കാസര്‍കോട്: ശക്തമായി പെയ്യുന്ന മഴക്കിടയില്‍ റോഡ് കോണ്‍ക്രീറ്റു ചെയ്തെന്നു വരുത്തിത്തീര്‍ക്കാനുള്ള കരാറുകാരന്റെ ഒപ്പിക്കല്‍ പണി ജില്ലാ കളക്ടറുടെ ഇടപെടലിനെ തുടര്‍ന്നു മുനിസിപ്പല്‍ അധികൃതര്‍ നിറുത്തിവെപ്പിച്ചു.
മുനിസിപ്പാലിറ്റിയിലെ പുതിയ ബസ്സ്റ്റാന്റില് നിന്ന് ആനബാഗിലുവിലേക്കുള്ള ഉള്വഴിയിലാണ് ഇന്നലെ രാവിലെ കോരിച്ചൊരിയുന്ന മഴയത്ത് കരാറുകാരന് കോണ്‍ക്രീറ്റ് പണി തുടങ്ങിയത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട ചിലര്‍ റോഡ് റിപ്പയറിംഗിന്റെ പേരില്‍ നടക്കുന്ന മുനിസിപ്പാലിറ്റിയിലെ പകല്‍ കൊള്ളയെകുറിച്ചു ജില്ലാ കളക്ടറെ അറിയിച്ചു. ജില്ലാ കളക്ടര്‍ ഉടന്‍ മുനിസിപ്പല്‍ സെക്രട്ടറിയുമായി ബന്ധപ്പെട്ടു പണിനിര്ത്തിവെയ്ക്കാന് നിര്‍ദ്ദേശിക്കുകയായിരുന്നു.
എന്നാല്‍ അതിനു ശേഷവും കരാറുകാരന് പണി തുടര്ന്നതെടെ വിവരമറിഞ്ഞു മുനിസിപ്പല്‍ ഓവര്‍സിയര്‍ സരസ്സമ്മയും കളക്ടറേറ്റ് സൂപ്രണ്ടും പണി സ്ഥലത്തെത്തി ജോലി നിറുത്തിവെപ്പിച്ചു. അവധി ദിവസമായ ഇന്നലെ ജോലി ചെയ്യരുതെന്ന് കരാറുകാരനോട് നിര്ദ്ദേശിച്ചിരുന്നതായിരുന്നുവെന്ന് ഓവര്‍സിയര്‍ പറഞ്ഞു. അതേ സമയം മുനിസിപ്പല്‍ എന്‍ജിനീയറുടെ സാന്നിധ്യത്തിലാണ് പണി നടത്തുന്നതെന്നായിരുന്നു പണിക്കാര് അധികൃതരെ അറിയിച്ചതെന്നു പറയുന്നു. ഇത്തരത്തില്‍ ബങ്കരക്കുന്നില്‍ ലക്ഷക്കണക്കിനു രൂപ ചെലവഴിച്ചെന്നു വരുത്തി മഴക്കു നിര്‍മ്മിച്ച റോഡിന്റെ കോണ്‍ക്രീറ്റ് അടുത്തിടെ മഴക്ക് ഒലിച്ചു പോയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: