തുളസീദാസ് രചിച്ച രാമചരിതമാനസം അമൂല്യഗ്രന്ഥമാണെന്ന് പ്രസിദ്ധിയാര്‍ജിച്ചപ്പോള്‍ മറ്റ് പണ്ഡിതര്‍ക്ക് അത്രരസിക്കാതെ വന്നു. ഏതുവിധേനയും ഗ്രന്ഥം നശിപ്പിക്കാന്‍ അവര്‍ ശ്രമം നടത്തിക്കൊണ്ടിരുന്നു.
അസൂയ മുഴുത്ത പണ്ഡിതര്‍ ഗ്രന്ഥം മോഷ്ടിക്കാന്‍ രണ്ടു കള്ളന്മാരെ ചട്ടംകെട്ടി. അങ്ങനെ കള്ളന്മാര്‍ ഒരു ദിവസം രാത്രിയില്‍ തുളസീദാസ് താമസിക്കുന്ന കുടിലിന്മുന്നിലെത്തി. അപ്പോള്‍ അവിടെക്കണ്ട കാഴ്ചയില്‍ കള്ളന്മാര്‍ നടുങ്ങിപ്പോയി! തേജോമയരായ രണ്ടു യുവാക്കള്‍, കൈകളില്‍ അമ്പും വില്ലുമേന്തി കുടിലിന് മുന്നില്‍ കാവല്‍ നില്‍ക്കുന്നു!
തുളസീദാസിന്റെ ഭക്തിയിലും സമര്‍പ്പണത്തിലും പ്രീതരായ ശ്രീരാമചന്ദ്രനും ലക്ഷ്മണനുമായിരുന്നു കാവല്‍ നിന്ന ആ രണ്ടു യുവാക്കള്‍. ഭഗവാനെക്കണ്ട കള്ളന്മാരുടെ ദുര്‍ബുദ്ധി നിമിഷനേരംകൊണ്ട് വിട്ടകന്നു. അവര്‍ മോഷണം തന്നെ മറന്ന് രാമകീര്‍ത്തനങ്ങള്‍ ആലപിക്കാന്‍ തുടങ്ങി. ഭഗവാനില്‍ നിന്ന് അനുഗ്രവും വാങ്ങി അവര്‍ തിരിച്ചു.
(തുടരും)
















