തിരുവല്ല:ജല വിഭവ വകുപ്പുമന്ത്രിയുടെ മണ്ഡലത്തില്‍ പൊതുജനാരോഗ്യത്തെ വെല്ലുവിളിച്ച് പ്രവര്‍ത്തിക്കുന്ന മുനിസിപ്പല്‍ കംഫര്‍ട്ട് സ്റ്റേഷന് വെള്ളം ഇല്ലാത്തതിനെ തുടര്‍ന്ന് അടച്ച് പൂട്ടി.സംസ്ഥാന ജലവിഭവ വകുപ്പിന്റെ കണക്ഷന് തകരാറിലായി ബ്ലോക്കായതിനെ തുടര്‍ന്നാണ് സ്റ്റേഷനിലേക്കുള്ള ജലവിതരണം തടസപ്പെട്ടത്. കെഎസ്ടിപി മരാമത്ത് പണികള്‍ നടക്കുന്നതിനാല്‍ റോഡിന് കുറുകെയുള്ള കണക്ഷന് പുനസ്ഥാപിക്കാന്‍ അനുമതി ലഭിക്കാത്തതുകൊണ്ടാണ് സ്റ്റേഷനിലേക്ക് ജലം എത്താത്തെന്ന് ജലവിഭവ വകുപ്പ് വ്യക്തമാക്കി.സമീപത്തായി നഗരസഭയുടെ കിണര്‍ ഉണ്ടെങ്കിലും അതില്‍ നിന്ന് താല്കാലിക കണക്ഷന് നല്കാന് അധികൃതരും തയ്യാറായില്ല.
വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കംഫര്‍ട്ട് സ്റ്റേഷന് പരാതിയെ തുടര്‍ന്ന് അടച്ച് പൂട്ടാന്‍ മനുഷ്യാവകാശ കമ്മീഷന് നിര്‍ദ്ദേശിച്ചിരുന്നു.മഴക്കാലമായിട്ടും കംഫര്‍ട്ട് സേറ്റേഷനും പരിസരവും ശോചനീയാവസ്ഥ പരിഹരിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ നഗരസഭ അധികൃതരൊ നടത്തിപ്പുകാരനൊ ശ്രമിച്ചില്ല. ശുചീകരണ പ്രവര്‍ത്തനം നടക്കാതെ വീണ്ടും കംഫര്‍ട്ട് സ്റ്റേഷന് പ്രവര്‍ത്തിച്ചു വരുകയായിരുന്നു.നഗരത്തി ഹൃദയത്തില്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് കിഴക്കുവശത്താണ് കംഫര്‍ട്ട് സ്റ്റേഷന് പ്രവര്‍ത്തിക്കുന്നത്. കേന്ദ്രത്തിലെ നിലവിലെ ശൗചാലയം പൊട്ടിപൊളിഞ്ഞും, വൃത്തിഹീനവുമായാണ് കിടന്നിരുന്നത്.സ്ത്രീകള്‍ക്കും, പുരുഷന്മാര്ക്കും പ്രത്യേകം കക്കൂസും, കുളിമുറികളും, മൂത്രപ്പുരകളും നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും അടച്ചുറപ്പില്ലാത്ത വിധത്തില്‍ വൃത്തിഹീനവുമായ നിലയിലാണ്. രണ്ട് വിഭാഗത്തിനുമായി രണ്ട് ഡസനിലധികം ശൗചാലയങ്ങളും അതിന് അനുപാതികമായി മൂത്രപ്പുരകളും, കുളിമുറികളുമുണ്ട്. എന്നാല്‍ കക്കൂസുകള്‍ നിറഞ്ഞ് കവിഞ്ഞും, തറകള്‍ പ്പൊട്ടിപ്പൊളിഞ്ഞും അനാരോഗ്യമായ തരത്തിലായിരുന്നു കംഫര്‍ട്ട് സ്റ്റേഷന്റെ പ്രവര്‍ത്തനം നടന്ന് വന്നിരുന്നത്.
നഗരത്തിലെത്തുന്ന ആളുകള്‍ക്ക് മറ്റു മാര്‍ഗ്ഗമില്ലാതെ ഇവ ഉപയോഗി്ച്ചിരുന്നു. വെളിച്ചവും വൃത്തിയും ഇല്ലാതെ ചിലന്തിവല പാകിയ ശൗചാലയത്തില്‍ അണു നാശിനി ഉപയോഗിച്ചിട്ട് കാലങ്ങള്‍ കഴിഞ്ഞു.പുകവലിയുടെയും മറ്റ് ലഹരി വസ്തുക്കളുടെയും ഉപയോഗവും ഇവിടെ തന്നെയാണ്. സാമൂഹിക വിരുദ്ധന്മാര്ക്കുള്ള ഒളിത്താവളം കൂടിയായി കംഫര്‍ട്ട് സ്റ്റേഷന് ഇടക്കാലത്ത് മാറിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ശൗചാലയം അടിയന്തരമായി വൃത്തിയാക്കി പൊതുജനങ്ങള്‍ക്ക് തുറന്ന് നല്കുവാന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഉത്തരവിറക്കിയത്.എരുമക്കാട് വല്ലന കലാനിലയത്തില്‍ എം.കെ.ബാലന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എതിര് കക്ഷികളായ പത്തനംതിട്ട ജില്ലാ കളക്ടര്‍, ജില്ലാ മെഡിക്കല്ഓഫീസര്, തിരുവല്ല നഗരസഭാ സെക്രട്ടറി എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.വൃത്തിഹീനമായ കംഫര്‍ട്ട് സ്റ്റേഷന് പരിസരത്ത് നിരവധി വഴിയോര കച്ചവടക്കാരും സ്ഥാനം പിടിച്ചിട്ടുണ്ട്.മാലിന്യം നിറഞ്ഞ പരിസരത്ത് നടന്നിരുന്ന കച്ചവടം പൊതുജനങ്ങള്‍ക്ക് ആരോഗ്യ പ്രശ്നത്തിനും ഇടയാക്കും.അടച്ച് പൂട്ടിയ കംഫര്‍ട്ട് സറ്റേഷന് ഉടന്‍ തുറന്നില്ലങ്കില്‍ പ്രതിഷേപരിപാടികള്ക്ക് ഒരുങ്ങുകയാണ് നാട്ടുകാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: