മണ്ണാര്‍ക്കാട്: അന്യസംസ്ഥാന തൊഴിലാളികളെ കുറിച്ച് പോലീസ് വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി. ഇത്തരക്കാരെ ജോലിക്കു നിയമിക്കുന്നവര്‍ അവരുടെ വിവരങ്ങള്‍ അറിയിക്കണമെന്ന് മണ്ണാര്‍ക്കാട് പോലീസ് അറിയിച്ചു.
ജില്ലയില്‍ തന്നെ ഏറ്റവുമധികം അന്യസംസ്ഥാന തൊഴിലാളികള്‍ അധിവസിക്കുന്ന മണ്ണാര്‍ക്കാട് ലഹരിമുറുക്കലും വില്‍പ്പനയും വ്യാപകം.
പെട്ടിക്കടകള്‍ കേന്ദ്രീകരിച്ച് മുറുക്കാന്‍ കച്ചവടം നടത്തുന്നവരാണ് ലഹരിമുറുക്കാന്‍ കൊണ്ടുവന്ന് വില്പന നടത്തുന്നത്. എക്സൈസ് വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും കണ്ണുവെട്ടിച്ചാണ് കച്ചവടം തകൃതിയായി നടത്തുന്നത്.
ബംഗാള്‍, ബീഹാര്‍, ഒറീസ, ആന്ധ്രപ്രദേശ്, ഉത്തര്‍ പ്രദേശ്, അസം എന്നിവിടങ്ങളിലുള്ളവരാണ് ജോലിതേടിയെത്തി മുറികള്‍ വാടകക്കെടുത്ത് താമസിക്കുന്നത്. കോണ്‍ക്രീറ്റ് പണിയും മറ്റ് പല ജോലികളും ചെയ്ത് ജീവിച്ചുപോകുന്നു.
എന്നാല്‍ ഇവിടെയുള്ള പല ക്യാമ്പുകളിലും മദ്യവും, മയക്കുമരുന്നും, പുകയില ഉത്പന്നങ്ങളും, പാന്‍ മുറുക്കലും സജീവമായി നടക്കുന്നുണ്ട്. സാധാരണ പുകയിലയെക്കാളും അമിത ലഹരികൂടിയ പുകയില ചേര്‍ത്തിയ മുറുക്കാണ് ഇവര്‍ ഉപയോഗിക്കുന്നത്. ഇതിന്റെ അമിതോപയോഗം കുറ്റകൃത്യങ്ങള്‍ക്ക് പ്രേരണയാകുന്നു.
നഗരത്തില്‍ പുകയില ഉത്പന്നങ്ങള്‍ നിരോധിച്ചിട്ടുണ്ടെങ്കിലും നാമമാത്രമെ റൈഡുകള്‍ നടക്കുന്നുള്ളു. ലഹരിമുറുക്കല് ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്ന ഏജന്റുമാരും ഇതിനിടയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു പ്രവശ്യം മുറുക്കുന്നതിന് 10 മുതല്‍ 30 രൂപ വരെ ഈടാക്കുന്നതായി അന്യസംസ്ഥാന തൊഴിലാളികള്‍ ജന്മഭൂമിയോട് പറഞ്ഞു.
സമയം പോക്കിനുവേണ്ടിയാണ് ഇതു മുറുക്കുന്നതെന്നും എന്നാല്‍ പലരും ഇതിന് അടിമയായിട്ടുണ്ടെന്നും ഇതുമൂലം രോഗികളായി സ്വദേശത്തേക്ക് മടങ്ങിയവരുമുണ്ടെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് അവര്‍ പറഞ്ഞത്.
ചികിത്സക്ക് ഭാരിച്ച ചിലവ് വരുന്നതിനാലാണ് ഇവിടം ഉപേക്ഷിച്ച് പോകുന്നത്. അമിതമായി മദ്യപിച്ച് ലഹരിമുറുക്കലും കൂടിയായാല്‍ എന്തും പ്രവര്‍ത്തിക്കാന്‍ മനസ്സ് സജ്ജമായി തോന്നുമെന്നാണ് ചിലര്‍ പറയുന്നത്. കേരളത്തില്‍ ജിഷയുടെ കൊലപാതകി അമീറുള്‍ ഇസ്ലാമടക്കം ഇത്തരം ലഹരി ഉത്പന്നങ്ങള്‍ ഉപയോഗിച്ചാണ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത്.
ഇതിനെല്ലാം കാരണം അന്യസംസ്ഥാന തൊഴിലാളികള്‍ക്കുള്ള നിയന്ത്രണം സര്‍ക്കാര്‍ വേണ്ടുന്ന രീതിയില്‍ കൈകാര്യം ചെയ്യാത്തതാണ്. അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ പോലീസ് ശേഖരിക്കുകയോ, പ്രത്യേക നിയമം നടപ്പിലാക്കുകയോ ചെയ്താല്‍ ഇതിന് ശാശ്വത പരിഹാരമാകുമെന്നാണ് വിദഗ്ദര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: