മണിമല: ടൗണിലെ കടയില്‍ നിന്നും ഉടമയെ കബളിപ്പിച്ച് 5000 രൂപയുമായി യുവാവ് കടന്നു. ബസ് സ്റ്റാന്‍ഡിന് സമീപമുള്ള സൂപ്പര്‍മാര്‍ക്കറ്റിലാണ് തട്ടിപ്പ് നടത്തിയത്. കടയിലെ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞ യുവാവിന്റെ ചിത്രവുമായി പോലീസ് അന്വേഷണം തുടങ്ങി.
സൂപ്പര്‍മാര്‍ക്കറ്റിലേക്ക് പഞ്ചസാരയുമായി എത്തിയ ലോറിയുടെ ഡ്രൈവറാണെന്ന് പരിചയപ്പെടുത്തിയ യുവാവ് വാഹനം മൂന്നാനിക്ക് സമീപം ബ്രേക്ക് ഡൗണായെന്നും വര്‍ക്‌ഷോപ്പുകാരന് നല്‍കാന്‍ 5000 രൂപ വേണമെന്നും പറഞ്ഞു. പഞ്ചസാര ലോഡ് വരുന്ന ദിവസമായതിനാല്‍ സംശയം തോന്നാതിരുന്ന കടയുടമ സെയില്‍സ്മാനൊപ്പം ബൈക്കില്‍ പണം നല്‍കി അയച്ചു. മൂന്നാനിക്ക് സമീപം െൈബക്ക് നിര്‍ത്താന്‍ ആവശ്യപ്പെട്ട യുവാവ് സെയില്‍സ്മാനോട് വര്‍ക്‌ഷോപ്പുകാരനെ കണ്ടിട്ടുവരാമെന്ന് പറഞ്ഞ് ഇടവഴിയിലേക്ക് ഇറങ്ങിയ ശേഷം മുങ്ങുകയായിരുന്നു. പത്ത് മിനിട്ടോളം വഴിയില്‍ കാത്തുനിന്ന കടയിലെ ജീവനക്കാരന്‍ സംശയം തോന്നി ചുറ്റുപാടും തെരഞ്ഞെങ്കിലും ആളെ കണ്ടെത്താനായില്ല. വിവരമറിഞ്ഞെത്തിയ നാട്ടുകാരും പോലീസും പ്രദേശത്ത് വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും തട്ടിപ്പുകാരന്‍ രക്ഷപെട്ടിരുന്നു. സൂപ്പര്‍മാര്‍ക്കറ്റിലെ സി.സി.ടി.വിയില്‍ നിന്ന് ലഭിച്ച യുവാവിന്റെ ചിത്രം കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
















