ടി.കെ.രാധാകൃഷ്ണന്‍
ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയുടെ പ്രവേശനകവാടങ്ങളെല്ലാം വഴിവാണിഭക്കാര്‍ കൈവശപ്പെടുത്തി. അത്യാഹിത വിഭാഗത്തിലേക്കുള്ള കവാടത്തിന്റെ ഇരുവശത്തും വിവിധ ഉല്‍പ്പന്നങ്ങളുമായി അന്യസംസ്ഥാനക്കാരടക്കം കയ്യേറിയിരിക്കുന്നു. രോഗികള്‍ക്കും സഹായികള്‍ക്കും സുരക്ഷിതമായി നടന്നുപോകാനായി നിര്‍മ്മിച്ചിരിക്കുന്ന നടപ്പാതയിലും ആശുപത്രി കോമ്പൗണ്ടിനുള്ളിലും സാധനങ്ങള്‍ നിരത്തിയിരിക്കുന്നു. ഇതുമൂലം തിരക്കേറിയ റോഡിലേക്ക് ഇറങ്ങിനടക്കുവാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ദിവസവും നിരവധി ആള്‍ക്കാരാണ് ഇത് വഴി സഞ്ചരിക്കുന്നത്. റോഗികളും കൂട്ടിരിപ്പുകാരും രോഗികളെ സന്ദര്‍ശിക്കാന്‍ എത്തുന്ന എല്ലാവരും തന്നെ ഇത് മൂലം കഷ്ടപ്പെടുന്നു. ആശുപത്രിയിലേക്ക് കടക്കുന്ന ഈ ഗേറ്റിന്റെ ഭാഗത്ത് പൊതുവേ വീതികുറവാണ്. ചീറിപ്പാഞ്ഞു വരുന്ന വാഹനങ്ങളുടെ അടിയില്‍പ്പെടാതിരിക്കാന്‍ ജനങ്ങള്‍ ഓടിമാറുകയാണ്. ഈ ഭാഗത്തുതന്നെയാണ് ഒരു ട്രാന്‍സ്‌ഫോര്‍മറും സ്ഥാപിച്ചിരിക്കുന്നത്. ഇതുമൂലം ജനങ്ങള്‍ കൂടുതല്‍ ഭയപ്പാടോടുകൂടിയാണ് ഇത് വഴി യാത്ര ചെയ്യുന്നത്. നാളുകള്‍ക്ക് മുമ്പ് ബസ് സ്റ്റാന്‍ഡ് പരിസരത്ത് കൂടിക്കിടന്ന മാലിന്യം സേവാഭാരതിയുടെ നേതൃത്വത്തില്‍ നീക്കം ചെയ്തിരുന്നു. സേവാഭാരതിയുടെ ആംബുലന്‍സുകള്‍ ഇവിടെ പാര്‍ക്കുചെയ്യുന്നതിനും മാലിന്യം വീണ്ടും അവിടെ ഇടാതിരിക്കാനുമാണ് ഇങ്ങനെ ചെയ്തത്. എന്നാല്‍ പഞ്ചായത്തധികൃതര്‍ ഇടപെട്ട് മണിക്കൂറുകള്‍ക്കകം സ്ഥലം മതില്‍കെട്ടി ആംബുലന്‍സ് ഇടാതിരിക്കാന്‍ നടപടി സ്വീകരിച്ചു. ആശുപത്രി അധികൃതരും ഇക്കാര്യത്തില്‍ കണ്ണടയ്‌ക്കുകയാണ്. റോഡു കയ്യേറി കച്ചവടം നടത്തുന്ന വഴിവാണിഭക്കാരെയും മറ്റും ഉടനടി നീക്കം ചെയ്ത് പൊതുജനങ്ങള്‍ക്ക് ഭീതികൂടാതെ സഞ്ചരിക്കുവാനുള്ള സൗകര്യം ചെയ്തുകൊടുക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
















