പന്മന: ചവറ കെഎംഎംഎല്‍ കവാടത്തില്‍ സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കാത്തത് പ്രദേശവാസികളെ ഭീതിയിലാക്കുന്നു. കമ്പനിയുടെ പ്രധാനകവാടത്തില്‍ പോലും വാഹനങ്ങളില്‍ എത്തുന്നവരെ പരിശോധിക്കുന്നതിന് മതിയായ സംവിധാനമില്ല. കാറുകളും ഇരുചക്രവാഹനങ്ങളും പലരും കമ്പനിക്കുള്ളില്‍ സുരക്ഷിതമായി കൊണ്ടിട്ടാണ് ബസുകളിലും മറ്റും ദൂരസ്ഥലങ്ങളില്‍ പോകുന്നത്. ഇത്തരത്തില്‍ രണ്ടും മൂന്നും ദിവസം വാഹനങ്ങള്‍ കമ്പനിക്കുള്ളില്‍ കിടന്നാല്‍പോലും അന്വേഷണത്തിന് ആരും എത്താറില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
മനുഷ്യന്‍ ശ്വസിച്ചാല്‍ മാരകമാകുന്നതും പ്രദേശത്തിന് നാശം വിതയ്‌ക്കുന്നതുമായ എല്‍പിജി, ക്ലോറിന്‍ ഉള്‍പ്പെടെ പലതരത്തിലുള്ള ആസിഡുകള്‍ പ്ലാന്റിന്റെ പ്രവര്‍ത്തനത്തിനായി ടണ്‍ കണക്കിനാണ് ഇവിടെ സംഭരിച്ചിരിക്കുന്നത്. കമ്പനി പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന ആസിഡ് ചേര്‍ന്ന മലിനജലവും കമ്പനിയില്‍ ടാങ്ക് കെട്ടി സംഭരിച്ചിരിക്കുകയാണ്. ഏതെങ്കിലും വിധത്തില്‍ ഇവയൊക്കെ പൊട്ടുകയോ ചോരുകയോ ചെയ്താല്‍ പ്രദേശം ഒന്നടങ്കം ഇല്ലാതാകുമെന്നാണ് വിലയിരുത്തല്‍.
ജില്ലാകളക്‌ട്രേറ്റില്‍ ബോംബ് സ്‌ഫോടനം നടന്ന പശ്ചാത്തലത്തില്‍ കെഎംഎംഎല്ലിലും സുരക്ഷാസംവിധാനം ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാല്‍ കളക്‌ട്രേറ്റടക്കമുള്ള എല്ലാ പ്രധാനകേന്ദ്രങ്ങളും കാവലില്ലാത്ത ഇടങ്ങളാണെന്നതാണ് ഭീതി സൃഷ്ടിക്കുന്നത്. സിസി ക്യാമറകളടക്കമുള്ളവ സജ്ജീകരിച്ചിട്ടുണ്ടെങ്കിലും ഒന്നും പ്രവര്‍ത്തനക്ഷമമല്ല. അതേസമയം ഇത്തരം സര്‍ക്കാര്‍ ഓഫീസുകളുടെ പരിസരം മാലിന്യപൂരിതവും ഉപയോഗശൂന്യമായ വസ്തുക്കളുടെ സംഭരണകേന്ദ്രവുമായി മാറിയിരിക്കുകയാണ്. ഈ മാലിന്യക്കൂമ്പാരങ്ങളും അക്രമികള്‍ക്ക് മറയാകുന്നുവെന്നാണ് കളക്‌ട്രേറ്റിലെ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് കെഎംഎംഎല്‍ പരിസരത്ത് സുരക്ഷ ശക്തമാക്കണമെന്ന ആവശ്യമുയരുന്നത്.
















