാര്‍ അവന് ഒത്താശ ചെയ്തു.
അപ്പോഴേയ്‌ക്ക് രാമന്‍ മാനിനെ കൊന്ന് സീതയ്‌ക്ക് നല്‍കാനായി കുടിലിലേയ്‌ക്ക് വരുമ്പോള്‍ തന്നെ അന്വേഷിച്ചു വരുന്ന ലക്ഷ്മണനെ കണ്ടു. ‘എന്തിനാണ് നീ എന്റെ പ്രിയതമയെ തനിച്ചാക്കി വന്നത്?’ എന്ന് ചോദിച്ചപ്പോള്‍ ‘അതെന്റെ കാലക്കേട്’ എന്നായി ലക്ഷ്മണന്‍. ‘സീതയുടെ വാക്ശരം പൊറുക്കാഞ്ഞ് ഞാന്‍ അങ്ങയെ തേടിയിറങ്ങിയതാണ്.’
രണ്ടാളും കൂടി പര്‍ണ്ണശാലയില്‍ എത്തിയപ്പോള്‍ സീത അവിടെയില്ല. ദുഖത്തോടെ അവര്‍ സീതയെത്തേടി നടന്നു. അങ്ങനെ നടക്കവേ, രാവണനോട് മല്ലിട്ട് മൃതപ്രായനായിക്കിടക്കുന്ന ജഡായുവിനെ അവര്‍ കണ്ടു.
‘പാപിയായ രാവണന്‍ ജനകജയെ കട്ടുകൊണ്ടുപോകുന്നത്’ താന്‍ കണ്ടുവെന്ന വൃത്താന്തം ആ പക്ഷിപ്രവരന്‍ അവരെ അറിയിച്ചു. പ്രാണന്‍ വിടാറായ പക്ഷിയെ രാമന്‍ അനുഗ്രഹിച്ചു. വിവരമറിയിച്ച് പ്രാണന്‍വെടിഞ്ഞ പക്ഷിക്ക് വേണ്ടി ശേഷക്രിയകള്‍ നടത്തി അവര്‍ യാത്ര തുടര്‍ന്നു. കാട്ടില്‍ കണ്ടുമുട്ടിയ ദുഷ്ടനായ കബന്ധനെ രാമന്‍ വധിച്ചു. അവനില്‍ നിന്നും കിട്ടിയ വിവരമനുസരിച്ച് സുഗ്രീവനുമായി രാമന്‍ സഖ്യത്തിലേര്‍പ്പെട്ടു. രാമന്‍ വീരനായ ബാലിയെക്കൊന്ന് സുഗ്രീവനെ രാജാവാക്കി വാഴിച്ചു.
(തുടരും)
















