കൊല്ലം: കളക്‌ട്രേറ്റ് ബോംബ് സ്‌ഫോടനത്തിന്റെ അന്വേഷണത്തില്‍ പുരോഗതിയുണ്ടെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് മാവോയിസ്റ്റുകളുമായി ബന്ധമുള്ളവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കൊല്ലം റൂറല്‍ പോലീസിന്റെ സഹായത്തോടെയാണ് ഇപ്പോള്‍ ചോദ്യം ചെയ്യല്‍ നടക്കുന്നത്. മാവോയിസ്റ്റ് നേതാവ് രൂപേഷുമായി ബന്ധമുള്ള ചിലരെ കുണ്ടറ പോലീസ് കഴിഞ്ഞവര്‍ഷം അറസ്റ്റ് ചെയ്തിരുന്നു. ആ സംഭവങ്ങളുടെ പശ്ചാത്തലം മുന്‍നിര്‍ത്തിയാണ് അന്വേഷണം. അതുമായി ബന്ധമുള്ളവരെയാണ് ഇപ്പോള്‍ ചോദ്യം ചെയ്യുന്നത്. അതേസമയം മൂന്ന് മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ പോലീസിന്റെ കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. ഇവര്‍ക്ക് ബോംബ് സ്‌ഫോടനം നടത്തിയവരുമായി ബന്ധമുണ്ടെന്നാണ് സൂചന. എന്നാല്‍ പോലീസ് ഇതുവരെയും പ്രതികളെ പിടികൂടിയിട്ടില്ലയെന്ന് വെളിവാക്കുന്നുണ്ട്. സംഭവത്തിന് പിന്നില്‍ തീവ്രവാദ പ്രവര്‍ത്തകരാണെന്നത് ഉറപ്പിച്ചുകഴിഞ്ഞു. സംഭവത്തിന്റെ അന്വേഷണ പുരോഗതിയുള്ള റിപ്പോര്‍ട്ട് സിറ്റി പോലീസ് കമ്മീഷണര്‍ സതീഷ് ബിനോ റേഞ്ച് ഐജി മനോജ് എബ്രാഹാമിന് നല്‍കിയിട്ടുണ്ട്. സ്‌ക്വാഡ് തിരിച്ചുള്ള അന്വേഷണത്തില്‍ പുരോഗതിയുണ്ടെന്നാണ് സൂചന. സിറ്റി പരിധിക്ക് കീഴിലുള്ള ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിക്കുന്നത്. പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം നടത്തുന്നുണ്ട്. ദിവസങ്ങള്‍ക്കുള്ളില്‍ പ്രതികള്‍ പിടിയിലാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്. തമിഴ്‌നാട്, ആന്ധ്രപ്രദേശ്, എന്നീ സംസ്ഥാനങ്ങളിലും അന്വേഷണം നടക്കുന്നുണ്ട്. അവിടുത്തെ പോലീസിന്റെ സഹായവും കേരളാ പോലീസ് വാങ്ങിക്കുന്നുണ്ട്.
















