പൊന്‍കുന്നം: ആധാരം എഴുത്തുകാരുടെ തൊഴില്‍ സംരക്ഷിച്ച് നിലനിര്‍ത്തുന്നതിന് ഏതറ്റം വരെയും പോകുന്നതിന് പൊന്‍കുന്നത്ത് ചേര്‍ന്ന സംസ്ഥാന പ്രതിനിധികളുടെയും ജില്ലാ ഭാരവാഹികളുടെയും സംയുക്തയോഗം തീരുമാനിച്ചു. ഇതിലേക്കായി സംഘടനയെ സമരസജ്ജമാക്കുന്നതിന് എല്ലാ ജില്ലകളിലും യൂണിറ്റുകളിലും അടിയന്തര കണ്‍വന്‍ഷനുകള്‍ ചേരുന്നതിന് തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് അഗസ്റ്റിന്‍ ജോസ് അദ്ധ്യക്ഷത വഹിച്ചു.
ആധാരം ആര്‍ക്കും എഴുതാം എന്ന തരത്തില്‍ വന്ന സര്‍ക്കാര്‍ ഉത്തരവ് ആധാരം എഴുത്ത് സമൂഹത്തെ ആശങ്കയില്‍ ആഴ്‌ത്തിയിരിക്കുകയാണ്. ഉദ്യോഗസ്ഥ മേധാവികളുടെ ഒത്തുകളിയുടെ അടിസ്ഥാനത്തില്‍ വന്ന ഉത്തരവ് അതിന്റേതായ അര്‍ത്ഥത്തില്‍ കണ്ട് പിന്‍വലിക്കണമെന്ന് തൊഴിലാളികളുടെതായ പുതിയ സര്‍ക്കാരിനോടാവശ്യപ്പെട്ടു. ഈ സാഹചര്യത്തില്‍ ഒരു സമരരംഗത്ത് ഇറങ്ങാതെ ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ് സംഘടന ഉദ്ദേശിക്കുന്നതെന്നും ഭാരവാഹികള്‍ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.ജി ഇന്ദു കലാധരന്‍ സമ്മേളനവും കെ എസ് ഈപ്പന്‍ അനുസ്മരണവും ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി കണ്ണനല്ലൂര്‍ രാജേന്ദ്രന്‍പിള്ള മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി എ അന്‍സര്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി. റ്റി ജോണ്‍ , എന്‍ .കെ സുധാകരന്‍ നായര്‍, വി . ശശിമോന്‍, സുരേഷ് ബാബു, എസ്.ബി. സതിശന്‍, ടോം കെ ജോര്‍ജ്, കെ.എസ്. നാരയണന്‍ നായര്‍, വി.എസ്. വിനോദ് കുമാര്‍, ഫാദര്‍ സെബാസ്റ്റ്യന്‍ കിളിരൂപറമ്പില്‍, ടി.പി. രവിന്ദ്രന്‍പിള്ള, ബെന്നി മാത്യു, എന്നിവര്‍ സംസാരിച്ചു.
















