കാഞ്ഞങ്ങാട്: കെഎസ്ടിപി റോഡിന് ഓടയില്ലാത്തതിനാല്‍ മഴവെള്ളം വീട്ടുമുറ്റത്തും, വ്യാപാരസ്ഥാപനത്തിനകത്തും കെട്ടിക്കിടക്കുന്നതായി പരാതി. കനത്ത മഴയില്‍ റോഡില്‍ നിന്നും ഒഴുകി വരുന്ന വെളളം സമീപത്തെ വീടുകളുടെ മുറ്റത്ത് കെട്ടിക്കിടന്ന് വീട്ടുകാര്‍ക്ക് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ഇവിടുത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കും മഴവെള്ളം കുത്തിയൊലിക്കുന്നതായും പരാതിയില്‍ പറയുന്നു.
കഴിഞ്ഞ ദിവസമുണ്ടായ ശക്തിയായ മഴയില്‍ സമീപത്തെ റേഷന്‍ കടയില്‍ വെള്ളം കയറി ചാക്കുകണക്കിന് ഗോതമ്പും അരിയുമാണ് നശിച്ചത്. മുപ്പതോളം വ്യാപാര സ്ഥാപനങ്ങളും 25 ഓളം വീടുകളും ഇപ്പോള്‍ കടുത്ത മഴവെള്ള ഭീഷണിയിലാണ്. ഓടയില്ലാത്തതിനാല്‍ വെള്ളം കുത്തിയൊലിച്ച് റോഡിന്റ പാര്‍ശ്വഭാഗം തകര്‍ന്നുതുടങ്ങിയിട്ടുണ്ട്.
റോഡ് നിര്‍മാണത്തിന്റെ ഭാഗമായി ചേറ്റ്കുണ്ടില്‍ രണ്ട് കള്‍വര്‍ട്ടുകള്‍ നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും വെള്ളം ഒഴുകിയെത്താനുളള ഓവുചാലുകളില്ലാത്തതിനാല്‍ കള്‍വര്‍ട്ട് ഉപയോഗശൂന്യമായി തീര്‍ന്നിരിക്കുകയാണ്. മഴപെയ്ത് കഴിഞ്ഞാല്‍ വീട്ടുമുറ്റം മാലിന്യവും ചെളിയും കൊണ്ട് നിറയുകയാണെന്ന് വീട്ടുകാര്‍ പറയുന്നു. വെളളവും ഒഴുകിയെത്തുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും കെട്ടിക്കിടന്ന് കൊതുകശല്യം വര്‍ധിക്കുന്നതായും നാട്ടുകാര്‍ പറയുന്നു. റോഡി ല്‍ അടിയന്തിരമായി ഓടകള്‍ നിര്‍മിച്ച് പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ചേറ്റുകുണ്ട് ആക്ഷന്‍ കമ്മറ്റി കെഎസ്ടിപി എക്സിക്യുട്ടീവ് എന്‍ജിനീയര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
കെഎസ്ടിപി റോഡിലെ തൃക്കണ്ണാട് ഓടയില്ലാത്തതിനാല്‍ റോഡില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് കാല്‍നടയാത്രക്കാര്‍ക്കും ടാക്സിവാഹനങ്ങളുടെ പാര്‍ക്കിങ്ങിനും ദുരിതമാകുന്നതായി നേരത്തെ പരാതിയുണ്ടായിരുന്നു.
ഓടയില്ലാത്തതിനാല്‍ വീട്ടുമുറ്റത്തേക്ക് ഒഴുകിയെത്തിയ മഴവെള്ളം
മഴവെള്ളം കുത്തിയൊലിച്ച് അരിക് തകര്‍ന്ന റോഡ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: