പാരിസ്: യൂറോ 2016ലെ രണ്ടാം മത്സരത്തിലും പോര്‍ച്ചുഗല്‍ സമനിലവഴങ്ങി. ആസ്ട്രിയയാണ് ഗ്രൂപ്പ് എഫില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചത്. സൂപ്പര്‍താരവും പോര്‍ച്ചുഗല്‍ നായകനുമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ പെനാല്‍റ്റി കിക്ക് പാഴാക്കുന്നതിനും പാര്‍ക്ക് ഡി പ്രിന്‍സസ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചു.
ആദ്യ മത്സരത്തില്‍ ഐസ്ലന്‍ഡിനോടും സമനില പാലിച്ച പോര്‍ച്ചുഗല്‍ രണ്ട് പോയിന്റുമായി മൂന്നാം സ്ഥാനത്ത്. അടുത്ത മത്സരത്തില്‍ ഹംഗറിയെ കീഴടക്കിയാലേ അവര്‍ക്ക് പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിക്കാനാവൂ. ആസ്ട്രിയ രണ്ട് കളികളില്‍ നിന്ന് ഒരു പോയിന്റുമായി ഗ്രൂപ്പില്‍ ഏറ്റവും പിന്നില്‍. ഐസ്ലന്ഡാണ് അവസാന മത്സരത്തില്‍ ആസ്ട്രിയയുടെ എതിരാളികള്‍. ജൂണ്‍ 22നാണ് ഗ്രൂപ്പിലെ അവസാന പോരാട്ടങ്ങള്‍.
സമനിലയില്‍ കുടുങ്ങിയെങ്കിലും പോര്‍ച്ചുഗല്‍ നായകന് ക്രിസ്റ്റിയാനോ രാജ്യത്തിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്ന താരമായി. 127 മത്സരങ്ങള്‍ കളിച്ച ഇതിഹാസതാരം ലൂയി ഫിഗോയുടെ റെക്കോര്‍ഡാണ് ക്രിസ്റ്റിയാനോ ഇന്നലെ മറികടന്നത്.
പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും ആസ്ട്രിയയേക്കാള് ഏറെ മുന്നിട്ടുനിന്ന പോര്‍ച്ചുഗല്‍ കനത്ത ആക്രമണമാണ് തുടക്കം മുതല്‍ നടത്തിയത്. എന്നാല്‍ നാനിയേയും ക്രിസ്റ്റിയാനോയെും അഴിച്ചുവിട്ട് ആക്രമണം നടത്തിയ പോര്‍ച്ചുഗലിന് ഫിനിഷിങില്‍ പിഴച്ചതാണ് തിരിച്ചടിയായത്. കളി തുടങ്ങി ആദ്യ മിനിറ്റില്‍ തന്നെ കോര്‍ണര്‍ ലഭിച്ചു. തുടര്‍ന്നങ്ങോട്ട് മുന്നേറ്റങ്ങളുടെ പെരുമഴ. എന്നാല്‍ പോസ്റ്റിന് മുന്നില്‍ നിലയുറപ്പിച്ച ഓസ്ട്രിയന്‍ ഗോളി റോബര്‍ട്ട് അല്മെറിന് മുന്നില്‍ ആക്രമണങ്ങളെല്ലാം അവസാനിച്ചു.
29-ാം മിനിറ്റില്‍ നാനിയുടെ വെടിച്ചില്ല് കണക്കെയുള്ള ഹെഡ്ഡര്‍ ഓസ്ട്രിയന്‍ വല ലക്ഷ്യമാക്കി പറന്നെങ്കിലും ചോരാത്ത കൈകളുമായി നിലയുറപ്പിച്ച അല്മെറിനെ കീഴടക്കാന്‍ കഴിഞ്ഞില്ല. പിന്നീട് കണ്ടത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഓസ്ട്രിയന്‍ ഗോള്‍മുഖത്തേക്ക് ആഞ്ഞടിക്കുന്നതാണ്. പക്ഷേ എണ്ണംപറഞ്ഞ ആ ആക്രമണങ്ങള്‍ക്കൊന്നും എതിരാളിയുടെ ഗോള്‍വല കുലുക്കാനായില്ല.
രണ്ടാം പകുതിയിലും ക്രിസ്റ്റിയാനോയും സംഘവും ആസ്ട്രിയന്‍ ഗോള്‍മുഖത്തേക്ക് ഇരച്ചുകയറുകയായിരുന്നു. 49-ാം മിനിറ്റില്‍ ക്രിസ്റ്റിയാനോയുടെ ഫ്രീകിക്ക് ആസ്ട്രിയന്‍ പ്രതിരോധമതിലില്‍ത്തട്ടി തെറിച്ചു. അഞ്ച് മിനിറ്റിനുള്ളില്‍ പായിച്ച ഇടംകാലന്‍ ഷോട്ടിനും ലക്ഷ്യം പിഴച്ചു. 64-ാം മിനിറ്റില്‍ രണ്ടാം ഫ്രീ കിക്കും പോര്‍ച്ചുഗലിന്റെ സൂപ്പര്‍ താരത്തെ തേടിയെത്തി. ആ ശ്രമവും വിജയിച്ചില്ല. നേരിയ വ്യത്യാസത്തില്‍ പുറത്തേക്ക്.
78-ാം മിനിറ്റിലാണ് പോര്‍ച്ചുഗീസ് ആരാധകര്‍ കാത്തിരുന്ന നിമിഷമെത്തിയത്. ഹിന്റര്‍ഗര്‍ ക്രിസ്റ്റിയാനോയെ ഫൗള്‍ ചെയ്തതിന് റഫറി പെനാല്‍റ്റി വിധിക്കുകയായിരുന്നു. എന്നാല്‍ സ്റ്റേഡിയത്തെ നിശബ്ദമാക്കി ക്രിസ്റ്റ്യാനൊയുടെ ഷോട്ട് പോസ്റ്റില്‍ത്തട്ടി തെറിച്ചു. തുടര്‍ന്നും നിരവധി മുന്നേറ്റങ്ങള്‍. എന്നാല്‍ വിജയഗോള്‍ മാത്രം വിട്ടുനിന്നു. 85-ാം മിനിറ്റില്‍ ആസ്ട്രിയന്‍ വല കുലുങ്ങിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. ഇടയ്ക്ക് ചില മുന്നേറ്റങ്ങള്‍ ആസ്ട്രിയയും നടത്തിയെങ്കിലും അവയെല്ലാം പോര്‍ച്ചുഗല്‍ പ്രതിേരാധത്തില്ത്തട്ടി അവസാനിച്ചു. ഗോളെന്നുറച്ച അരഡസനോളം അവസരങ്ങളാണ് ആസ്ട്രിയന്‍ ഗോളി രക്ഷപ്പെടുത്തിയത്.
മറ്റൊരു മത്സരത്തില്‍ ഐസ്ലന്ഡ് ഹംഗറിയോട് സമനില പാലിച്ചു. ഇരുടീമുകളും ഓരോ ഗോളടിച്ചു. സെല്‍ഫ് ഗോളാണ് ഐസ്ലന്ഡിന് ഉറപ്പിച്ച വിജയം നഷ്ടപ്പെടുത്തിയത്. 39-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഗില്ഫ് സിഗുര്ഡ്സണ് ഐസ്ലന്ഡിന് ലീഡ് സമ്മാനിച്ചു. എന്നാല്‍ കളിതീരാന്‍ മൂന്ന് ബാക്കിനില്‍ക്കേ ബിറകിര് മാര്‍ സീവാര്സണ് സ്വന്തം വലയില്‍ പന്തെത്തിച്ചതോടെ ആദ്യ വിജയമെന്ന ഐസ്ലന്ഡ് സ്വപ്നം പൊലിഞ്ഞു. ഗ്രൂപ്പില്‍ രണ്ട് കളികളില്‍ നിന്ന് നാല് പോയിന്റുമായി ഹംഗറി ഒന്നാമത്. രണ്ട് പോയിന്റുള്ള ഐസ്ലന്ഡ് രണ്ടാമത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: