നൈസ്: യൂറോകപ്പില്‍ ഹാട്രിക്ക് കിരീടം ലക്ഷ്യമിട്ടിറങ്ങിയ സ്‌പെയിന്‍ ആദ്യപടി പിന്നിട്ടു. ഇന്നലെ ഗ്രൂപ്പ് ഡിയില്‍ നടന്ന മത്സരത്തില്‍ തുര്‍ക്കിയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് സ്പാനിഷ് ചെമ്പട പ്രീ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി. ആദ്യ മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്കിനെ പരാജയപ്പെടുത്തിയ സ്പാനിഷ്‌നിരക്ക് രണ്ട് കളികളില്‍ നിന്ന് ആറ് പോയിന്റായി. രണ്ട് മത്സരവും തോറ്റ തുര്‍ക്കി നോക്കൗട്ട് റൗണ്ടില്‍ കടക്കാതെ പുറത്തായി് ആല്‍വാരോ മൊറാട്ട നേടിയ ഇരട്ട ഗോളാണ് തുര്‍ക്കിക്കെതിരെ ചെമ്പടക്ക് മിന്നുന്ന വിജയം സമ്മാനിച്ചത്. നൊളീറ്റോ ഒരു ഗോളും നേടി. ഈ യൂറോ കപ്പിലെ ഏറ്റവും മികച്ച വിജയമാണ് സ്‌പെയിന്‍ ഇന്നലെ സ്വന്തമാക്കിയത്. ഇതോടെ യൂറോയില്‍ അപരാജിതരായി 14 മത്സരം സ്‌പെയിന്‍ പൂര്‍ത്തിയാക്കി. ഒപ്പം ഗോള്‍ വഴങ്ങാതെ കാത്തതിന്റെ റെക്കോര്‍ഡ് 690 മിനിറ്റുമാക്കി.
കഴിഞ്ഞ മത്സരത്തിലെ ടീമില്‍ മാറ്റമില്ലാതെയാണ് വിസെന്റെ ഡെല്‍ ബോസ്‌കെ സ്പാനിഷ് ടീമിനെ കളത്തിലിറക്കിയത്. മൊരാറ്റയും നൊളീറ്റയും നയിച്ച മുന്നേറ്റം കൃത്യമായ ആക്രമണവുമായി മുന്നേറിയപ്പോള്‍ തുര്‍ക്കിയുടെ പ്രതിരോധം ആടിയുലഞ്ഞു. ആദ്യ വിസില്‍ മുതല്‍ അവസാന വിസില്‍ വരെ കളത്തില്‍ സ്‌പെയിന്‍ മാത്രമായിരുന്നു. ചെറിയ പാസുകളിലൂടെയും വിങുകളിലൂടെയും സ്പാനിഷ് ചെമ്പട തിരമാലകണക്കെ തുര്‍ക്കി ഗോള്‍മുഖത്തേക്ക് ഇരമ്പിയാര്‍ത്തു. മധ്യനിരയില്‍ നിറഞ്ഞുകളിച്ച പ്ലേ മേക്കര്‍ ആന്ദ്രേ ഇനിയേസ്റ്റക്കൊപ്പം ഡേവിഡ് സില്‍വ, സെസ്‌ക് ഫാബ്രിഗാസ് എന്നിവരും വിങുകളില്‍ ജോഡി ആല്‍ബയും യുവാന്‍ ഫ്രാനും ചേര്‍ന്ന് മനോഹരമായ കളിയാണ് കാഴ്ചവെച്ചത്.
കളി തുടങ്ങി ആദ്യ മിനിറ്റില്‍ തന്നെ സ്പാനിഷ് താരം സെര്‍ജിയൊ റാമോസ്, ബുരാഖ് യില്‍മാസിനെ ഫൗള്‍ ചെയ്തതിന് മഞ്ഞക്കാര്‍ഡ് വാങ്ങിച്ചു. തുടര്‍ന്ന് സ്പാനിഷ് ടീം ആദ്യ ഗോളിനായി നിരന്തര ശ്രമം നടത്തി. പിക്വെയുടെ ഹെഡ്ഡറും ഇനിയെസ്റ്റയുടെ വലങ്കാല്‍ ഷോട്ടുമെല്ലാം ലക്ഷ്യം കാണാതെ പുറത്ത് പോയി. അതിനിടയില്‍ ലഭിച്ച ഫ്രീ കിക്ക് തുര്‍ക്കിയും കളഞ്ഞ് കുളിച്ചു. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 34-ാം മിനിറ്റില്‍ ആരാധകര്‍ കാത്തിരുന്ന ഗോള്‍ പിറന്നു. നൊളീറ്റോയുടെ അളന്നുമുറിച്ച ക്രോസിന് തലവെച്ച മൊറാട്ടക്ക് പിഴച്ചില്ല. പന്ത് കൃത്യമായി വലയില്‍.
മൂന്നു മിനിറ്റിനകം ചെമ്പട രണ്ടാമതും തുര്‍ക്കി വല കുലുക്കി. തുര്‍ക്കി പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത നൊളീറ്റോയായിരുന്നു ലക്ഷ്യം കണ്ടത്. ഫാബ്രിഗാസ് ഉയര്‍ത്തി അടിച്ച പന്ത് ഹെഡ്ഡ് ചെയ്ത് തുര്‍ക്കി ഡിഫന്‍ഡര്‍ മെഹ്മത് ടൊപാല്‍ ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. ബോക്‌സിന് തൊട്ടുമുന്നിലുണ്ടായിരുന്ന നൊളിറ്റൊ അവസരം മുതലാക്കി. വലങ്കാല് കൊണ്ട് വലയിലേക്ക് കോരിയിടേണ്ട ജോലിയേ നൊളിറ്റോക്കുണ്ടായിരുന്നുള്ളു. ഇതോടെ ആദ്യപകുതിയില്‍ സ്‌പെയിന്‍ 2-0ന് മുന്നില്‍.
രണ്ടാം പകുതിയില്‍ തുര്‍ക്കി കുറച്ചുകൂടി മെച്ചപ്പെട്ട പ്രകടനം നടത്തി. അവര്‍ ഗോള്‍ തിരിച്ചടിക്കാന്‍ ശ്രമിക്കുന്നതിനിടെ സ്‌പെയിന്‍ മൂന്നാം ഗോളും കണ്ടെത്തി. ആന്ദ്രെ ഇനിയേസ്റ്റയും ജോര്‍ഡി ആല്‍ബെയും ആല്‍വാരൊ മൊറാട്ടയും ചേര്‍ന്നുള്ള ടീം ഗെയിമിന് ശേഷമാണ് മൂന്നാം ഗോള്‍ പിറന്നത്. ഇനിയേസ്റ്റയില്‍ നിന്ന് പാസ്സ് സ്വീകരിച്ച ആല്‍ബ അത് മൊരാട്ടക്ക് നല്‍കി. വലതു വിങ്ങില്‍ നിന്ന് കുതിച്ചെത്തിയ മൊറാട്ട പന്ത് ലക്ഷ്യം തെറ്റാതെ വലയിലെത്തിച്ചു. തുടര്‍ന്നും നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ലീഡ് ഉയര്‍ത്താന്‍ സ്‌പെയിനിനും ആശ്വാസഗോള്‍ നേടാന്‍ തുര്‍ക്കിക്കും കഴിഞ്ഞില്ല.
മറ്റൊരു മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്ക് ക്രൊയേഷ്യയെ സമനിലയില്‍ തളച്ചു. ഇരുടീമുകളും രണ്ട് ഗോളുകള്‍ നേടി. രണ്ട് ഗോളിന് പിന്നിട്ടുനിന്നശേഷമായിരുന്നു ചെക്ക് സമനില പിടിച്ചത്. ചൊവ്വാഴ്ച നടക്കുന്ന ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ക്രൊയേഷ്യയാണ് സ്‌പെയിനിന്റെ എതിരാളികള്‍. ചെക്ക് റിപ്പബ്ലിക്കാണ് തുര്‍ക്കിയുടെ അവസാന എതിരാളികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: