തൃശൂര്‍: നിയമസഭാതെരഞ്ഞെടുപ്പിലെ കനത്തതോല്‍വി പരിശോധിക്കാന്‍ ജില്ലയിലെത്തിയ കെപിസിസി സംഘത്തിന് മുന്നില്‍ പരാതികളുടെ പ്രളയം. മുതിര്‍ന്ന നേതാക്കള്‍ക്കെതിരെയാണ് ഒട്ടുമിക്ക പ്രവര്‍ത്തകരും പരാതിപ്പെട്ടത്.
മന്ത്രി സി.എന്‍.ബാലകൃഷ്ണന്റെ നിലപാടുകളാണ് ജില്ലയില്‍ 12 മണ്ഡലങ്ങളിലും കനത്ത തോല്‍വി ഏറ്റുവാങ്ങാന്‍ ഇടയാക്കിയതെന്ന് ജില്ലയിലെ ഏക കോണ്‍ഗ്രസ് എംഎല്‍എ അനില്‍അക്കര സമിതിക്ക് മുമ്പില്‍ പറഞ്ഞു. സി.എന്‍.ബാലകൃഷ്ണനെതിരായ അഴിമതി ആരോപണങ്ങള്‍ ജില്ലയില്‍ കോണ്‍ഗ്രസ്സിന്റെയും യുഡിഎഫിന്റെയും പ്രതിഛായ തകര്‍ത്തു.
ഏകാധിപത്യ ശൈലിയാണ് സി.എന്‍.ബാലകൃഷ്ണന്റേത്. വടക്കാഞ്ചേരിയില്‍ തന്നെ തോല്‍പ്പിക്കാനും ശ്രമമുണ്ടായി. മുതിര്‍ന്ന നേതാക്കള്‍ ആരും സഹായത്തിനുണ്ടായിരുന്നില്ലെന്നും അനില്‍ അക്കര പറഞ്ഞു. തൃശൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന കെപിസിസി ജനറല്‍ സെക്രട്ടറി പത്മജ വേണുഗോപാലും സിഎന്‍ ബാലകൃഷ്ണന്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ പരാതിപ്പെട്ടു. മണ്ഡലത്തില്‍ ഉണ്ടായിട്ടും മുതിര്‍ന്ന നേതാക്കള്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ പങ്കാളികളായില്ല. സി.എന്‍.ബാലകൃഷ്ണന്‍, തേറമ്പില്‍ രാമകൃഷ്ണന്‍ തുടങ്ങിയവര്‍ നിഷ്‌ക്രിയരായിരുന്നു.
തൃശൂരിലെ പരാജയത്തിന് പ്രധാന കാരണം നേതാക്കളുടെ ഈ സഹകരണക്കുറവായിരുന്നുവെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. മറ്റ് സ്ഥാനാര്‍ത്ഥികളും സമാനമായ പരാതികള്‍ കെപിസിസി സമിതിക്ക് മുന്നില്‍ അവതരിപ്പിച്ചു. രാവിലെ ഡിസിസി ഓഫീസില്‍ ആരംഭിച്ച തെളിവെടുപ്പ് വൈകീട്ടാണ് സമാപിച്ചത്. ഡിസിസി ഭാരവാഹികള്‍ മണ്ഡലം, ബ്ലോക്ക് ഭാരവാഹികള്‍, പോഷകസംഘടന ഭാരവാഹികള്‍ എന്നിവരില്‍ നിന്നെല്ലാം തെളിവെടുത്തു. ഭാരതീപുരം ശശി, ബിന്ദുകൃഷ്ണ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: