വൈക്കം: ആയിരം പൂര്‍ണ്ണചന്ദ്രന്‍മാരെ കണ്ടതിന്റെ സായൂജ്യവുമായി താന്ത്രിക കുലപതി മനയത്താറ്റ് മന ചന്ദ്രശേഖരന്‍ നമ്പൂതിരി ശതാഭിഷേക നിറവിലേക്ക്. ഇന്ന് കടുത്തുരുത്തി ഗൗരിശങ്കര ഓഡിറ്റോറിയത്തിലാണ് ശതാഭിഷേക ചടങ്ങുകള്‍. പുതുമന ദാമേദരന്‍ നമ്പൂതിരിയുടെ ശിഷ്യനും കടുത്തുരുത്തി, തകഴി , കളര്‍കോട് തുടങ്ങിയ മഹാക്ഷേത്രങ്ങളുടെ താന്ത്രികാചാര്യനുമാണ് മനയത്താറ്റ് മന ചന്ദ്രശേഖരന്‍ നമ്പൂതിരി. താന്ത്രികവിദ്യയില്‍ അഗ്രഗണ്യനാണ്. കേരളത്തിലെ ക്ഷേത്രങ്ങളുടെ താന്ത്രികവകാശം പരശുരാമന്‍ 12 കുംടുബങ്ങള്‍ക്ക് നല്‍കിയിരുന്നു. ഇതില്‍ മനയത്താറ്റ് മനയും ഉള്‍പ്പെടും. കേരളത്തിലെ അഞ്ഞുറോളം ക്ഷേത്രങ്ങളുടെ താന്ത്രികവകാശം മനയത്താറ്റ് മനക്ക് സ്വന്തമാണ്.
ഒരു കാലത്ത് മധുരമീനാക്ഷി ക്ഷേത്രത്തിന്റെ തന്ത്രികവകാശം പോലും മനയത്താറ്റ് മനക്കായിരുന്നുവെന്നും പറയപ്പെടുന്നു. ഭാര്യ സാവിത്രി അന്തര്‍ജ്ജനം, മക്കള്‍ നാരായണന്‍ നമ്പൂതിരി, വാസുദേവന്‍ നമ്പൂതിരി, ചന്ദ്രശേഖരന്‍ നമ്പൂതിരി, പ്രഭാവതി. ഇന്ന് രാവിലെ 9 ന് കടയിക്കോല്‍ കൃഷ്ണന്‍ നമ്പൂതിരി ശതാഭിഷേകചടങ്ങുകള്‍ക്ക് ഭദ്രദീപം കൊളുത്തും. വേഴപ്പറമ്പ് കൃഷണന്‍ നമ്പൂതിരി ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്യും. 11 ന് നടക്കുന്ന ‘നിത്യജീവിതത്തില്‍ ഹൈന്ദവ ആചാരങ്ങളുടെ പ്രസക്തി’ എന്ന സെമിനാറില്‍ അക്കീരമണ്‍ കാളിദാസന്‍ ഭട്ടതിരിപ്പാട് മുഖ്യപ്രഭാഷണം നടത്തും. ഉച്ചക്ക് 3.30 ന് നടക്കുന്ന അനുമോദന സമ്മേളനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബൂണല്‍ ചെയര്‍മാന്‍ ജസ്റ്റീസ് റ്റി.ആര്‍ രാമചന്ദ്രന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തും.
















