പത്തനംതിട്ട: ജീവിതത്തിലെ തിരക്കുകള്‍ക്കിടയിലും കലാലോകത്തെ ഏറെ സ്നേഹിച്ചിരുന്ന ഓമല്ലൂര്‍ ചെല്ലമ്മ വിടപറയുമ്പോള്‍ ഓമല്ലൂരിലെ പുതുതലമുറയ്ക്ക് ചെല്ലമ്മയുടെ അഭിനയ മികവ് കേട്ടു കേഴ്വി മാത്രം.
മലയാള സിനിമയുടെ തറവാട്ടു കാരണവരായിരുന്ന തിക്കുറിശി സുകുമാരന്‍ നായരുടെ ചലച്ചിത്ര ലോകത്തെ ആദ്യ നായികമാരിലൊരാളാണ് ഓമല്ലൂര്‍ ചെല്ലമ്മ. ‘സ്ത്രീ’ എന്ന സിനിമയില്‍ 1950ല്‍ നായികവേഷത്തിലായിരുന്ന ചെല്ലമ്മയുടെ വരവ്. സ്ത്രീയില്‍ കവിയുടെ വേഷത്തിലായിരുന്നു തിക്കുറിശി. രാജനെന്നായിരുന്നു പേര്. കവിത എഴുതുമ്പോള്‍ കൈയില്‍തട്ടി ശല്യമുണ്ടാക്കുന്ന ‘സുഷമ’ എന്ന കഥാപാത്രത്തെയാണ് ചെല്ലമ്മ അവതരിപ്പിച്ചത്. ഉദയാ സ്റ്റുഡിയോയുടെ സെറ്റിനു മുകളില്‍ താഴേക്ക് ആടിപ്പാടി വരുന്നതാണ് ആദ്യരംഗം. ‘മാമക ജീവിത ലതികയില് വിലസും പൊന്മലരെന് മകളെ….’ എന്ന താരാട്ടുപാട്ട് സ്വയം പാടി അഭിനയിക്കുകയായിരുന്നു ചെല്ലമ്മ.
നാടകാഭിനയത്തിലൂടെയാണ് ചെല്ലമ്മ കലാലോകത്ത് എത്തിയത്. നാട്ടിലെ നാടകത്തിലൂടെയായിരുന്നു അഭിനയത്തുടക്കം. ഓമല്ലൂര്‍ വയല്‍വാണിഭത്തിനു സ്ത്രീസമാജക്കാര് അവതരിപ്പിച്ച ‘ബാലഗോപാലനിലെ’ ആദ്യ വേഷം ശ്രദ്ധിക്കപ്പെട്ടു. അന്നത്തെ നാടകം കണ്ടവരെല്ലാം തന്റെ അഭിനയമികവിനെ അഭിനന്ദിച്ചത് ചെല്ലമ്മ പലപ്പോഴും സ്മരിച്ചിട്ടുണ്ട്. പ്രഫഷണല്‍ നാടകരംഗത്തേക്ക് എത്തപ്പെട്ടതും ഇതിലൂടെയാണ്. ഓമല്ലൂര്‍ ചെല്ലമ്മയുടെ അഭിനയമികവറിഞ്ഞ് ചവറയില്‍ നിന്നും കോടമ്പള്ളി ഗോപാലപിള്ളയെന്ന നടനും നാടകസമിതി ഉടമ കോടാകുളങ്ങര വാസുപിള്ളയും തങ്ങളുടെ പുതിയ നാടകത്തിലേക്കു നായികയെത്തേടിയെത്തി. മുതുകുളം രാഘവന്‍പിള്ള രചിച്ച പ്രമദയില് നായിക ലക്ഷ്മിയുടെ വേഷമിട്ടു. മാസത്തില്‍ 25 വേദികളില്‍വരെ പ്രമദ കളിച്ചു. പാലായില്‍ മണര്‍കാട് പാപ്പന്റെ നാടക സമിതിയിലും ഓച്ചിറ പരബ്രഹ്മോദയം നാടകസമിതിയുടെ നാടകത്തിലും നായികയായിരുന്നു.
24 -ാം വയസിലായിരുന്നു വിവാഹം. തുടര്‍ന്ന് റെയില്‍വേയില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറായിരുന്ന ഭര്‍ത്താവ് ഗോപിനാഥന്നായരോടൊപ്പം കോല്ക്കത്തിലേക്ക് പോയതോടെ അഭിനയജീവിതത്തോട് വിടപറയുകായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: