കോഴിക്കോട്: പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയുടെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളജിനെ മികവിന്റെ കേന്ദ്രമാക്കാന്‍ 125 കോടി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചതിന് പുതിയ അവകാശവാദവുമായി ചിലര്‍ രംഗത്ത്. യുപിഎ സര്‍ക്കാരാണ് പിഎംഎസ്എസ് യോജന പദ്ധതി പ്രകാരം കോഴിക്കോട് മെഡിക്കല്‍ കോളജിന് പദ്ധതി അനുവദിച്ചതെന്നും കോഴിക്കോട് എം.പി. എം.കെ. രാഘവന്റെ പരിശ്രമമാണ് ഇതിന്റെ പിന്നിലെന്നുമാണ് അവകാശവാദമുയര്‍ത്തുന്നത്. 2003 ല്‍ എബി വാജ്‌പേയി പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷ യോജന(പിഎംഎസ്എസ്‌വൈ) ആരംഭിക്കുന്നത്. ആരോഗ്യ ചികിത്സാ രംഗത്തെ പ്രാദേശിക അസന്തുലിതാവസ്ഥ ഇല്ലാതാക്കാനും കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ ലഭ്യമാക്കാനും ആണ് വാജ്‌പേയി സര്‍ക്കാര്‍ ഈ പദ്ധതി ആവിഷ്‌കരിച്ചത്. പുതിയ എയിംസ് കേന്ദ്രങ്ങളാരംഭിക്കാനും നിലവിലുള്ള ഗവണ്‍മെന്റ് മെഡിക്കല്‍ കോളജുകള്‍ മികവിന്റെ കേന്ദ്രങ്ങളുമാക്കാനുമാണ് ഈ പദ്ധതി ഉദ്ദേശിച്ചത്.
എന്നാല്‍ ഇതിന്റെ ആദ്യ രണ്ടു ഘട്ടങ്ങള്‍ നടപ്പിലായതിന് ശേഷമാണ് കോഴിക്കോട് മെഡിക്കല്‍ കോളജിന് പദ്ധതിയുടെ ഗുണഫലം ലഭിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ പോലും കോഴിക്കോട് മെഡിക്കല്‍ കോളജ് സ്ഥാനം പിടിക്കാത്തത് സ്ഥലം എംപിയുടെ അലംഭാവം കൊണ്ടായിരുന്നു. യുപിഎ സര്‍ക്കാര്‍ ഭരിച്ച കാലഘട്ടങ്ങളിലൊന്നും കോഴിക്കോട് മെഡിക്കല്‍ കോളജിന് പിഎംഎസ്എസ്‌വൈ പദ്ധതി പ്രകാരമുള്ള ഗുണം ലഭിച്ചില്ല. കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നദ്ദ കോഴിക്കോട് മെഡിക്കല്‍ കോളജിനെ പിഎംഎസ്എസ്‌വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു, ഇതാണ് തന്റെ നേട്ടമായി എം.പിയും കൂട്ടരും പ്രചരിപ്പിക്കുന്നത്. ആദ്യ ഘട്ടത്തിലെ പത്ത് മെഡിക്കല്‍ കോളജുകളുടെ നവീകരണം ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു. രണ്ടാം ഘട്ടത്തിലെ ആറു മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം പുരോഗമിച്ചുവരികയാണ്. മൂന്നാം ഘട്ടത്തിലാണ് കോഴിക്കോടിന് സ്ഥാനം പിടിക്കാന്‍ കഴിഞ്ഞത്. 18 മാസങ്ങള്‍ കൊണ്ട് കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കി സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗം കൂടുതല്‍ നവീകരിക്കാനാണ് പദ്ധതി. ഇതിന്റെ തറക്കല്ലിടല്‍ കര്‍മ്മം ജൂലൈ 15ന് മുമ്പ് നടത്താനാണ് ആലോചിക്കുന്നത്.
മൂന്നാം ഘട്ടത്തില്‍ 39 മെഡിക്കല്‍ കോളജുകളാണ് ഉള്‍പ്പെടുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിലവിലുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിനു പുറമെ ആറു നിലയില്‍ 17800 സ്‌ക്വയര്‍ മീറ്റര്‍ കെട്ടിടമാണ് പുതുതായി നിര്‍മ്മിക്കുക. 71.3 കോടി രൂപയാമ് കെട്ടിട നിര്‍മ്മാണത്തിന് ചെലവാകുക. യൂറോളജി, കാര്‍ഡിയാക് സര്‍ജറി, പ്ലാസ്റ്റിക് സര്‍ജറി, ന്യൂറോ സര്‍ജറി, സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ എന്നീ വിഭാഗങ്ങളാണ് ഇവിടെ ആരംഭിക്കുക. സംസ്ഥാന സര്‍ക്കാരിന്റെ വിഹിതമായി 25 കോടി അനുവദിക്കുന്നത് കൂടാതെ പുതിയ ചികിത്സാ വിഭാഗങ്ങള്‍ക്കാവശ്യമായ ഡോക്ടര്‍മാര്‍ ഒഴികെയുള്ള സ്റ്റാഫിനെയും സംസ്ഥാന സര്‍ക്കാര്‍ നിയമിക്കണം. രാജ്യത്തെ ആരോഗ്യ, ചികിത്സാ രംഗത്ത് കുതിച്ചുചാട്ടത്തിന് അവസരമൊരുക്കുന്ന പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന തങ്ങളുടെ നേട്ടമാണെന്ന് കുപ്രചാരണം നടത്താനാണ് എംപി. ശ്രമിക്കുന്നത്. യുഡിഎഫ് അനൂകൂല പത്രങ്ങളും ഇതിന് പിന്നാലെയുണ്ട്.
















