പത്തനംതിട്ട : അന്യ സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്തുനിന്നും പണം കവര്‍ന്ന കേസില്‍ യുവാവ് പിടിയില്‍. റാന്നി അങ്ങാടി പുല്ലൂപ്രം പുത്തേട്ട് വീട്ടില്‍ രാഹുല്‍ സാം(23) നെ ശനിയാഴ്ച്ച തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച്ച ഉച്ചയ്ക്ക് ഒരുമണിയോടെ ആയിരുന്നു സംഭവം. ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പില്‍ നിന്നും ഇരുപത്തി അയ്യായിരം രൂപയാണ് കവര്‍ന്നത്. കവര്‍ച്ചയ്ക്ക് ശേഷം കടക്കാന്‍ ശ്രമിച്ച ഇയാളെ ക്യാമ്പിലുണ്ടായിരുന്ന തൊഴിലാളികള്‍ പിന്തുടര്‍ന്നതോടെ പണത്തിന്റെ ഒരുഭാഗം ഉപേക്ഷിച്ച് രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് എസ്.ഐ വിനോദ്കൃഷ്ണയുടെ നേതൃത്വത്തിലുളള പോലീസ് സംഘം നടത്തിയ തെരച്ചിലില്‍ പ്രദേശത്തെ കെട്ടിടത്തിന് പിന്നില്‍ നിന്നും ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പായിപ്പാട്, റാന്നി മേഖലകളില്‍ നടന്ന സമാനമായ കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുളളതായും പോലീസ് പറഞ്ഞു. മോഷ്ടിച്ച് കിട്ടുന്ന പണം യാത്രകള്‍ക്കും ആര്‍ഭാട ജീവിതത്തിനുമായാണ് ഇയാള്‍ ചെലവഴിച്ചിരുന്നതെന്നും പോലീസ് അറിയിച്ചു. കോടതില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: