ചാത്തന്നൂര്‍: കൊട്ടിയം, ചാത്തന്നൂര്‍ മേഖലകളില്‍ വ്യാപാരശാലകളുടെയും മറ്റും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന ഇടങ്ങളില്‍ കഞ്ചാവടക്കമുള്ള മയക്കുമരുന്നുകള്‍ ഒളിപ്പിക്കാന്‍ ഉപയോഗിക്കുന്നു. എല്ലാപ്രവര്‍ത്തിദിവസങ്ങളിലും പഞ്ചായത്ത് അധികൃതര്‍ മാലിന്യം നീക്കം ചെയ്യുന്നുണ്ടെങ്കിലും രാത്രിയില്‍ ഇവിടെ പ്ലാസ്റ്റിക് കവറുകളിലും അഴുക്കുതുണികളില്‍ പൊതിഞ്ഞുകെട്ടിയും കഞ്ചാവ് ഒളിപ്പിക്കുന്നുണ്ട്. ഏതുതരം മയക്കുമരുന്നും സുരക്ഷിതമായി ഒളിപ്പിച്ചുവയ്‌ക്കാന്‍ മാഫിയകള്‍ മാലിന്യത്തിന്റെ സാധ്യത വിനിയോഗിക്കുകയാണ്. രണ്ടാംശനിയാഴ്ചയും ഞായറാഴ്ചയുമായി ഒന്നിലധികം അവധി വരുന്ന ദിവസങ്ങളില്‍ കൂടുതല്‍ അവസരം ലഭിക്കുന്നു എന്നതും ഇത്തരക്കാര്‍ക്ക് നേട്ടമാണ്.
കൊട്ടിയത്ത് ചില സ്ഥലങ്ങളില്‍ സ്ഥിരമായി മാലിന്യങ്ങള്‍ നീക്കം ചെയ്യാറുമില്ല. കൊട്ടിയം മാര്‍ക്കറ്റ് ഇത്തരക്കാരുടെ സങ്കേതമായിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥരോ ജനങ്ങളോ ശ്രദ്ധിക്കാത്ത അവസരം മുതലെടുത്താണ് പ്രത്യേകം അടയാളങ്ങളുള്ള പാക്കറ്റുകളിലും കവറുകളിലുമാക്കി ഒളിപ്പിച്ച കഞ്ചാവും മറ്റും ഇവിടങ്ങളില്‍ നിന്നും കൊണ്ടുപോകുന്നത്. ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ യാതൊരുവിധ പരിശോധനാസംവിധാനവും ഉണ്ടാകില്ലയെന്നത് അറിയുന്നവരാണ് മാഫിയാസംഘങ്ങള്‍. തിരക്കേറിയ കൊട്ടിയം ജംഗ്ഷനില്‍ പ്രാഥമികസൗകര്യമില്ലാത്തത് കാരണം മലമൂത്രവിസര്‍ജ്ജനം പോലും പാതയോരങ്ങളിലാണ്. ഹോട്ടലുകളുടെയും മറ്റ് പല സ്ഥാപനങ്ങളുടെയും കക്കൂസ് മാലിന്യങ്ങള്‍ പാതയോരത്ത് ഒഴുകുന്നത് നിത്യസംഭവമാണ്. മൂന്ന് പഞ്ചായത്തുകളുടെ ഭാഗമായി തുടരുന്ന കൊട്ടിയം ജംഗ്ഷന്‍ അവഗണനയുടെ നീറ്റലിലാണ്.
















