ലക്ഷ്മണന്‍ പോയ തഞ്ചം നോക്കി കപട മുനിവേഷധാരിയായി അവിടെയെത്തിയ രാവണന്‍ സീതയോട് ഭിക്ഷ ചോദിച്ചു. ഫലമൂലങ്ങള്‍ ഭിക്ഷ നല്‍കിയ സീതയോട് അദ്ദേഹം വിനയത്തോടെ ചോദിച്ചു: ‘എന്താണ് ഭവതി ഇവിടെ കാട്ടില്‍ കഴിയുന്നത്? നിന്റെ അച്ഛനാരാണ്? നിനക്ക് ആങ്ങളമാര്‍ ഉണ്ടോ? ഭര്‍ത്താവോ? ഒറ്റയ്‌ക്കിവിടെ കഴിയാന്‍ തക്ക മൂഢയാണോ നീ? ദേവകന്യയെപ്പോലെയുള്ള നീയിവിടെ താപസിയെപ്പോലെ കഴിയുന്നു! കഷ്ടം!’
വലിയൊരു മുനിശ്രേഷ്ഠനായിരിക്കും ആഗതന്‍ എന്ന് കരുതിയ സീത വൃത്താന്തമെല്ലാം പറഞ്ഞു. ‘ദശരഥരാജാവിന്റെ നാല് മക്കളില്‍ മൂത്തവനായ രാമന്റെ ധര്‍മ്മപത്‌നിയാണ് ഞാന്‍. ജനകജയായ എന്നെ വീരനായ രാമന്‍ പാണിഗ്രഹണം ചെയ്തത് ശൈവചാപം കുലച്ചാണ്. അയോദ്ധ്യയില്‍ കൈകേയി അമ്മ പണ്ട് കിട്ടിയ വരം രാജാവില്‍ നിന്നും ഇപ്പോഴാണ് വാങ്ങിയത്. ആ വരദാനമനുസരിച്ച് രാമന് പതിന്നാലുവര്‍ഷം വനവാസമാണ് രാജാവ് വിധിച്ചിട്ടുള്ളത്. ലക്ഷ്മണനും ഞാനും രാമന്റെ കൂടെ വനവാസം ചെയ്യുന്നു.
രാമന്റെ പ്രാഭവം കൊണ്ട് ഭീതിയില്ലാതെ ഞാനീ കാട്ടില്‍ കഴിയുന്നു. ഇപ്പോള്‍ സ്വര്‍ണ്ണമാനിനെ പിടിക്കാനായി എന്റെ കാന്തന്‍ പോയിരിക്കുകയാണ്. രാമന്റെ കരച്ചില്‍ ശബ്ദം കേട്ട് അദ്ദേഹത്തിന്റെ അനുജനും ഇപ്പോള്‍ അദ്ദേഹത്തെ തിരക്കി കാട്ടില്‍ പോയിരിക്കുന്നു. അവര്‍ തിരിച്ചു വന്നാല്‍ അങ്ങേയ്‌ക്കുള്ള അര്‍ഘ്യങ്ങള്‍ വേണ്ടതുപോലെ ചെയ്യും. ഭിക്ഷുവായ അവിടുത്തെ ഞാന്‍ വിഷ്ണുരൂപനായി കണക്കാക്കുന്നു. രാക്ഷസന്മാര്‍ വാഴുന്നയിടമാണല്ലോ ഇത്. സത്യം പറയൂ, അങ്ങാരാണ്?’
രാവണന്‍ പറഞ്ഞു: ഞാന്‍ ലങ്കേശനായ രാവണനാണ്. ഞാന്‍ മണ്ഡോദരിയുടെ കാന്തനുമാണ്. നിനക്ക് വേണ്ടി ഞാനീ മോഹനരൂപത്തില്‍ എത്തിയതാണ്. ഖരദൂഷണന്മാരെ രാമന്‍ വധിച്ച കാര്യം എന്റെ സഹോദരി ശൂര്‍പ്പണഖ പറഞ്ഞു ഞാന്‍ അറിഞ്ഞു. അവളാണ് നിന്നെപ്പറ്റി പറഞ്ഞത്. നീയാ കേവല മനുഷ്യനെ വിട്ടിട്ട് എന്നെ സ്വീകരിച്ചാലും.
നിന്നെ മണ്ഡോദരിക്കും മേലെയുള്ള രാജ്ഞിയാക്കാം ഞാന്‍. നിന്റെ ദാസനാകാം ഞാന്‍. നീ തന്നെ യജമാനത്തി. ദിക്പാലരെ ജയിച്ചിട്ടുള്ള എനിക്ക് നിന്നില്‍ ആഗ്രഹം മുഴുത്തിരിക്കുന്നു. പണ്ട് നിന്റെ പിതാവിനോടു ഞാന്‍ നിന്നെ വേണമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ കല്യാണപ്പന്തയം ശൈവചാപ ഭഞ്ജനമാനെന്ന് മനസ്സിലാക്കി ഞാന്‍ പിന്‍വാങ്ങിയതാണ്. ഇപ്പോള്‍ നീ കാട്ടില്‍ ഉണ്ടെന്നറിഞ്ഞ് പ്രണയപരവശനായി ഞാന്‍ വന്നിരിക്കുന്നു. എന്റെ വിരഹത്തീയണയ്‌ക്കാന്‍ നിനക്കേ കഴിയൂ. എന്റെ യത്‌നം നീ സഫലമാക്കിയാലും.
(തുടരും)
















