അധികാരം ഉണ്ടെന്ന് സ്വയം അറിഞ്ഞാല്‍ പോര. അത് മറ്റുള്ളവരെയും അറിയിക്കണം. എന്നാലേ ഒരിത് ഉള്ളൂ. കാര്യം കേരള രാജ്യത്തെ ശരിയാക്കാന്‍ പിണറായിക്കാരന്റെ നേതൃത്വത്തില്‍ ചിലര്‍ ഒരുങ്ങിപ്പുറപ്പെട്ടിരിക്കുന്നു എന്നത് സത്യമാണ്.
ഉമ്മച്ചന് ആകെ തൂഫാനാക്കിയ തൊഴുത്ത് അത്ര പൊടുന്നനെയൊന്നും വൃത്തിയാക്കാനാവില്ല എന്ന് ഐസക് ഏമാന് കാലേ കൂട്ടി പറഞ്ഞുവെച്ചിരുന്നല്ലോ. പണ്ട് പറഞ്ഞതുപോലെയല്ല സ്ഥിതിഗതികള്‍ എന്ന് അതിയാന് പതിയെപ്പതിയെ മനസ്സിലാവുകയാണ്. എന്നാല്‍ ചിലരുടെ കാര്യം അങ്ങനെയല്ല. അധികാരം എന്നൊരു സാധനം ബാധകയറിയതുപോലെയാണ്.
സാധാരണയുള്ള പ്രകൃതമൊക്കെ മാറും. അന്യജീവി ശരീരത്തില്‍ കടന്നതുപോലെയിരിക്കും.
ആദ്യം ഇത്തരത്തില്‍ ഒരു ബാധ കയറിയത് മൊയ്തീന്കാക്കയിലാണ്. കൊടുങ്ങല്ലൂരില്‍ ഇതിയാന്റെ പാര്ട്ടിക്കാര് ആഹ്ലാദപ്രകടനം നടത്തുമ്പോള്‍ കണ്ണില്‍ക്കണ്ടവരെയൊക്കെ ചറപറാ അടിച്ചും കുത്തിയും വെട്ടിയും ശരിയാക്കാന്‍ തുടങ്ങി.
അധികാരം തലയ്ക്കുപിടിച്ചാല്‍ പിന്നെ അങ്ങനെയാണല്ലോ. ഒരു കുടുംബത്തിന്റെ അത്താണിയായ യുവാവിനെ ഇടിച്ചുകൊന്നു. പോലീസ് ഏതായാലും നടപടി ആരംഭിച്ചു. അതിന്റെ ചൂട് അല്പം കൂടിയപ്പോള്‍ അതാ പ്രത്യക്ഷപ്പെടുന്നു നമ്മുടെ മൊയ്തീനിക്ക. കാക്കിയിട്ട വിദ്വാനെ മുന്നില്‍ കണ്ടതും അധികാരത്തിന്റെ അമ്പുകള്‍ ചറപറ പായുകയായി. ടായ് എന്തു കരുതി. നമ്മുടെ പിള്ളാരുടടുത്താകളി. കൂടുതല്‍ വിളഞ്ഞാല്‍ എന്തുവേണമെന്ന് എനിക്കറിയാം എന്നിങ്ങനെ ഡോസ് കൂട്ടിയും കുറച്ചും ഭീഷണി. പേടിച്ചുവിറച്ച ഏമാന് ക, മ എന്ന് മിണ്ടിയില്ല. അധികാരത്തിന്റെ ഒര് ഇതേ. സംഗതി കഴിഞ്ഞ് ആഴ്ചകള്‍ കഴിഞ്ഞിട്ടും മൊയ്തീന് സായ്വിന്റെ പ്രകടനത്തെ അപലപിക്കാനോ അതിനെതിരെ രണ്ടു വാക്കു പറയാനോ പാര്‍ട്ടി തയ്യാറായില്ല; ഭരണകൂടവും.
അതിനുശേഷം അതാ ഘടാഘടിയനായ മറ്റൊരാള്‍ ബാറ്റണ്‍ വാങ്ങി രംഗത്ത്. കണ്ണൂര്‍ ത്രയങ്ങളിലെ ടിയാന് ഭാരതത്തിന്റെ അഭിമാന താരത്തിനെതിരെയാണ് അമ്പയച്ചത്. കായികരംഗം കപ്പലണ്ടിക്കച്ചവടമാണോ, കണ്ടം കൊത്തലാണോ എന്നറിയാത്തതുകൊണ്ടാണതെന്ന് കാലികവട്ടം ഫെയിം കണാരേട്ടന് പറയുന്നു.
ശരി വിട്ടേക്കാം. ഏതായാലും മമ്മാലിയെക്കുറിച്ച് പറഞ്ഞതുപോലെയല്ല അതെന്നതില്‍ സമാധാനിക്കാം. എന്നാല്‍ അധികാരത്തിന്റെ ബാറ്റണ്‍ മുന്നോട്ട് കൊണ്ടുപോകാതെ വയ്യ. ഏറ്റവും ഒടുവില്‍ അതിന് നറുക്കുവീണത് ഷൊര്‍ണൂരുകാരുടെ ജനപ്രതിനിധിക്കാണ്. തങ്ങളുടെ പാര്‍ട്ടിക്കാര്‍ക്ക് തീറെഴുതിക്കിട്ടിയ സംസ്ഥാനത്ത് എന്തും നടത്താനുള്ള അവകാശമുണ്ടെന്ന് ആരും തിരിച്ചറിയാത്തതാണ് പി.കെ. ശശി എന്ന ജനപ്രതിനിധിക്ക് പ്രശ്നമായത്. അവിടെയും പാരവെക്കാന്‍ മുമ്പന്തിയില്‍ പോലീസ് തന്നെ. കാക്കിക്കാരെ കണ്ടാല്‍ തന്നെ പൊതുവെ കലി വരുന്ന കൂട്ടത്തിലാണ് ശശിയദ്യം. ഇങ്ങനെയൊക്കെ ചെയ്യാമോ സഖാക്കളെ എന്നോ മറ്റോ അവിടുത്തെ സിഐ ചോദിച്ചുപോയി. പോലീസ് മാന്വല്‍ മാറ്റിയതൊന്നും ആ പാവം അറിഞ്ഞിരുന്നില്ല. അതുകൊണ്ട് ചില സഖാക്കളെ നന്നായി തന്നെ അദ്ദേഹം സല്ക്കരിച്ചു.
അതിന്റെ ചൊരുക്കില്‍ വാ മുഴുവന്‍ മുഴുത്ത സരസ്വതിയുടെ വിളയാട്ടമാണുണ്ടായത്. ഈ കേരള രാജ്യം ഭരിക്കാന്‍ അറിയാമെങ്കില്‍ ഇവിടുത്തെ മറ്റു കാര്യങ്ങളും ചെയ്യാന്‍ പാര്‍ട്ടിക്കാര്‍ക്ക് സാധിക്കുമെന്നും കാക്കിയിട്ട് ശുദ്ധ തെമ്മാടിത്തം നടത്തുന്നോ എന്നുമാണ് ശശിയദ്യം കാക്കിയജമാനനോട് പറഞ്ഞത്. ഹാ എന്തു നല്ല ജനപ്രതിനിധി അല്ലേ? ഇങ്ങനെ വേണം ജനപ്രതിനിധികള്‍ പെരുമാറാന്‍. ഇതൊക്കെ കാണുമ്പോള്‍ കുളിരുകോരുന്നില്ലേ? എല്ലാം ശരിയാക്കാന്‍ ഇമ്മാതിരി ശശിമാര്‍ വേണ്ടിവരുമെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ?
ഇനിയെത്രയെത്ര ശശിമാര്‍ രംഗത്തുവരാനിരിക്കുന്നു. ആ, ഇടയ്ക്ക് കണാരേട്ടന് ഇടപെടുന്നുണ്ട്. ഈ ശശി പറഞ്ഞതില്‍ എന്തെങ്കിലും തെറ്റുണ്ടെന്ന് ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം എന്ന് പറഞ്ഞിട്ടുണ്ടത്രേ. അദ്യത്തിന് താന്‍ നടത്തിയ പരാമര്‍ശത്തില്‍ ഒരു തെറ്റും കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പച്ച മലയാളത്തിലാണ് ജനപ്രതിനിധി പറഞ്ഞതെന്നതില്‍ നമുക്ക് അഭിമാനിക്കാം. ആംഗലേയത്തില്‍ തെറി പറഞ്ഞാല്‍ അതിനൊരു പ്രത്യേക ശക്തിയുണ്ടെന്നാണല്ലോ ചിലരൊക്കെ ധരിച്ചുവെച്ചിരിക്കുന്നത്. ശശിയദ്യം അത് വെട്ടിനിരത്തി.
ഇടയ്ക്കൊരു കാര്യം വിട്ടുപോയി.
നമ്മുടെ പാര്‍ട്ടിയുടെ മുതലാളി തിര്വന്തോരത്തെ പത്രക്കാരോട് ചിലതൊക്കെ പറഞ്ഞിരുന്നു. ജനങ്ങളോട് എംഎല്‍എമാര്‍ ഉള്‍പ്പെടെ മാന്യമായി പെരുമാറണം. രണ്ടാം അധികാരകേന്ദ്രമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ മാറരുത് എന്നൊക്കെ. അങ്ങനെ എന്തൊക്കെ പറയുന്നു, ആരിതൊക്കെ കേള്‍ക്കുന്നു എന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടുണ്ടെന്നതിന് ശശി തന്നെയല്ലേ തെളിവ്. പ്ലീനം പറഞ്ഞിട്ട് കേട്ടിട്ടില്ല, പിന്നെയാ.
**********
അധികാരത്തിന് അതിന്റേതായ ഒരു സുഖമുണ്ട്. അത് പോയാല്‍ അസുഖവും വരും. വേലിക്കുള്ളിലെ ദേഹം കുറേ കാലം കാത്തുനിന്നു. എപ്പോഴാണ് വിളി വരുന്നതെന്ന് അറിയില്ലല്ലോ. എന്നാല്‍ അത് അടുത്തൊന്നും സംഭവിക്കില്ലെന്ന് അറിഞ്ഞതോടെ ആകെയുള്ള ചെറിയ അധികാരം എടുത്തു പ്രയോഗിക്കാന്‍ തന്നെ തീരുമാനിച്ചു. അങ്ങനെ എംഎല്‍എ ഹോസ്റ്റലിലെ ഒരു മുറിയില്‍ പൂജയും ധ്യാനവും തുടങ്ങി. അതു കണ്ടുനിന്ന മാധ്യമങ്ങളോട് ഒരു ചോദ്യവും, ഇപ്പോള്‍ എംഎല്‍എ ആണെന്നു മനസ്സിലായല്ലോ? ചിലരെ മനസ്സിലാക്കാന്‍ വലിയ പ്രയാസമാണ്.
കരള്‍ പറിച്ചുകൊടുത്താലും ചെമ്പരത്തിപ്പൂ എന്നു പറഞ്ഞുകളയും. ആയതിനാല്‍ യഥാര്‍ത്ഥസംഗതി അങ്ങനെ തന്നെ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടേയുള്ളവരുടെ മുമ്പില്‍ വെളിപ്പെടുത്തുകയായിരുന്നു. എപ്പോഴും വേലിക്കുള്ളിലായിരുന്നതിനാല് പുറത്തെന്താണ് നടക്കുന്നതെന്നറിഞ്ഞിരുന്നില്ല.
അധികകാലം നിശ്ശബ്ദനായിരുന്നാല്‍ പിന്നെ ശബ്ദിക്കേണ്ടി വരികയേ ഇല്ലെന്ന തിരിച്ചറിവാണ് ഇതിനൊക്കെ വഴിവെച്ചത്. അതിന്റെ ഉള്ളറകളില്‍ എന്തൊക്കെയുണ്ടായാലും ഇതാണ് വാസ്തവത്തില്‍ സംഭവിക്കുന്നതെന്ന് ബൈജു വരച്ചിടുന്നു മലയാള മനോരമ(ജൂണ്‍ 14)യില്‍. വരയിലെ ചിരിയേക്കാള്‍ ചിരിയിലെ രാഷ്ട്രീയത്തിലേക്കാണ് ബൈജുവിന്റെ വര പോകുന്നത്.
**********
അധികാരം ജനപ്രതിനിധികള്‍ക്കും മറ്റുമായി പരിമിതപ്പെട്ടു പോവുമ്പോള്‍ സ്വാഭാവികമായും പ്രതിഷേധം ഉയരും. അതൊക്കെ കണ്ടാവും ആധാരം സ്വയമെഴുതാന്‍ എല്ലാ ടിയാന്മാര്ക്കും അധികാരം നല്കാന് തീരുമാനിച്ചത്. ഒന്നുമില്ലാത്തവനും ആറടി മണ്ണിന്റെ ജന്മി എന്നല്ലോ പറയാറ്. പക്ഷേ, ഭസ്മമായിപ്പോകുന്നവന് അതും അവകാശപ്പെടാനില്ല. എന്നാല്‍ ഉള്ള ഭൂമി വില്‍ക്കാനോ മറ്റൊന്ന് വാങ്ങാനോ ഇനി ആധാരമെഴുത്തുകാരന്റെ മുമ്പില്‍ കൈകെട്ടി ഓച്ഛാനിച്ച് നില്‍ക്കണ്ട.
കടംവാങ്ങി ഫീസ് കൊടുക്കണ്ട. ഇതാ അതിനുള്ള അവകാശം പൗരന് ലഭ്യമാവുന്നു. ഇത് പരമാധികാരമാണോ? അങ്ങനെയൊന്ന് ഞങ്ങള്‍ തരുന്നു എന്ന് ഇന്നത്തെ സര്‍ക്കാറിന് പറയാനാവുമോ? വരും ഇനിയും വസന്തമെന്നു കരുതി പുതുപ്പള്ളിയിലെ ഇച്ചായന് മുമ്പെഴുതിവെച്ചതായിരുന്നു. പക്ഷേ, കിംഫലം? ദൈവത്തിന്റെ ഓരോ കളികളേയ്. തൊള്ളഭാഗ്യമുണ്ടെങ്കില് തിന്നാന്‍ കിട്ടും എന്ന് ഇതിനെയൊക്കെയാണോ പറയുന്നത്? ആവോ ആര്‍ക്കറിയാം.
നേര്‍മുറി
തെമ്മാടിത്തരം
എന്നാല്‍
നെറികേട്: വിദ്വാന് പി.കെ. ശശി എംഎല്‍എയുടെ നിഘണ്ടുവില്‍ നിന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: