ന്യൂജേഴ്സി: പൊരുതിക്കളിച്ച പെറുവിനെ കീഴടക്കി കൊളംബിയ കോപ്പ അമേരിക്ക ശതാബ്ദി ചാമ്പ്യന്ഷിബപ്പിന്റെ സെമിയില്‍. നിശ്ചിതസമയത്ത് ഇരുടീമുകളും ഗോളടിക്കാതെ സമനിലയിലായതോടെ ഷൂട്ടൗട്ടിലായിരുന്നു കൊളംബിയന്‍ വിജയം. ഷൂട്ടൗട്ടില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് പെറു കൊളംബിയയോട് കീഴടങ്ങിയത്.
12 വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായാണ് കൊളംബിയ കോപ്പ അമേരിക്കയുടെ സെമിയിലേക്ക് യോഗ്യത നേടുന്നത്. ഷൂട്ടൗട്ടില്‍ കൊളംബിയന്‍ ഗോളി ഡേവിഡ് ഒസ്പിനയുടെ മിന്നുന്ന പ്രകടനം അവരെ തുണച്ചു.
ഷൂട്ടൗട്ടില്‍ ആദ്യം കിക്കെടുത്തത് കൊളംബിയന്‍ നായകന് ജെയിംസ് റോഡ്രിഗസ്. റോഡ്രിഗസിന്റെ ഷോട്ട് ലക്ഷ്യം പിഴയ്ക്കാതെ വലയില്‍. പെറുവിനായി ആദ്യ കിക്കെടുത്ത റൂയിഡിയാസും ലക്ഷ്യം കണ്ടു. കൊളംബിയക്കായി രണ്ടാം കിക്കെടുത്ത യുവാന ഗ്വില്ലര്‍മോയും പെറുവിന്റെ റെനാറ്റോ ടാപ്പിയയും ലക്ഷ്യം കണ്ടു. മൂന്നാം കിക്കെടുത്ത കൊളംബിയയുടെ മൗറീഷ്യോ മൊറേന ലക്ഷ്യം കണ്ടപ്പോള്‍ പെറുവിന്റെ മിഗ്വേല്‍ ട്രക്കോയുടെ ഷോട്ട് കൊളംബിയന്‍ ഗോളി ഉജ്ജ്വലമായി രക്ഷപ്പെടുത്തി.
തുടര്‍ന്ന് സെബാസ്റ്റിയന് പെരസ് കൊളംബിയക്കായി ലക്ഷ്യം കണ്ടപ്പോള്‍ പെറുവിന്റെ ക്രിസ്റ്റിയന്‍ ക്വയേവയുടെ ഷോട്ട് ക്രോസ്ബാറിന് മുകളിലൂടെ പറന്നു. ഇതോടെ കൊളംബിയ സെമിയിലേക്ക് നടന്നുകയറിയപ്പോള്‍ പെറു കണ്ണീരോടെ പുറത്തേക്കും. ചിലി-മെക്സിക്കോ മത്സരത്തിലെ വിജയികളുമായാണ് കൊളംബിയ സെമിയില്‍ ഏറ്റുമുട്ടുക.
പെറുവിനെതിരായ മത്സരത്തില്‍ നേരിയ മുന്‍തുക്കം കൊളംബിയക്കായിരുന്നു. പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും അവര്‍ മുന്നിട്ടുനിന്നു. കളിയിലുടനീളം കൊളംബിയന്‍ താരങ്ങള്‍ തുറന്നെടുത്തത് 9 അവസരങ്ങള്‍. എന്നാല്‍ ഒരിക്കല്‍ മാത്രമാണ് പോസ്റ്റിലേക്ക് ലക്ഷ്യം വെക്കാന്‍ കഴിഞ്ഞത്. അതിന് പെറു ഗോളിയെ കീഴടക്കാനും കഴിഞ്ഞില്ല.
മറുവശത്ത് പെറു ആകെ പായിച്ചത് നാല് ഷോട്ടുകള്‍. ഇരുടീമുകളും പ്രതിരോധത്തിന് ഊന്നല്‍ നല്‍കുക കൂടി ചെയ്തതോടെ കളി പലപ്പോഴും പരുക്കനായി മാറുകയും ചെയ്തു. ഇതോടെ നിശ്ചിത സമയത്ത് ഇരുടീമുകള്‍ക്കും ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് കളി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: