കുന്നത്തൂര്‍: ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെ പ്രവര്‍ത്തനം താളം തെറ്റുന്നതിലും ഡോക്ടര്‍മാരുടെ അഭാവം പരിഹരിക്കണമെന്നാവശ്യപ്പെട്ടും ബിജെപി പ്രവര്‍ത്തകര്‍ ആര്‍എംഒയെ ഉപരോധിച്ചു. നിലവില്‍ ആശുപത്രിയില്‍ കൃത്യമായി ഡോക്ടര്‍മാര്‍ എത്താറില്ല.
ഓപ്പറേഷന്‍ തീയറ്ററിന്റെയും കാഷ്വാലിറ്റിയുടെ പ്രവര്‍ത്തനം ഏറെകുറെ നിലച്ച മട്ടാണ്. രോഗികള്‍ക്ക് കൃത്യമായ ചികിത്സ നല്‍കുവാന്‍ സാധിക്കുന്നില്ല. ഇത്തരം പരാതികള്‍ രേഖാമൂലം ആശുപത്രി സൂപ്രണ്ടിനെ നിരവധിതവണ അറിയിച്ചിട്ടും നടപടി സ്വീകരിച്ചിട്ടില്ല. സൂപ്രണ്ട് പോലും ഇവിടെ എത്താറില്ലെന്ന് രോഗികള്‍ തന്നെ പറയുന്നു. ഈ സാഹചര്യത്തിലാണ് പ്രശ്‌നങ്ങള്‍ക്ക് അടിയന്തിര പരിഹാരം കാണണമെന്ന ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ ആര്‍എംഒയെ ഉപരോധിച്ചത്. രാവിലെ 9.30ഓടെ ആരംഭിച്ച ഉപരോധം ഉച്ചവരെ നീണ്ടു. പ്രതിഷേധം ശക്തമാകുമെന്ന് മനസിലായ പോലീസ് അടിയന്തിര ചര്‍ച്ച നടത്തണമെന്ന് ഡിഎംഒയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബിജെപി നേതാക്കള്‍ ഡിഎംഒയുമായി സംസാരിച്ചു.
രണ്ട് ദിവസത്തിനകം ഡോക്ടര്‍മാരുടെ അഭാവം അടക്കമുള്ള പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന് ഡിഎംഒയുടെ ഉറപ്പില്‍ ബിജെപി ഉപരോധസമരം അവസാനിപ്പിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ആര്‍.രാജേന്ദ്രന്‍പിള്ള സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിമാരായ ടി.കലേശന്‍, പൂന്തോട്ടം സത്യന്‍, ഗോകുലം തുളസി, രമാദേവി, ലതാ വി നായര്‍, സുവര്‍ണകുമാരി, സത്യപാലന്‍നായര്‍, അജികുമാര്‍, ആല്‍ഫാ ജയിംസ്, രഘുനാഥ് തുടങ്ങിയവര്‍ സംസാരിച്ചു.
















