ലില്ലെ: ഫ്രാന്‍സിനെ ഗോള്‍രഹിത സമനിലയില്‍ തളച്ച് സ്വിറ്റ്സര്‍ലന്‍ഡ് യൂറോ 2016ന്റെ നോക്കൗട്ട് റൗണ്ടില്‍ ഇടംപിടിച്ചു. ഫ്രാന്‍സ് നേരത്തെ തന്നെ യോഗ്യത സ്വന്തമാക്കിയിരുന്നു. ഗ്രൂപ്പ് എയില്‍ നിന്ന് ഫ്രാന്‍സ് ചാമ്പ്യന്മാരായും സ്വിറ്റ്സര്‍ലന്‍ഡ് രണ്ടാം സ്ഥാനക്കാരുമായാണ് അവസാന 16-ല്‍ ഇടംപിടിച്ചത്. ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളും പൂര്‍ത്തിയാക്കിയപ്പോള്‍ ഫ്രാന്‍സിന് 7ഉം സ്വിറ്റ്സര്‍ലന്‍ഡിന് അഞ്ചും പോയിന്റുകളാണുള്ളത്. ആദ്യമായാണ് സ്വിറ്റ്സര്‍ലന്‍ഡ് യൂറോ കപ്പില്‍ പ്രീ ക്വാര്‍ട്ടറില്‍ കടക്കുന്നത്.
തുടര്‍ച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ടായിരുന്നു ഫ്രാന്‍സ് സ്വിറ്റ്സര്‍ലന്‍ഡിനെതിരെ ഇറങ്ങിയത്. അല്‍ബേനിയക്കെതിരെ ജയം നേടിയ ടീമില്‍ അഞ്ച് മാറ്റങ്ങള്‍ ദഷാംപ്സ് വരുത്തി. ദിമിത്രി പയറ്റും ഒളിവര്‍ ജിറൗഡും പകരക്കാരുടെ ബഞ്ചിലിരുന്നപ്പോള്‍ പോഗ്ബയും ജിഗ്നാകും ആദ്യ ഇലവനിലെത്തി. പന്തടക്കത്തില്‍ സ്വിറ്റ്സര്‍ലന്‍ഡ് നേരിയ മുന്‍തൂക്കം നേടിയെങ്കിലും ഷോട്ടുകള്‍ പായിക്കുന്നതില്‍ ഫ്രഞ്ച് പോരാളികളാണ് മുന്നിട്ടുനിന്നത്. എന്നാല്‍ കളിയിലുടനീളം ഫ്രാന്‍സ് താരങ്ങള്‍ പായിച്ച 14 ഷോട്ടുകളില്‍ നാലെണ്ണം ലക്ഷ്യത്തിലേക്ക് നീങ്ങിയെങ്കിലും സ്വിസ് ഗോളിയെ മറികടന്ന് വല കുലുക്കാന്‍ കഴിഞ്ഞില്ല.
നിര്‍ഭാഗ്യവും ഗോളി യാന്‍ സോമറിന്റെ ഉജ്ജ്വല പ്രകടനവുമാണ് ഫ്രാന്‍സിന് തിരിച്ചടിയായത്. ഗോളി പരാജയപ്പെട്ടപ്പോള്‍ ക്രോസ്ബാറും സ്വിറ്റ്സര്‍ലന്‍ഡിനെ രക്ഷിച്ചു. അതേസമയം സ്വിറ്റ്സര്‍ലന്‍ഡ് ആറ് ഷോട്ടുകള്‍ പായിച്ചെങ്കിലും ഒരെണ്ണം പോലും ലക്ഷ്യത്തിലേക്ക് നീങ്ങിയില്ല.
കൡ തുടങ്ങി ആദ്യ മിനിറ്റുകളില്‍ തന്നെ പോള്‍ പോഗ്ബയുടെ മൂന്ന് ഷോട്ടുകളാണ് വലയില്‍ കയറാതെ പോയത്.
രണ്ടാം മിനിറ്റില്‍ ഗ്രിസ്മാന്റെ പാസില്‍ നിന്ന് പോഗ്ബ പായിച്ച ബുള്ളറ്റ് ഷോട്ട് സ്വിസ് പ്രതിരോധനിര താരം ബ്ലോക്ക് ചെയ്തപ്പോള്‍ 12-ാം മിനിറ്റില്‍ സ്വിസ് ഗോളി ഉജ്ജ്വലമായി രക്ഷപ്പെടുത്തി. തൊട്ടടുത്ത മിനിറ്റില്‍ ബോക്സിനുള്ളില്‍ നിന്ന് ഇടംകാലുകൊണ്ട് പായിച്ച ഷോട്ടിനും സ്വിസ് ഗോളിയെ കീഴടക്കാന്‍ കഴിഞ്ഞില്ല. അഞ്ച് മിനിറ്റിനുശേഷം ബോക്സിന് പുറത്തുനിന്ന് പോഗ്ബ പായിച്ച ഷോട്ട് ക്രോസ്ബാറിലും തട്ടിത്തെറിച്ചതോടെ ഫ്രാന്‍സിന്റെ ദിനമല്ലെന്ന് ഉറപ്പായി.
ആദ്യ പകുതിയില്‍ പ്രതിരോധത്തില്‍ മാത്രം ശ്രദ്ധയൂന്നിയ സ്വിറ്റ്സര്‍ലന്‍ഡ് രണ്ടാം പകുതിയില്‍ ആക്രമിച്ച് കളിച്ചു. ഒപ്പം പ്രത്യാക്രമണങ്ങളുമായി ഫ്രാന്‍സും കളം നിറഞ്ഞു. 53-ാം മിനിറ്റില്‍ ആന്ദ്രെ പിയറിയുടെയും 57-ാം മിനിറ്റില്‍ ഗ്രിസ്മാന്റെ ഷോട്ടും സ്വിസ് ഗോളി വിഫലമാക്കി. 63-ാം മിനിറ്റില്‍ കോമന് പകരക്കാരനായി ഫ്രാന്‍സ് ദിമിത്രി പയറ്റിനെ ഫ്രാന്‍സ് കളത്തിലെത്തിച്ചു. 75-ാം മിനിറ്റില്‍ പയറ്റിന്റെ തകര്‍പ്പന്‍ ഷോട്ട് ക്രോസ്ബാറില്‍ത്തട്ടി മടങ്ങി. അഞ്ച് മിനിറ്റിനുശേഷം പയറ്റിന്റെ മറ്റൊരു ഷോട്ട് ലക്ഷ്യം തെറ്റി.
അവസാന മിനിറ്റുകളിലും ഇരു ടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. ഇതോടെ ഏഴ് പോയിന്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായി ഫ്രാന്‍സ് പ്രീക്വാര്‍ട്ടറിലേക്ക്. രണ്ടാം സ്ഥാനക്കാരായി സ്വിറ്റ്സര്‍ലന്‍ഡും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: