കാഞ്ഞങ്ങാട്: സര്‍ക്കാര്‍ ഡോക്ടര്‍ക്ക് പ്രത്യേക സ്വകാര്യ ലാബിനോട് സ്നേഹം. മറ്റുലാബുകളുടെ റിപ്പോര്‍ട്ട് നിരസിക്കുന്നതായി നാട്ടുകാര്‍ മെഡിക്കല്‍ ഓഫീസര്‍ക്ക് പരാതി നല്കി. മെഡിക്കല്‍ ഓഫീസര്‍ ഇതുസംബന്ധിച്ച് ഡിഎംഒ ക്ക് റിപ്പോര്‍ട്ട് നല്കി. മലയോരത്തെ അതിര്‍ത്തി പ്രദേശമായ പാണത്തൂരിലെ പാവങ്ങളുടെ ആശുപത്രിയായ പാണത്തൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് സര്‍ക്കാര്‍ ഡോക്ടറുടെ സ്വകാര്യ ലാബ് സ്നേഹം അരങ്ങേറുന്നത്. ലാബ് ടെക്നിഷ്യനില്ലാത്ത പാണത്തൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തുന്ന രോഗികള്‍ ആശുപത്രിയില്‍ നിന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന പരിശോധനകള്‍ക്ക് അവിടെത്തന്നെയുള്ള സ്വകാര്യ ലാബുകളെയാണ് ആശ്രയിക്കുന്നത്. അഞ്ചോളം സ്വകാര്യ ലാബുകളാണ് പാണത്തൂരിലുള്ളത്. എന്നാല്‍ ചില സ്വകാര്യ ലാബുകളില്‍ നിന്ന് നടത്തുന്ന പരിശോധനകള്‍ മാത്രമേ ഡേക്ടര്‍ സ്വീകരിക്കുന്നുള്ളുവെന്ന് കാണിച്ച് നാട്ടുകാരാണ് മെഡിക്കല്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയത്. ഡോക്ടര്‍ക്ക് താല്പര്യമില്ലാത്ത മറ്റുലാബുകളില്‍ നിന്ന് പരിശോധന നടത്തിയ റിപ്പോര്ട്ടുമായെത്തിയാല് അത് വലിച്ചെറിയുന്നതായും മറ്റേ ലാബില്‍ പോയി പരിശോധന നടത്താന്‍ ആവശ്യപ്പെടുന്നതായും നാട്ടുകാര്‍ പറയുന്നു. ലാബ് ഉടമകളുടെ കൈയ്യില്‍ നിന്ന് മാസപ്പടി വാങ്ങിയാണ് ഡോക്ടര്‍ പ്രവര്‍ത്തിക്കുന്നതെന്നും ആരോപണമുണ്ട്. സംഭവം സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. അടുത്ത ദിവസം തന്നെ ആശുപത്രിയില്‍ ലാബ് ടെക്നീഷ്യനെ നിയമിക്കുമെന്നും ഡിഎംഒ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: