പി.എസ്. രാധാകൃഷ്ണന്‍
ഏറ്റുമാനൂര്‍: യാത്രക്കാരെ ദുരിതത്തിലാക്കി കെഎസ്ആര്‍ടിസി ഏറ്റുമാനൂര്‍ ബസ്റ്റാന്റിലെ കംഫര്‍ട്ട് സ്‌റ്റേഷന്‍ അടച്ചിട്ടത് പ്രതിഷേധത്തിന് ഇടയാക്കുന്നു. ശുചിമുറികളിലേക്കുള്ള ജലവിതരണവകുപ്പിന്റെ ജലവിതരണം നിലച്ചതാണ് കംഫര്‍ട്ട് സ്റ്റേഷന്‍ അടച്ചിടാന്‍ ഇടയാക്കിയത്. എംസിറോഡ് വികസനത്തിന്റെ ഭാഗമായി കെഎസ്ടിപി റോഡ് വെട്ടിപ്പൈാളിച്ചതുമൂലം ജലവിതരണക്കുഴലുകള്‍ താറുമാറായതിനെ തുടര്‍ന്നാണ് ഇവിടെ ജലവിതരണം തടസ്സപ്പെട്ടത്.
നൂറുകണക്കിന് യാത്രക്കാര്‍ ദിനംപ്രതി വന്നുപോകുന്ന ബസ്സ് സ്റ്റാന്റില്‍ പ്രാഥമിക ആവശ്യത്തിന് സൗകര്യമില്ലാതായതോടെ സ്ത്രീകള്‍ അടക്കമുള്ള യാത്രക്കാര്‍ ദുരിതത്തിലാണ്. വനിതാ ജീവനക്കാര്‍ക്കുപോലും പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ സൗകര്യമില്ലാതെ വിഷമിക്കുകയാണ്. ദീര്‍ഘദൂര ബസ്സുകളില്‍ എത്തുന്ന യാത്രക്കാര്‍ക്കും ഇത് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ഏറ്റുമാനൂര്‍ കഴിഞ്ഞാല്‍ എംസി റോഡില്‍ മുപ്പതോളം കിലോമീറ്റര്‍ അകലെയുളള കൂത്താട്ടുകുളവും, എറണാകുളം റോഡില്‍ 27കിലോമീറ്റര്‍ അകലെയുളള വൈക്കത്തും മാത്രമാണ് ശുചിമുറികളുളളത്. വടക്കുനിന്നും എത്തുന്ന യാത്രക്കാര്‍ക്ക് കോട്ടയെത്തെ ശുചിമുറികളെ ആശ്രയിക്കാമെങ്കിലും നിര്‍മ്മാണം നടക്കുന്ന എംസിറോഡിലൂടെ കോട്ടയത്ത് എത്താന്‍ മണിക്കൂറുകളെടുക്കും.
ജലവിതരണ കുഴലുകള്‍ തകര്‍ന്നിട്ട് ഏതാണ്ട് ഒരുമാസം പിന്നിട്ടു. ശുചിമുറികള്‍ അടച്ചിട്ട് ഏതാണ്ട് ഇരുപത് ദിവസങ്ങള്‍ കഴിഞ്ഞു. പൊതുജനങ്ങള്‍ക്ക് ഇത്രയേറെ ദുരിതം വിതയ്‌ക്കുന്ന സംഭവത്തില്‍ അധികൃതര്‍ പരസ്പരം പഴിചാരി രക്ഷപെടുകയാണ്. റോഡിലെ പൈപ്പുളള ഭാഗത്ത് കുത്തിപ്പൊളിച്ചപ്പോള്‍ തങ്ങളെ കെഎസ്ടിപി അറിയിച്ചില്ലെന്നാണ് വാട്ടര്‍ അതോരിട്ടി അധികൃതര്‍ പറയുന്നത്. ജലവിതരണക്കുഴലുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തേണ്ടത് ജലവിതരണ വകുപ്പാണെന്നും ഇവര്‍ പറയുന്നു. എന്നാല്‍ കുഴലുകള്‍ തകര്‍ത്ത കെഎസ്ടിപിതന്നെ അറ്റകുറ്റപ്പണികള്‍ നടത്തണമെന്ന വാദത്തിലാണ് ജലവിതരണവകുപ്പ്. സര്‍ക്കാരിന്റെ വിവിധ വിഭാഗങ്ങല്‍ തമ്മില്‍ പരസ്പരം കലഹിക്കുമ്പോള്‍ ദുരിതത്തിലാകുന്നത് പൊതുജനമാണ്. ഏറ്റുമാനൂരിനെ ആശ്രയിക്കുന്ന യാത്രക്കാരുടെ ദുരിതത്തിന് പരിഹാരമുണ്ടാക്കാന്‍ ജനപര്തിനിധികള്‍ അടിയന്തിരമായി ഇടപെടണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
















