കുടമാളൂര്‍: ഭാരതത്തിന്‍രെ സമ്പൂര്‍ണ്ണ വികസനത്തെ തുരങ്കം വയ്‌ക്കുന്ന പ്രതിലോമശക്തികള്‍ ഇന്നും രാജ്യത്ത് സജീവമാണെന്ന് രാഷ്‌ട്രീയ സ്വയംസേവകസംഘം കോട്ടയം താലൂക്ക് ബൗദ്ധിക് പ്രമുഖ് കെ.ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഹിന്ദു സാമ്രാജ്യദിനത്തോടനുബന്ധിച്ച് അയ്‌മനം മണ്ഡലത്തിലെ കുടമാളൂരില്‍ നടന്ന ആഘോഷപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപനിഷത്തിന്റെ നാടായ ഭാരതം ലോകത്തിന് മുഴുവന്‍ അറിവ് പകര്‍ന്ന് നല്‍കിയ പാരമ്പര്യമാണുള്ളത്. ഇതിനെ എതിര്‍ത്തുകൊണ്ട് പൗരാണിക വിജ്ഞാനകേന്ദ്രങ്ങളായ നളന്ദയിലെയും തക്ഷശിലയിലെയും ഗ്രന്ഥങ്ങള്‍ ചുട്ടുകരിക്കുകയാണ് വിദേശ ശക്തികള്‍ ചെയ്യുന്നത്. എന്നാല്‍ എത്രശ്രമിച്ചിട്ടും ഇക്കൂട്ടര്‍ക്ക് ഭാരതസംസ്‌ക്കാരത്തിന്റെ വേരറുക്കാന്‍ കഴിഞ്ഞില്ലെന്നും അതിനും പ്രകാശപൂരിതമായി നില്‍ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വയം സേവകരും അനുഭാവികളും അമ്മമാരുമടക്കം നൂറുകണക്കിനാളുകള്‍ ഉത്സവത്തില്‍ പങ്കുചേര്‍ന്നു.
















